തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഎം ശക്തികേന്ദ്രങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നത് കാലങ്ങളായി നടന്നുവരുന്നതാണ്. മലബാറിൽ ലീഗിന്റെ പൊന്നാപുരം കോട്ടകളിലും ഈ പതിവുണ്ട്. ഇങ്ങനെ ജനവിധിയെ അട്ടിമറിക്കുന്നതിൽ കള്ളവോട്ടുകൾക്ക് വലിയ സ്ഥാനം തന്നെയുണ്ട്. എന്നാൽ, ഇക്കുറി ആ നീക്കം ചെരുക്കാൻ രണ്ടും കൽപ്പിച്ചു തന്നെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നീക്കം. അദ്ദേഹം മുൻകൈയെടുത്ത് രണ്ട് ലക്ഷത്തിലേറെ വ്യാജ വോട്ടർമാരുടെ വിവരങ്ങളും പുറത്തുവിട്ടു. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലാണ് കള്ളവോട്ട് വ്യാപകമായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടർമാരുടെ പട്ടിക കൂടി തിരഞ്ഞെടുപ്പ് കമ്മിഷനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ കൈമാറി. കഴിഞ്ഞ ദിവസങ്ങളിൽ 14 മണ്ഡലങ്ങളിലെ വിവരങ്ങൾ നൽകിയിരുന്നു. ഇതോടെ ആകെ വ്യാജ വോട്ടർമാരുടെ എണ്ണം 2,16,510 ആയി. ബാക്കി മണ്ഡലങ്ങളിൽ ക്രമക്കേടുണ്ടോ എന്ന് യുഡിഎഫ് പ്രവർത്തകർ അന്വേഷണത്തിലാണ്.

ഓരോ മണ്ഡലത്തിലെയും ജനവിധി അട്ടിമറിക്കാൻ സാധിക്കുംവിധമാണ് വ്യാജ വോട്ടർമാരുടെ എണ്ണമെന്ന് രമേശ് പറഞ്ഞു. യഥാർഥ വോട്ടർമാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടുകൾ സൃഷ്ടിക്കുകയാണു ചെയ്തത്. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ല. വ്യാജ വോട്ടിന്റെ വിവരം യഥാർഥ വോട്ടർമാർ അറിഞ്ഞിരിക്കാനിടയില്ല അദ്ദേഹം പറഞ്ഞു.

പൊന്നാനിയിൽ 5589; കുറ്റ്യാടിയിൽ 5478

ഇന്നലെ കൈമാറിയ 51 മണ്ഡലങ്ങളുടെ പട്ടികയിൽ ഓരോ മണ്ഡലത്തിലുമുള്ള വ്യാജ വോട്ടർമാർ. പൊന്നാനി: 5589, കുറ്റ്യാടി: 5478, നിലമ്പൂർ: 5085, തിരുവനന്തപുരം: 4871, വടക്കാഞ്ചേരി: 4862, നാദാപുരം: 4830, തൃപ്പൂണിത്തുറ: 4310, വണ്ടൂർ: 4104, വട്ടിയൂർക്കാവ്: 4029, ഒല്ലൂർ: 3940, ബേപ്പൂർ: 3858, തൃക്കാക്കര: 3835, പേരാമ്പ്ര: 3834, പാലക്കാട്: 3750, നാട്ടിക: 3743, ബാലുശ്ശേരി: 3708, നേമം: 3692, കുന്നമംഗലം: 3661, കായംകുളം: 3504, ആലുവ: 3258, മണലൂർ: 3212, അങ്കമാലി: 3161, തൃത്താല: 3005, കോവളം: 2995, എലത്തൂർ: 2942, മലമ്പുഴ: 2909, മുവാറ്റുപുഴ: 2825, ഗുരുവായൂർ: 2825, കാട്ടാക്കട: 2806, തൃശൂർ: 2725, പാറശാല: 2710, പുതുക്കാട്: 2678, കോഴിക്കോട് നോർത്ത്: 2655, അരുവിക്കര: 2632, അരൂർ: 2573, കൊച്ചി: 2531, കൈപ്പമംഗലം: 2509, കുട്ടനാട്: 2485, കളമശ്ശേരി: 2375, ചിറ്റൂർ: 2368, ഇരിങ്ങാലക്കുട: 2354, ഒറ്റപ്പാലം: 2294, കോഴിക്കോട് സൗത്ത്: 2291, എറണാകുളം : 2238, മണ്ണാർക്കാട്: 2218, ആലപ്പുഴ: 2214, നെടുമങ്ങാട്: 2208, ചെങ്ങന്നൂർ: 2202, കുന്നത്തുനാട്: 2131, പറവൂർ: 2054, വർക്കല: 2005.

വ്യാജവോട്ട് പട്ടികയുണ്ടാക്കും; വോട്ട് ചെയ്യാൻ അനുവദിക്കില്ല: കമ്മീഷൻ

വോട്ടർ പട്ടികയിലെ വ്യാജ വോട്ടർമാരുടെ പേരുകൾ തൽക്കാലം നീക്കേണ്ടതില്ലെന്നും പകരം ഒന്നിലേറെ വോട്ടുള്ളവരെ ഒരു വോട്ടു മാത്രം ചെയ്യാൻ അനുവദിച്ചാൽ മതിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഇരട്ടിപ്പ് ചൂണ്ടിക്കാട്ടാൻ രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും അവസരം നൽകും.

ഇങ്ങനെ ലഭിക്കുന്ന പരാതികളുടെ നിജസ്ഥിതി അറിയാൻ ബൂത്ത് ലെവൽ ഓഫിസർമാരെ നിയോഗിക്കും. ഇവർ വീടുകളിലെത്തി ഏതു ബൂത്തിലാണ് വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും എങ്ങനെയാണ് ഇരട്ടിപ്പ് സംഭവിച്ചതെന്നും അന്വേഷിക്കും. വോട്ടർ തിരഞ്ഞെടുക്കുന്ന ബൂത്തിൽ വോട്ട് ചെയ്യാം. ബാക്കിയെല്ലാം വ്യാജ വോട്ടുകളായി രേഖപ്പെടുത്തുകയും ഈ പട്ടിക പോളിങ് ഉദ്യോഗസ്ഥർക്കു കൈമാറുകയും ചെയ്യും. ഈ പട്ടികയിലെ വോട്ടുകൾ രേഖപ്പെടുത്താൻ അനുവദിക്കില്ല.

കൂടുതൽ ജില്ലകളിൽ പരിശോധന നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മിക്കയിടത്തും വോട്ടേഴ്സ് ലിസ്റ്റിൽ ഒരേ വോട്ടർമാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവർത്തിച്ചിരിക്കുകയാണ്. ചിലതിൽ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.

വ്യാജന്മാർ നുഴഞ്ഞു കയറാൻ കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർപട്ടികയിൽ വ്യാപകമായി 'വ്യാജന്മാർ' കടന്നുകൂടാൻ മുഖ്യകാരണം കണ്ണടച്ച് ആളെ ചേർക്കാനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശം. മുൻപ് വോട്ടു ചേർക്കാനോ സ്ഥലംമാറ്റത്തിനോ അപേക്ഷ ലഭിച്ചാൽ ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) അപേക്ഷകരുടെ വീട്ടിൽ നേരിട്ടെത്തി രേഖകൾ പരിശോധിച്ചിരുന്നു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ വീട്ടിലെത്തിയുള്ള പരിശോധനയ്ക്ക് ഇളവു നൽകി. ഇതാണ് വ്യാജ വോട്ടുകൾ കൂടാൻ ഇടയാക്കിയത്.

ഒരാൾ പലവട്ടം അപേക്ഷിച്ചാൽ കണ്ടെത്തുക ഇതോടെ ബിഎൽഒമാർക്കു ദുഷ്‌കരമായി. കിട്ടിയ അപേക്ഷകൾക്കെല്ലാം കണ്ണടച്ച് അംഗീകാരം നൽകിയതോടെ വോട്ടർമാരുടെ പേരുകൾ രണ്ടും അതിലേറെയും തവണ പട്ടികയിൽ കടന്നുകൂടി. ഇതിനു പിന്നിൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടികളുടെ ബോധപൂർവമായ നീക്കമുണ്ടോ എന്നാണ് ഇനി കണ്ടെത്തേണ്ടത്.

പുതുതായി പേരു ചേർത്തവരുടെയും സ്ഥലംമാറിയവരുടെയും വീട്ടിൽ ബിഎൽഒമാർ നേരിട്ടു വോട്ടർ ഐഡി കാർഡ് എത്തിച്ചപ്പോഴെങ്കിലും ഈ ഇരട്ടിപ്പു കണ്ടെത്തേണ്ടതായിരുന്നു. അതും സംഭവിച്ചില്ല. അതുകൊണ്ടാണ് കള്ളവോട്ടു ലക്ഷ്യമിട്ടാകാം വ്യാജവോട്ട് ചേർക്കൽ എന്ന സംശയം ബലപ്പെടുന്നത്.കഴിഞ്ഞ ജനുവരി 20നു പ്രസിദ്ധീകരിച്ച വോട്ടർപട്ടികയാണു സംസ്ഥാനത്തു നിലവിലുള്ളത്.

ആകെ 2,67,31,509 വോട്ടർമാരാണു പട്ടികയിലുള്ളത്. കരടുപട്ടികയിലെ 2,63,08,087 വോട്ടർമാരിൽനിന്ന് ഇരട്ടിപ്പ്, മരിച്ചവർ തുടങ്ങി 1,56,413 പേരെ ഒഴിവാക്കി. പുതുതായി 5,79,835 പേരെ ഉൾപ്പെടുത്തുകയും ചെയ്തു. ഇത്രയേറെ ആളുകൾ വോട്ടർപട്ടികയിൽ പുതുതായി ഉൾപ്പെടുന്നതു ചരിത്രത്തിലാദ്യമാണ്. ഇരട്ടിച്ചവരെ കണ്ടെത്താൻ കമ്മിഷൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഫലപ്രദമല്ലെന്ന് ഉദ്യോഗസ്ഥർതന്നെ വ്യക്തമാക്കുന്നു. ഈ സോഫ്റ്റ്‌വെയർ കണ്ടെത്തിയ ഇരട്ടിപ്പിന്റെ പട്ടിക ഡിസംബറിൽ കലക്ടർമാർക്കു കൈമാറിയിരുന്നു. ഇതു പരിശോധിച്ചപ്പോൾ ശരിക്കുള്ള ഇരട്ടിപ്പല്ല സോഫ്റ്റ്‌വെയർ കണ്ടെത്തിയതെന്നു മനസ്സിലായി.

തപാൽവോട്ട് അപേക്ഷയേറെ കണ്ണൂരിൽ

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കള്ളവോട്ട് നടക്കുന്നെന്ന് ആക്ഷേപമുള്ള കണ്ണൂർ ജില്ലയിൽ തപാൽവോട്ടിന് 42,214 അപേക്ഷകർ. ഏറ്റവും കൂടുതൽ തപാൽവോട്ട് അപേക്ഷ ലഭിച്ചതും കണ്ണൂരിൽനിന്നു തന്നെയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പുറത്തുവിട്ട കണക്കു വ്യക്തമാക്കുന്നു. ബുധനാഴ്ചയായിരുന്നു തപാൽവോട്ടിന് അപേക്ഷിക്കേണ്ട അവസാന ദിവസം. സംസ്ഥാനത്ത് തപാൽവോട്ടിന് അപേക്ഷിച്ചത് 4.02 ലക്ഷം പേരാണ്. 9.49 ലക്ഷം പേരാണു തപാൽവോട്ടിന് അപേക്ഷിക്കാൻ അർഹർ. 8.87 അപേക്ഷാഫോമുകൾ വിതരണം ചെയ്തു.

തപാൽവോട്ടിന്റെ പേരിൽ വ്യാപകമായി കള്ളവോട്ട് നടക്കാൻ ഇടയുണ്ടെന്നും ഇതു തടയാൻ കർശന നടപടികൾ വേണമെന്നും കോൺഗ്രസും ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. തപാൽവോട്ട് ചെയ്യുമ്പോൾ ക്യാമറ നിരീക്ഷണവും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും കമ്മിഷൻ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ചില രാഷ്ട്രീയകക്ഷികൾക്കു വലിയ സ്വാധീനമുള്ള മേഖലകളിൽ ഉദ്യോഗസ്ഥർ ഭീഷണിക്കു വഴങ്ങി കള്ളവോട്ടിനു കൂട്ടുനിൽക്കുമോ എന്ന ആശങ്കയുണ്ട്.