കാസർകോട് കിഴുർ അഴിമുഖത്ത് മീൻപിടുത്ത തോണി തിരമാലയിൽപ്പെട്ട് തകർന്ന് മൂന്ന് പേരെ കാണാതായി. നാലു പേർ രക്ഷപ്പെട്ടു. ഞായറാഴ്ച പുലർചെ 6 മണിയോടെയാണ് ദുരന്തം ഉണ്ടയത്. കസബ കടപ്പുറത്ത് നിന്നു മീൻപിടുത്തത്തിന് പോയ ശശിയുടെ മകൻ സന്ദീപ് (33), അമ്പാടിയുടെ മകൻ രതീശൻ (30), ഷൺമുഖന്റ മകൻ കാർത്തിക്ക് (29) എന്നിവരെയാണ് കടലിൽ കാണാതായിരിക്കുന്നത്.

സോമന്റെ മകൻ രവി (40), ലക്ഷ്മണന്റെ മകൻ ഷിബിൻ (30), ഭാസ്‌ക്കരന്റെ മകൻ മണികുട്ടൻ (35), വസന്തന്റെ മകൻ ശശി (30) എന്നിവർ പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടു. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഫൈബർ തോണി ശക്തമായ തിരമാലയിൽപ്പെട്ട് തകരുകയായിരുന്നു. ഭാഗീകമായി തകർന്ന നിലയിൽ തോണി കരയ്ക്കടിഞ്ഞിട്ടുണ്ട്. കാണാതായ മൂന്ന് പേർക്ക് വേണ്ടി കോസ്റ്റൽ പൊലീസിന്റെ ബോടും മീൻപിടുത്ത തൊഴിലാളികളുടെ വള്ളങ്ങളും തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

ഫിഷറീസ് വകുപ്പിന്റെ ബോട് തൈക്കടപ്പുത്ത് നിന്നും എത്തിച്ചു കാണാത്തവർക്ക് വേണ്ടിയുള്ള തിരുച്ചാൽ ശക്തമാക്കിയിട്ടുണ്ട്.സംഭവമറിഞ്ഞ് കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്ന്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ നേതാക്കളായ ജി നാരായണൻ, ആർ ഗംഗാധരൻ, നഗരസഭാ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം, കൗൺസിലർമാരായ പി രമേശൻ, ഉമ, പ്രവാസി തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. അദ്ദേഹം ശാസ്ത്രീയമല്ലാത്ത രീതിയിലാണ് അഴിമുഖം നിർമ്മിച്ചതെന്ന് പരാതിയും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്