ലഖ്നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങി ബിഎസ്‌പി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്‌പി മേധാവി മായാവതി വ്യക്തമാക്കി.

ഉത്തർപ്രദേശിൽ പ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്‌പിയുമായും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായും സഖ്യമുണ്ടാക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് മായാവതിയുടെ പ്രതികരണം വന്നിരിക്കുന്നത്. കഴിഞ്ഞ തവണ എസ്‌പിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച മായാവതിയുടെ പാർട്ടിക്ക് 18 സീറ്റാണ് ലഭിച്ചത്.

ഉത്തർപ്രദേശിൽ നൂറു സീറ്റിൽ മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. എഐഎംഐഎമ്മുമായി മായാവതി ചർച്ച നടത്തിയെന്നും അടുത്ത മാസം സഖ്യ പ്രഖ്യാപനമുണ്ടാകും എന്നായിരുന്നു വാർത്തകൾ.

അതേസമയം, പഞ്ചാബിൽ അകാലിദളുമായി സഖ്യമുണ്ടാക്കി എന്ന വാർത്തയും മായാവതി നിഷേധിച്ചിട്ടുണ്ട്. പഞ്ചാബിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപനം. എൻഡിഎ സഖ്യത്തിലായിരുന്ന അകാലിദൾ, കഴിഞ്ഞ തെതരഞ്ഞെടുപ്പിൽ ബിജെപിക്ക് നൽകിയ സീറ്റുകൾ ഇത്തവണ ബിഎസ്‌പിക്ക് നൽകുമെന്നായിരുന്നു വാർത്തകൾ.