ന്യൂഡൽഹി: ബീഹാറിൽ ദേശീയ ​ജനാധിപത്യ സഖ്യവും മഹാസഖ്യവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോൾ ഉപതെരഞ്ഞെടുപ്പുകൾ നടന്ന സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കി ബിജെപി. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കി. മധ്യപ്രദേശിൽ28 സീറ്റുകളിലും ഗുജറാത്തിൽ എട്ടു സീറ്റുകളിലും യുപിയിൽ ഏഴ് മണ്ഡലങ്ങളിലും മണിപ്പൂരിൽ അഞ്ച് സീറ്റുകളിലും ജാർഖണ്ഡ്, കർണാടക, ഒഡീഷ, നാഗാലാൻഡ് എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലും ഛത്തീസ്‌ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ ഓരോ സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മധ്യപ്രദേശിലെ 28 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ ബിജെപി വ്യക്തമായ ലീഡ് നേടി. ഒമ്പതിടങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് നേടാനായത്. 231 അംഗസഭയിൽ 107 അംഗങ്ങളുള്ള ബിജെപിക്ക് എട്ട് സീറ്റുകൾ മാത്രം മതി അധികാരം ഉറപ്പിക്കാൻ. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കമൽനാഥിനെ അധികാരത്തിലേറ്റാൻ വിധിയെഴുതിയതാണ് തിരഞ്ഞെടുപ്പ് നടന്ന 28-ൽ 26 സീറ്റും. ഇതിൽ 22 എംഎൽഎ.മാരുമായാണ് ജ്യോതിരാദിത്യസിന്ധ്യ മറുകണ്ടം ചാടിയത്. പിന്നീട് മൂന്ന്പേർകൂടി ബിജെപി.യിലേക്ക് ചേക്കേറി. ബിജെപിയുടെ രണ്ടും കോൺഗ്രസിന്റെ ഒരു എംഎൽഎയും മരിച്ച ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടന്നു.

ബിജെപി-കോൺഗ്രസ് പോരാട്ടത്തിനറപ്പുറത്തേക്ക് സിന്ധ്യ-കമൽനാഥ് പോരാട്ടമായി മാറിയിരുന്നു മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസിൽ നിന്ന് തനിക്കൊപ്പം വന്ന ഭൂരിപക്ഷം പേരെയും ജയിപ്പിക്കാനായതിലൂടെ കമൽനാഥിന് കനത്ത പ്രഹരം നൽകാനായി സിന്ധ്യക്ക്. ഉപതിരഞ്ഞെടുപ്പിൽ തന്റെ അനുയായികളെ വിജയിപ്പിക്കാനായതിലൂടെ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ സിന്ധ്യയുടെ സ്വാധീനം വർധിക്കും. സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോർ-ചമ്പൽ മേഖലയിലെ ഉപതിരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളിലും മികച്ച പ്രകടനമാണ് ബിജെപിക്കുണ്ടായിട്ടുള്ളത്. എല്ലാ സീറ്റിലും മത്സരിച്ച ബിഎസ്‌പി കോൺഗ്രസിന് തിരിച്ചടിയായി. മറുക്കണ്ടം ചാടിയവരിൽ കുറച്ച് പേരെയെങ്കിലും തോൽപ്പിക്കാനായതിന്റെ ആശ്വസത്തിലാണ് കോൺഗ്രസ്. 87 അംഗങ്ങളുള്ള കോൺഗ്രസിന് നിലവിലുള്ള നാലുസ്വതന്ത്രരും രണ്ട് ബി.എസ്‌പി. അംഗങ്ങളും ഒരു എസ്‌പി. അംഗവും പിന്തുണച്ചാൽപ്പോലും അധികാരത്തിലെത്താൻ 21 സീറ്റിലെങ്കിലും ജയിക്കണമായിരുന്നു. കൂറുമാറി എത്തിയ 12 പേർ നിലവിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാരിൽ മന്ത്രിമാരാണ്. ഇവരിൽ മൂന്ന് പേർ പിന്നിലാണ്. ആറ് മാസകാലവാധി കഴിഞ്ഞതിനെ തുടർന്ന് അടുത്തിടെ രാജിവെച്ച രണ്ടു മന്ത്രിമാരും അവരുടെ മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്.

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരി. എട്ട് സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന 8 മണ്ഡലങ്ങളിലും കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് ബിജെപി സീറ്റുകൾ പിടിച്ചെടുത്തു. ഉത്തർപ്രദേശിൽ ഏഴ് സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ അഞ്ചിടത്ത് ബിജെപി വിജയിച്ചു. രണ്ടിടത്ത് അവർ ലീഡ് നിലനിർത്തി മുന്നേറുന്നു.

മണിപ്പൂരിൽ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു മണ്ഡലങ്ങളിൽ രണ്ടിടത്തു ബിജെപി ജയിച്ചു. രണ്ടിടത്തു ലീഡ് ചെയ്യുകയാണ്. ഒരിടത്തു സ്വതന്ത്രൻ ജയിച്ചു. ഹരിയാനയിലെ ബറോഡ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഇന്ദു രാജ് 10566 വോട്ടുകൾക്ക് ബിജെപിയുടെ യോഗേശ്വർ ദത്തിനെ തോൽപ്പിച്ചു. ഝാർഖണ്ഡിൽ ദുംഖ മണ്ഡലത്തിൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ ബസന്ത് സോറനും ബെർമോ മണ്ഡലത്തിൽ കോൺഗ്രസിന്റെ കുമാർ ജയ്‌മംഗളും വിജയിച്ചു. ഇരുവരും ബിജെപി സ്ഥാനാർത്ഥികളെയാണ് പരാജയപ്പെടുത്തിയത്.

കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന സിറ, രാജരാജേശ്വരി നഗർ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. നാഗാലാൻഡിൽ സൗത്ത് അംഗാമിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എൻഡിപിയും മറ്റൊരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു. ഒഡീഷിൽ രണ്ടു മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്തി ബിജു ജനതാദൾ വിജയക്കൊടി പാറിച്ചു. തെലങ്കാനയിലെ ദുബ്ബക് മണ്ഡലത്തിൽ ടിആർഎസിനെ ബിജെപി പരാജയപ്പെടുത്തി.

തെലങ്കാനയിലെ ടിആർഎസിന്റെ ശക്തികേന്ദ്രമായ ദുബാക്ക മണ്ഡലത്തിൽ ബിജെപി വിജയക്കൊടി നാട്ടിയത് തെലുങ്കാന രാഷ്ട്രസമിതിയെ ഞെട്ടിച്ചിരിക്കുകയാണ്. ആയിരം വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥി മുരുകാനന്ദൻ റാവു ടിആർഎസിന്റെ സൊലീപേട്ട സുജാതയ്‌ക്കെതിരെ വിജയം നേടിയത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെടി രാമ റാവുവിന്റെയും മണ്ഡലത്തോട് ചേർന്നു കിടന്ന മണ്ഡലമാണ് ദുബാക്ക. ടിആർഎസ് എംഎൽഎ രാമലിംഗ റെഡ്ഢിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചന്ദ്രശേഖർ റാവുവിന്റെ മരുമകനും ധനമന്ത്രിയുമായ ഹരീഷ് റാവു ആയിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് ചുമതല.