അടൂർ: ജനങ്ങൾ കൂടുതൽ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുന്നതിൽ പ്രകോപിതനായി കൂട്ടാളികളെ ഉപയോഗിച്ച് കേബിൾ മുറിച്ചും മോഷ്ടിച്ചും സ്വകാര്യ കേബിൾ ടിവി നെറ്റ് വർക്ക് ഉടമയുടെ പ്രതികാരം. ബിഎസ്എൻഎൽ കരാറുകാരൻ നൽകിയ പരാതിയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനായ കേബിൾ ടിവി നെറ്റ് വർക്ക് ഉടമയെ തൊടാൻ മടിച്ച് പൊലീസ്. വാദിയും പ്രതിയും സിപിഎമ്മുകാരായതിനാൽ ആരെ ത്ള്ളണം ആരെ കൊള്ളണം എന്ന കൺഫ്യൂഷനിലാണ് പൊലീസ്. പ്രതിക്കെതിരേ സർക്കാർ ഭൂമിയിലെ മരം മുറിച്ചതിന് കല്ലട ഇറിഗേഷൻ പദ്ധതി അധികൃതരും പരാതി നൽകിയിട്ടുണ്ട്.

ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ ജിജി ഫിലിപ്പ്(52), പറക്കോട് അവറുവേലിൽ പുത്തൻവീട്ടിൽ അനൂപ് (18) എന്നിവരാണ് അറസ്റ്റിലായത്. ജിജി ഫിലിപ്പിന്റെ സഹോദരൻ അജി ഫിലിപ്പ് നടത്തുന്ന ഏഴംകുളം സ്‌ക്രീൻ ആൻഡ് സൗണ്ട്‌സ് കേബിൾ നെറ്റ്‌വർക്കിന്റെ ജീവനക്കാരാണ് ഇരുവരും. ഈ കേസിൽ ഒന്നാം പ്രതി അജി ഫിലിപ്പാണ്. ഇയാൾക്ക് കോവിഡ് ആയതിനാൽ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്നാണ് പൊലീസിന്റെ ഭാഷ്യം.

നാലു തവണയാണ് അജിഫിലിപ്പും കൂട്ടാളികളും ചേർന്ന് ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മോഷ്ടിച്ചു കടത്തിയത്. ഏപ്രിൽ 17 ന് തുടങ്ങിയ മോഷണം ജൂൺ 13 വരെ തുടർന്നു. പറക്കോട് ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ച് പരിധിയിൽ ബ്രോഡ് ബാൻഡ് കണക്ഷൻ നൽകുന്നതിന് കരാർ എടുത്തിട്ടുള്ള ഇടത്തിട്ട രാഹുൽ നിവാസിൽ രാഹുൽ കൃഷ്ണൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രിൽ മുതൽ ഏഴംകുളം എക്‌സ്‌ചേഞ്ച് പരിധിയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നത് രാഹുലാണ്. കേബിൾ മോഷ്ടിച്ചും മുറിച്ചും കടത്തിയതിലൂടെ 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി.

അറസ്റ്റിലായ പ്രതികൾ ഇതേ മേഖലയിൽ സ്വകാര്യ കേബിൾ ടിവി നെറ്റ്‌വർക്ക് നൽകുന്ന കമ്പനിയുടെ ജീവനക്കാരാണ്. ഇവർക്കും ബ്രോഡ് ബാൻഡ് കണക്ഷനുണ്ട്. എങ്കിലും ബിഎസ്എൻഎല്ലിനോടാണ് നാട്ടുകാർ താൽപര്യം കാണിക്കുന്നത്. കഴിഞ്ഞ 13 ന് രാത്രി 10 മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള ബിഎസ്എൻഎൽ കേബിളുകൾ സ്വിഫ്റ്റ് കാറിൽ എത്തി മോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേബിളുകൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതികൾ വലിച്ചെറിഞ്ഞ കേബിളും ഇതു കടത്താനുപയോഗിച്ച സ്വിഫ്ട് കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഈ മോഷണത്തിലൂടെ മാത്രം ഉണ്ടായത് എന്നാണ് രാഹുലിന്റെ പരാതി. ഇതിന് മുൻപ് ഏപ്രിൽ17, 18, ജൂൺ ഏഴ് ദിവസങ്ങളിലും സമാന രീതിയിൽ മോഷണം നടന്നുവെന്നും ഇതു വരെ ആകെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു. കേസിൽ മറ്റു പ്രതികൾ ഒളിവിലാണ്. ഇവരിൽ ഒരാൾ എറണാകുളത്തുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചുവെന്നാണ് സൂചന. അടൂരിലെ ഒരു ജനപ്രതിനിധിയുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സിനിമാ ഫീൽഡിലുള്ളയാളാണ് പ്രതികൾക്ക് സംരക്ഷണം നൽകിയിരിക്കുന്നത്. മാധ്യമ പ്രവർത്തകൻ എന്ന ലേബലിൽ മാധ്യമങ്ങളിൽ വാർത്ത വരുന്നത് തടയാനും ഇയാൾ ശ്രമം നടത്തി.

ജനപ്രതിനിധിയുടെ സംരക്ഷണം പ്രതികൾക്ക് ലഭിച്ചെങ്കിലും പരാതിക്കാരനായ രാഹുൽ കൃഷ്ണനും മുഖ്യപ്രതി അജി ഫിലിപ്പും സിപിഎം പ്രവർത്തകരാണ്. നെടുമൺ സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് അജി. ഈ ലേബൽ ഉപയോഗിച്ചാണ് അക്രമം നടത്തിയത്. എന്നാൽ, സിപിഎം ജില്ലാ നേതൃത്വം അജിയെ കൈയൊഴിഞ്ഞു. വാദിയായ രാഹുലിന്റെ കുടുംബം കടുത്ത സിപിഎം പ്രവർത്തകരാണ്. ഇദ്ദേഹത്തിന്റെ പരാതിയിൽ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വം അടൂർ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിലാകുമെന്ന് ഭയന്നാണ് പ്രതികൾ ഒളിവിൽ പോയത്.

ഇതിനിടെയാണ് കെഐപിയുടെ ഭൂമിയിൽ നിന്ന മരം മുറിച്ചതിന് അജി ഫിലിപ്പിനെതിരേ നൽകിയിരുന്ന പരാതിയും പൊങ്ങി വന്നത്. ഏപ്രിൽ 23 ന് കല്ലട പദ്ധതി എൻജിനീയർ നൽകിയ പരാതി സിപിഎം സ്വാധീനം ഉപയോഗിച്ച് പ്രതി പൂഴ്്ത്തി വച്ചിരുന്നു. കേബിൾ മുറിച്ച കേസ് സജീവമായതോടെ മരം മുറിയും പൊലീസ് അന്വേഷിക്കാൻ തുടങ്ങി. ഇന്നലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അജി ഫിലിപ്പിന് കോവിഡ് ആയതിനാൽ അതിന് ശേഷം അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. പൊതുമുതൽ നശീകരണത്തിന് എടുത്ത കേസിൽ പ്രതികൾ റിമാൻഡിലാണ്.