കൊച്ചി: ബിനീഷ് കോടിയേരിയും സംഘവും കള്ളപ്പണം വെളുപ്പിച്ചത് തിരുവനന്തപുരം യുഎഇ കോൺസുലേറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന യുഎഎഫ്എക്‌സ് സൊല്യൂഷൻസിന്റെ മറവിൽ എന്ന് കണ്ടെത്തൽ. സ്വർണക്കടത്ത്, ലഹരിക്കേസ് പ്രതികൾ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം ഈ സ്ഥാപനം വഴി വെളുപ്പിച്ചെടുത്തുവെന്നാണ് വിലയിരുത്തൽ.

വിദേശപണമിടപാടു സ്ഥാപനമായ യുഎഎഫ്എക്‌സ് സൊല്യൂഷൻസിന്റെ മാനേജിങ് പാർട്‌നർമാരായ അബ്ദുൽ ലത്തീഫ്, അരുൺ വർഗീസ് എന്നിവരെ ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകൾ വിശദമായി ചോദ്യം ചെയ്യും. ഇവരുടെ തിരുവനന്തപുരത്തെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ബെംഗളൂരു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി ഇവർ നടത്തിയ പണമിടപാടുകളുടെ തെളിവുകൾ കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

യുഎഎഫ്എക്‌സിനു കോൺസുലേറ്റിലെ കരാർ ജോലി ലഭിക്കാൻ ഇടപെട്ടത് ബിനീഷാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു യുഎഇയിലേക്കു പോകുന്നവരുടെ വീസ സ്റ്റാംപിങ് ഫീസ് പിരിച്ചു കോൺസുലേറ്റിനു നൽകാനുള്ള ചുമതല യുഎഎഫ്എക്‌സിനായിരുന്നു. സ്വപ്‌നാ സുരേഷിനെ സ്വാധീനിച്ചാണ് ഇത് സാധിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകൻ എന്ന പരിഗണന ഇതിന് വേണ്ടി സമർത്ഥമായി ഉപയോഗിച്ചു.

വഴിവിട്ട കമ്മിഷൻ ഇടപാടുകളിലൂടെ സ്വപ്ന സുരേഷ്, കോൺസുലേറ്റിലെ ധനകാര്യവിഭാഗം മേധാവി ഖാലിദ് അലി ഷൗക്രി എന്നിവർ സമ്പാദിച്ച കള്ളപ്പണം വിദേശ കറൻസിയാക്കാൻ സഹായിച്ച യുഎഎഫ്എക്‌സിലെ ഉദ്യോഗസ്ഥൻ പ്രവീണിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ തുണിക്കടയുടെ മറവിലാണു വൻതുകയ്ക്കുള്ള വിദേശ കറൻസി ഇടപാടുകൾ പ്രവീണിന്റെ സഹായത്തോടെ അബ്ദുൽ ലത്തീഫ് നടത്തിയിരുന്നത്.

ഖാലിദ് അലി ഷൗക്രിയും വഴിവിട്ട ഇടപാടുകളിലൂടെ ലഭിച്ച ഇന്ത്യ രൂപ യുഎസ് ഡോളറാക്കി മാറ്റാൻ പ്രവീണിന്റെ സഹായം തേടിയിരുന്നു. ഇക്കാര്യം പ്രവീൺ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കോൺസുലേറ്റിന് തൊട്ടടുത്തായിരുന്നു ഈ സ്ഥാപനം. വീസ സ്റ്റാംപിങ് ഇനത്തിൽ മാസം 6 മുതൽ 10 ലക്ഷം രൂപയുടെ ഇടപാടാണു കോൺസുലേറ്റുമായി നിയമപ്രകാരം യുഎഎഫ്എക്‌സിനു ചെയ്യേണ്ടിയിരുന്നത്. എന്നാൽ കോടികളുടെ വിദേശ പണമിടപാടുകൾ ഇവർ നടത്തിയതായി കേന്ദ്ര ഏജൻസികൾ കണ്ടെത്തി.

കോൺസുലേറ്റിന്റെ കരാർ ലഭിക്കാൻ ഇവർ 1.44 കോടി രൂപ ഖാലിദിനു കമ്മിഷൻ നൽകി. അതിൽ നിന്ന് 24.50 ലക്ഷം രൂപ സ്വപ്നയ്ക്കു ഖാലിദ് നൽകി. മാസം 10 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ബിസിനസിനു വേണ്ടി യുഎഎഫ്എക്‌സ് 1.44 കോടി രൂപ കമ്മിഷൻ നൽകിയെന്ന സ്വപ്നയടക്കമുള്ളവരുടെ മൊഴികളാണു അന്വേഷണത്തിൽ നിർണ്ണായകമായത്.

ബിനീഷിന്റെ പങ്കാളിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം കേശവദാസപുരം കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫിന്റെ കവടിയാറിലെ വീട്ടിലും കേശവദാസപുരത്തെ ഷോറൂമിലും നടത്തിയ പരിശോധനയിൽ രേഖകൾ കണ്ടെടുത്തിരുന്നു. സ്വപ്ന സുരേഷുമായി അബ്ദുൾ ലത്തീഫിന് അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. പ്രളയത്തിൽ തകർന്ന 150 വീടുകളുടെ നിർമ്മാണ കരാർ കിട്ടിയത് അബ്ദുൾ ലത്തീഫിനാണ്. ഇതിൽ സ്വപ്നയ്ക്ക് 50 ലക്ഷത്തിലധികം രൂപ കമ്മിഷൻ നൽകിയെന്ന് കണ്ടെത്തിയിരുന്നു. മരുന്നുകളുടെ മൊത്തക്കച്ചവട വ്യാപാരിയായ ടോറസ് റമഡീസ് എന്ന കമ്പനിയുടെ ഉടമ ആനന്ദ് പത്മനാഭന്റെ വീട്ടിലും ഇ.ഡി. പരിശോധന നടത്തി.

തിരുവനന്തപുരം ശംഖുമുഖം ബീച്ചിനു സമീപമുള്ള ഓൾഡ് കോഫി ഹൗസ് ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തോടെ ആനന്ദ് പത്മനാഭൻ നടത്തിയതിന്റെ തെളിവുകൾ ലഭിച്ചു. 15 ലക്ഷം രൂപ ബിനീഷ് ഇവിടെ മുടക്കിയതായും കണ്ടെത്തി. കെ.കെ.റോക്സ് എന്ന കരിങ്കല്ല് ക്വാറി കമ്പനികളുടെ പട്ടം ശാഖയിലും റെയ്ഡ് നടന്നു. വിഴിഞ്ഞം പദ്ധതിക്കുൾപ്പെടെ കരിങ്കല്ല് വിതരണത്തിന് കെ.കെ. റോക്ക്സിന് കരാർ ലഭിച്ചിരുന്നു. കെ.കെ. റോക്സ് ഉടമ അരുൺ വർഗീസിന്റെ മൊഴി രേഖപ്പെടുത്തി. ബിനീഷിന്റെ അടുത്ത പങ്കാളിയെന്ന് സംശയിക്കുന്ന നെടുമങ്ങാട് സ്വദേശി അൽജസാം അബ്ദുൾ ജാഫറിന്റെ വീട്ടിലും ഇ.ഡി. സംഘം പരിശോധന നടത്തി.

ബീനീഷിന്റെ സുഹൃത്തും കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ മുൻഭാരവാഹിയായിരുന്നു മുഹമ്മദ് അനസിന്റെ തലശേരിയിലെ വീട്ടിലും റെയ്ഡ് നടത്തി. അനസ് സ്ഥലത്തില്ലാത്തതിനാൽ അഭിഭാഷകൻ വീട്ടിലെത്തിയെങ്കിലും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. തുടർന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ച് അഭിഭാഷകൻ മടങ്ങി. തലശേരിയിലെ ചില ക്രിക്കറ്റ് ക്ലബുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തെ ത്തുടർന്നാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധമുള്ളവരെ തേടി ഇ.ഡിയെത്തിയത്. ബിനീഷ് കോടിയേരിയുമായുള്ള ബന്ധത്തെ തുടർന്ന് അനസിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.