ലഖ്നൗ: യുപിയിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ഹാപുർ ജില്ലയിലെ വ്യവസായിക മേഖലയിലെ കെമിക്കൽ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിക്കകത്ത് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അകത്തുള്ളവരെ പുറത്തെത്തിക്കാനും തീയണക്കാനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ബൊയിലറിലുണ്ടായ തീ പിടിത്തമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു. അതേസമയം ആറ് പേർ അപകടത്തിൽ കൊല്ലപ്പെട്ടതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.


ഏകദേശം ഒരു മണിക്കൂർ മുൻപാണ് അപകടം ഉണ്ടായത്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന മേഖലയാണ് ഇത്. നൂറിലേറെ പേർ ഫാക്ടറിയിൽ ജോലി ചെയ്യുന്ന സമയത്താണ് അപകടം നടന്നത്. എട്ട് പേർ മരിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കാനായിട്ടില്ല. 20 ഓളം പേരെ പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്.