തിരുവനന്തപുരം: എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ടു സാധാരണരീതിയിലേക്ക് സ്‌കൂളുകൾ മാറുന്ന ഘട്ടത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്‌കൂളുകൾ തുറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കോവിഡ് പൂർണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യം നില നിന്നിരുന്നതിനാലാണ് പകുതി കുട്ടികൾ വരുന്ന തരത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിച്ചത്. ആദ്യ ഘട്ടത്തിലെ പ്രവർത്തനം നിരീക്ഷിച്ച ശേഷം മാത്രമായിരിക്കും സാധാരണരീതിയിലേക്ക് സ്‌കൂളുകൾ മാറുന്നകാര്യം പരിഗണിക്കുക.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രതിരോധശേഷി കുറവാകാൻ സാധ്യതയുള്ളതിനാലും വാക്സിനേഷൻ കിട്ടിയിട്ടില്ലാത്തതിനാലും സാമൂഹ്യ അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, സാനിട്ടൈസ് ചെയ്യുക എന്നീ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒട്ടും തന്നെ വീഴ്ചവരാതെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ പകുതിയോളം സ്‌കൂളുകളിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ആയതിനാൽ ഹോസ്റ്റൽ തുറന്നുപ്രവർത്തിക്കാനുള്ള സാഹചര്യവും
ഒരുക്കേണ്ടതായിട്ടുണ്ട്.

സംസ്ഥാനത്ത് ഏകദേശം 321 സ്‌പെഷ്യൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ എൻജിഒകൾ നടത്തുന്ന സ്‌കൂളുകൾ, ബഡ്സ് സ്‌കൂളുകൾ, ദീനദയാൽ ഡിസേബിൾഡ് റീഹാബിലിറ്റേഷൻ സ്‌കീം (ഡിഡിആ.എസ്) ഗ്രാന്റ് ലഭിക്കുന്ന സ്‌കൂളുകൾ എന്നിവ ഉൾപ്പെടുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.