കൊച്ചി: ഇരട്ടവോട്ട് വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണം. ആവശ്യമായ നടപടി സ്വീകരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദ്ദേശം നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകി ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ ഇടപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയത്. ഒരാൾ വിലാസം മാറി പുതിയ വിലാസത്തിൽ വോട്ടു ചെയ്യുന്നതിന് അപേക്ഷ നൽകുമ്പോൾ പഴയ വിലാസത്തിലുള്ള വോട്ടു തനിയെ ഇല്ലാതായി പോകുന്ന സംവിധാനം ഇല്ലേ എന്നു കോടതി തിരഞ്ഞെടുപ്പു കമ്മിഷനോടു ചോദിച്ചു. ഇക്കാര്യത്തിന്റെ വിശദാംശങ്ങൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുകൾ പോൾ ചെയ്യുന്നതു തടയാൻ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

ഒരാൾ ഒന്നിലധികം വോട്ടുകൾ ചെയ്യുന്നതു തടയുന്നതിനു കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിൽ തുടർ നടപടികളും ഉണ്ടാകുമെന്നും കമ്മിഷൻ കോടതിയിൽ അറിയിച്ചു. അതേസമയം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നാളെ വരെ സമയം അനുവദിക്കണം എന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ ആവശ്യം അംഗീകരിച്ച കോടതി കേസ് നാളെ പരിഗണിക്കുന്നതിനു മാറ്റിവച്ചു.

സംസ്ഥാനത്തെ 131 മണ്ഡലങ്ങളിൽ നാല് ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നും ഇത്തരക്കാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹർജി. 

പ്രശ്‌നം ചൂണ്ടിക്കാട്ടി പലതവണ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നൽകിയിട്ടും ഉചിതമായ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. 

ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് മാറ്റുമ്പോൾ പഴയ പട്ടികയിൽ വോട്ട് തുടരുന്നതാണ് ഇരട്ടവോട്ടുകളിലധികവും. 

സംസ്ഥാനത്ത് 4.36 ലക്ഷം ഇരട്ട വോട്ടും , ഒരു ലക്ഷത്തിലേറെ വ്യാജ വോട്ടുമുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. ഇരട്ട വോട്ട് സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണെന്നാണ് കമ്മിഷന്റെ നിലപാട്. ഇതിൽ മനഃപൂർവ്വമായ ഇടപെടലുണ്ടെന്ന ആരോപണം കമ്മിഷൻ അംഗീകരിച്ചിട്ടില്ല. എന്നാൽ അടിസ്ഥാന വിവരങ്ങൾ സമാഹരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്.

ഇരട്ടവോട്ട് പ്രശ്‌നത്തിൽ കളക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം 30ന് പൂർത്തിയാകും. അതിനു ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകുമെന്നാണ് വിവരം.

വോട്ടർപട്ടികയിലെ അപാകങ്ങൾക്ക് പട്ടികയിൽ പേരുചേർക്കുന്നതിനുള്ള പോർട്ടലിലെ പിഴവും കാരണമായതായി സൂചന. നിലവിൽ വോട്ടർ പട്ടികയിലുള്ളവർക്ക് വീണ്ടും അപേക്ഷിക്കാവുന്ന വിധമാണ് സോഫ്റ്റ് വേർ. ഈവർഷത്തെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾത്തന്നെ ഇക്കാര്യം വെളിപ്പെട്ടതാണെങ്കിലും നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. ഒരുവിഭാഗം ഇരട്ടവോട്ടുകളെങ്കിലും ഇത്തരത്തിൽ വന്നതാകാം.

കേരളത്തിൽ സിഇഒ. കേരള എന്ന വെബ് പോർട്ടലാണ് നേരത്തെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ ഉപയോഗിച്ചിരുന്നത്. പുതിയ അപേക്ഷകരുടെ റിലേഷൻ ഐ.ഡി. (പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ബന്ധുക്കളുടെ വോട്ടർ കാർഡ് നമ്പർ) നൽകിയാലെ ഓൺലൈനായി അപേക്ഷിക്കാൻ കഴിയുമായിരുന്നുള്ളു. റിലേഷൻ ഐ.ഡി. നൽകുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാ വോട്ടർമാരുടെയും വിവരങ്ങൾ സ്‌ക്രീനിൽ തെളിയും. ഇതോടെ അപേക്ഷകൻ നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെടുന്ന ആളാണോയെന്ന് തിരിച്ചറിയാനും കഴിയുമായിരുന്നു. എന്നാൽ, അപേക്ഷ സമർപ്പണം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലിലേക്ക് (എൻ.വി എസ്‌പി.) മാറ്റിയതോടെ റിലേഷൻ ഐ.ഡി. നിർബന്ധമല്ലാതായി.

പോർട്ടലിൽ റിലേഷൻ ഐ.ഡി. ആവശ്യപ്പെടുന്നുണ്ടെങ്കിലും നൽകിയില്ലെങ്കിലും അപേക്ഷ സമർപ്പിക്കാം. 2017 മുതൽ എൻ.വി എസ്‌പി. പോർട്ടൽ ഉപയോഗത്തിലുണ്ടെങ്കിലും കഴിഞ്ഞവർഷമാണ് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഇതിലേക്കുമാറ്റിയത്.

ഇരട്ടവോട്ടിന്റെ മറ്റൊരു കാരണം പുതിയ തിരിച്ചറിയൽ കാർഡിനായുള്ള അപേക്ഷകളാണെന്നും സൂചനയുണ്ട്. തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടവർക്ക് പുതിയ കാർഡിന് അപേക്ഷിക്കാം. ആവശ്യമെങ്കിൽ വോട്ടർ കാർഡിൽ പുതിയ ചിത്രവും ചേർക്കാം. എന്നാൽ, ഇതിനായി ഓൺലൈനായി അപേക്ഷിക്കുമ്പോൾ പുതുതായി പട്ടികയിൽ ചേർക്കാനുള്ള വിവരങ്ങളായിരിക്കും പലപ്പോഴും നൽകുന്നത്. പ്രദേശത്തെ ബി.എൽ.ഒ. ഈ വിവരങ്ങളനുസരിച്ച് വോട്ടെറെ നേരിൽ കാണുമ്പോൾ തങ്ങൾക്ക് നേരത്തെ തിരിച്ചറിയൽ കാർഡുണ്ടായിരുന്ന വിവരം പലരും മറച്ചുവക്കെും.

ഇതോടെ അപേക്ഷകനെ പുതുതായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും. നിലവിലുണ്ടായിരുന്ന പേരിനൊപ്പം പുതുതായുള്ള അപേക്ഷപ്രകാരവും പട്ടികയിൽ ഇടം നേടും. ബി. എൽ.ഒ.മാർ പഴയ വോട്ടർപട്ടിക പരിശോധിച്ച് ഇങ്ങനെയുള്ളവരുടെ അപേക്ഷകൾ റദ്ദാക്കിയാൽ ഇരട്ടവോട്ട് ഒഴിവാക്കപ്പെടും.