തിരുവനന്തപുരം: ഭീമ ജൂവലറി ഉടമ ഗോവിന്ദന്റെ തിരുവനന്തപുരത്തെ വസതിയിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി. മുഹമ്മദ് ഇർഫാൻ എന്നയാളാണ് ഗോവയിൽ വെച്ച് പിടിയിലായത്. ഇയാൾ ബീഹാർ സ്വദേശിയാണ്. ഗോവയിൽ ഒരു കോടി രൂപ മോഷ്ടിച്ച കേസിൽ അന്വേഷണം നടത്തവെയാണ് ഇർഫാൻ പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.

ഭീമ ഗോവിന്ദന്റെ വസതിയിലെ മോഷണവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾക്ക് സംസ്ഥാനം കത്തയച്ചിരുന്നു. ഇതേ തുടർന്നാണ് മുഹമ്മദ് ഇർഫാൻ പിടിയിലായ വിവരം ഗോവ പൊലീസ് തിരുവനന്തപുരം മ്യൂസിയം പൊലീസിനെ അറിയിക്കുന്നത്.ഏപ്രിൽ 14ന് പുലർച്ചെയാണ് ജൂവലറി ഉടമ ഗോവിന്ദന്റെ തിരുവനന്തപുരത്തെ വസതിയിൽ കവർച്ച നടന്നത്. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടതതെളിവെടുപ്പിനായി ഇയാളെ തിരുവനന്തപുരത്തു കൊണ്ടുവരും.

ഭീമ ജൂവലറി ഉടമ ഡോ. ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടിൽ ഏപ്രിൽ 14നാണ് മോഷണം നടന്നത്. അതീവ സുരക്ഷാമേഖലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവൽ വളർത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലർച്ചെ ഒന്നരക്കും മൂന്നിനുമിടയിലൂമാണ് സംഭവമെന്നാണ് പൊലീസ് വിശദീകരണം. ബംഗളൂരുവിലേക്ക് പോകാൻ മകൾ തയ്യാറാക്കി വച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. വീടിന് പുറകിലുള്ള കോറിഡോർ വഴിയാണ് കള്ളൻ അകത്ത് കയറിയതെന്നാണ് പൊലീസ് പറയുന്നത്. മോഷ്ടാവിന്റെ ചിത്രങ്ങൾ നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽനിന്നു ലഭിച്ച ഫോട്ടോയാണു പ്രതിയെ കണ്ടെത്താനായി പൊതു ഇടങ്ങളിൽ പരസ്യപ്പെടുത്തിയിരുന്നത്. വലത് തോളിൽ ടാറ്റു പതിച്ചിട്ടുള്ള യുവാവാണു ഫോട്ടോയിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ ഏറ്റവും സുരക്ഷിതമായ വീടുകളിൽ ഒന്നിലാണ് മോഷണം നടന്നത്്. ഈ കള്ളൻ അതിവിദഗ്ധനാകാൻ പല കാരണങ്ങളാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടിയത്. വീടിന്റെ സുരക്ഷ തന്നെയാണ് ഇതിൽ പ്രധാനമായ ഒരു കാര്യം. രാജ്ഭവൻ അടങ്ങുന്ന കവടിയാറിലെ അതിസുരക്ഷാ മേഖലയിലാണ് ഈ വീടിരിക്കുന്നത്. എങ്ങോട്ടു തിരിഞ്ഞാലും സിസിടിവി ക്യാമറകൾ ഉള്ള പ്രദേശം. ഈ വീട്ടിലേക്ക് ഈച്ചക്ക് പോലും പ്രവേശിക്കണമെങ്കിൽ അതിന് അനുമതി വേണമെന്നാണ് പൊതുവേ പറയാറ്. അത്രയ്ക്ക് സുരക്ഷാ സംവിധാനങ്ങൾ ഈ വീട്ടിലുണ്ട്.

ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും, കാവലിന് ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കളും ഉള്ള വീട്ടിൽ നടന്ന മോഷണം പൊലീസിനെയും കുഴപ്പിക്കുന്നതാണ്. എളുപ്പത്തിൽ ആർക്കും ഈ വീടിന്റെ മതിൽ ചാടിക്കടക്കാൻ സാധിക്കില്ല. അത്രയ്ക്ക ഉയരുമുണ്ട് മതിലിന്. ഇത് കൂടാതെയുമുണ്ട് സുരക്ഷക്കായുള്ള സംവിധാനങ്ങൾ. സദാ റോന്തുചുറ്റാൻ സെക്യൂരിറ്റി ജീവനക്കാരുണ്ട്. പോരാത്തതിന് എല്ലാക്കോണിലും സിസി ടി വി സംവിധാനങ്ങലുമുണ്ട്.

കാവലിനായി മൂന്ന് നായ്ക്കളും ഈ വീട്ടിലുണ്ട്. ഗ്രേറ്റ് ഡെയ്ൻ ഉൾപ്പടെയുള്ള നായ്ക്കളുമാണ് ഇവിടെയുള്ളത്. പുറമേ നിന്നും പരിചിതർ അല്ലാത്തവർ എത്തിയാൽ നായ്ക്കൾ ചാടി വീഴും. അങ്ങനെയുള്ള സ്ഥലത്തേക്ക് മോഷ്ടാവ് എത്തിയത് എങ്ങനെയെന്നത് അടക്കം പൊലീസിന് കുഴപ്പിച്ചിരുന്നു.

രണ്ട് തരത്തിലുള്ള നിരീക്ഷണങ്ങളാണ് മോഷണത്തെ കുറിച്ചുണ്ടായത്. സമീപത്തെ ഏതെങ്കിലും വീടിന്റെ മുകളിൽ കയറി ജൂവലറി ഉടമയുടെ വീടിലേക്ക് കടന്നതോ അല്ലെങ്കിൽവീടിനു പിൻവശത്തായി ഉള്ളിലേക്ക് തുറക്കാവുന്ന ഡോർവഴി മോഷ്ടാവ് അകത്തു കടന്നെന്ന വിലയിരുത്തലുമുണ്ട്. ഗോവിന്ദന്റെ മകൾക്ക് ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനായി തയാറാക്കിവച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ബ്രേസ്ലെറ്റും മോതിരവും കമ്മലുമാണ് കവർന്നത്.