കണ്ണൂർ:'കണ്ണൂർ ചാലയിലുള്ള മാതൃഭൂമി ഓഫിസ് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിയിൽ പൊലീസ് അന്വേഷണം തുടങ്ങി. മാതൃഭൂമി തിരുവനന്തപുരം ഓഫീസിലേക്കാണ് ഫോൺ വഴി ഭീഷണിയെത്തിയത്. കണ്ണൂർ ചാല ബൈപ്പാസിലുള്ള മാതൃഭൂമി ഓഫിസും കണ്ണൂർ താവക്കര പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലുള്ള ചാനൽ ഓഫിസും തകർക്കുമെന്നായിരുന്നു ഭീഷണി.

പാർട്ടിക്കെതിരെ നിരന്തരം വാർത്തകൾ കൊടുക്കുന്നതിൽ പ്രതിഷേധിച്ചാണ് ഭീഷണി മുഴക്കുന്നതെന്നും ഫോൺ വിളിച്ചയാൾ പറഞ്ഞു. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് വിളിയെത്തിയതെന്ന സൂചന ലഭിച്ചിട്ടുണ്ട്. എടക്കാട് പൊലീസ് കേസെടുത്തു. വിവരം ലഭിച്ചയുടൻ പൊലീസ് മാതൃഭൂമി ഓഫിസിലെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധനയിൽ പങ്കെടുത്തു.