ലഹോർ: നാട്ടിൽ നിന്നും തിരിച്ചെത്തുമ്പോൾ ബ്രിട്ടനിൽ നിർബന്ധമായും വിധേയയാകേണ്ട ഹോട്ടൽ ക്വാറന്റൈന്റെ 1,750 പൗണ്ട് ലാഭിക്കാൻ ശ്രമിച്ച 26 കാരിക്ക് ദാരുണാന്ത്യം. പാക്കിസ്ഥാൻ സ്വദേശിയായ നിയമ ബിരുദധാരിക്കാണ് ഈ അന്ത്യം സംഭവിച്ചത്. പ്രദേശത്തെ ഒരു ഗുണ്ട ഈ പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പെൺകുട്ടിയുടെ വീട്ടുകാർ അറിയിച്ചു. പടിഞ്ഞാറൻ ലണ്ടനിൽ താമസിക്കുന്ന മേരാ സുൾഫിക്കർ എന്ന 26 കരിയാണ് ലാഹോറിലെതമസസ്ഥലത്ത് വച്ചു കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച്ച അതിരാവിലെയായിരുന്നു സംഭവം നടന്നത്.

ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. നാലുപേരടങ്ങിയ അക്രമി സംഘം വീടിനകത്ത് അതിക്രമിച്ചു കയറി ഇവരെ ആക്രമിക്കുകയായിരുന്നു. ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി രണ്ടു മാസങ്ങൾക്ക് മുൻപാണ് മേരാ തന്റെ അമ്മയുമൊത്ത് ബ്രിട്ടനിൽ നിന്നും പാക്കിസ്ഥാനിലെത്തിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പാക്കിസ്ഥാൻ റെഡ്ലിസ്റ്റിൽ ഉൾപെടുത്തിയതോടെ തിരിച്ചു വരവ് നീട്ടിവയ്ക്കുകയായിരുന്നു.

മേരയ്ക്ക് ബ്രിട്ടനിലേക്കുള്ള ടിക്കറ്റ് എടുത്തിരുന്നെങ്കിലും, ഹോട്ടൽ ക്വാറന്റൈന് വരുന്ന ചെലവ് കാരണം അവർ യാത്ര നീട്ടിവയ്ക്കുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. രണ്ടു മാസം കൂടി കഴിഞ്ഞാൽ പാക്കിസ്ഥാൻ റെഡ്ലിസ്റ്റിൽ നിന്നും നീക്കം ചെയ്യപ്പെടും എന്നായിരുന്നത്രെ അവർ വിശ്വസിച്ചിരുന്നത്.ഹോട്ടൽ ക്വാറന്റൈന് അമിത ചാർജ്ജ് ഈടാക്കുന്നതായും താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അതിന് ചെലവഴിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞിരുന്നു.

ഇതിനിടയിൽ ഇവർ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ സ്ഥലത്തെ ഒരു ഗുണ്ടയ്ക്കെതിരെ ഇവർ മൂന്നു തവണ പരാതി നൽകിയിരുന്നു. സാദ് അമീർ ബട്ട് എന്ന ഗുണ്ട ഇപ്പോൾ അറസ്റ്റിലായിട്ടുണ്ട്. ലാഹോർ പൊലീസുമായി ബന്ധമുള്ള ഒരു ഗുണ്ടാത്തലവൻ മേരയോട് തന്റെ പ്രണയം അറിയിച്ചിരുന്നു.എന്നാൽ, പീഡനശ്രമത്തിന്റെ പേരിൽ ആയാൾക്കെതിരെ പരാതി നൽകിയെങ്കിലും പൊലീസ് നടപടികളൊന്നുമെടുത്തില്ല. തികഞ്ഞ അഴിമതിക്കാരായ ലാഹോർ പൊലീസ് ഇത്തരത്തിൽ പല സ്ത്രീകളുടെയും പരാതികൾ മുക്കിയതായി ആരോപണമുയരുന്നുണ്ട്.

തികഞ്ഞ മതവിശ്വാസിയായ മേര, തന്റെ റമദാൻ വ്രതം ആരംഭിക്കുന്നതിനു മുൻപ് ആഹാരം കഴിച്ച് എഴുന്നേറ്റയുടനെയാൺ! ആക്രമിക്കപ്പെട്ടതെന്നാണ് ഇപ്പോഴത്തെ അനുമാനം. വെടിയൊച്ചയും ഉച്ചത്തിലുള്ള കരച്ചിലും കേട്ടതായി അയൽവാസികൾ പറയുന്നു. പാക്കിസ്ഥാനിൽ എത്തിയ ഉടൻ തന്നെ മേരയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായി വീട്ടുകാർ വെളിപ്പെടുത്തുന്നു. മേരയുടെ പുറകെ രണ്ടുപേർ നടന്നിരുന്നു എന്നും അതിലൊരാളാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

എന്നാൽ, മേരയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു എന്നും. സ്ഥലത്തെ ഒരു ഗുണ്ട മേരയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു എന്നുമാണ് ബന്ധുക്കൾ പറയുന്നത്.