ആലപ്പുഴ: വോട്ടു വാങ്ങി വിജയിച്ചു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കാതെ തോന്നിയതു പോലെ പ്രവർത്തിക്കുന്നവരാണ് രാഷ്ടീയക്കാരെന്ന് ചിലരെങ്കിലും ഇപ്പോഴും കുറ്റം പറയാറുണ്ട്. എന്നാൽ വിജയിച്ചു മണിക്കൂറുകൾ കഴിയുമ്പോൾ അഹങ്കാരം നിറഞ്ഞ ഭാഷയിൽ വെല്ലുവിളിച്ചു പ്രസംഗിച്ചു വിവാദ നായകനായിരിക്കയാണ് ഒരു സിപിഎം കൗൺസിലർ. ഹരിപ്പാട് നഗരസഭയിൽ വിജയിച്ച സിപിഎം സ്ഥാനാർത്ഥി കൃഷ്ണ കുമാരാണ് പ്രസംഗ വിവാദത്തിൽ ചാടിയത്.

തനിക്ക് വോട്ട് ചെയ്യാത്ത ഭീഷണിപ്പെടുത്തിയും താക്കീതു നൽകിയുമാണ് സി കൃഷ്ണകുമാറിന്റെ പ്രസംഗം. തനിക്ക് വോട്ടു ചെയ്യാത്ത ആരും വരുന്ന അഞ്ച് വർഷകാലം തന്നെ ഒരാവശ്യത്തിനും സമീപിക്കരുതെന്ന പ്രസംഗ വീഡിയോ സൈബർ ഇടത്തിൽ വൈറലായതോടെ കൃഷ്ണകുമാർ കുരുക്കിലായിരിക്കയാണ്. ഈ കമ്മ്യൂണിസ്റ്റുകാരൻ കൊണ്ടുവന്ന പൈപ്പ് ലൈനിലെ വെള്ളം കുടിക്കുമ്പോൾ അത് നന്ദിയോടെ തന്നെ കുടിക്കണം. ആ വെള്ളം തൊണ്ടയിൽ നിന്ന് ഇറങ്ങുമ്പോൾ ഹരേ റാം എന്നതിന് പകരം ഹരേ കൃഷ്ണകുമാർ എന്ന് ഉച്ചരിക്കാൻ പഠിക്കണമെന്നും പ്രസംഗത്തിൽ കൗൺസിലർ പറയുന്നു.

കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ,' ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായി ഞാൻ ഇവിടെ മത്സരിക്കാൻ വരുമ്പോൾ ഈ പ്രദേശത്തെ ഓരോ വീട്ടുകാരും അവരുടെ പുരയിടത്തിൽ നിന്ന് ഒരു കാൽ ഈ റോഡിലേക്ക് വയ്ക്കുമ്പോൾ കൃഷ്ണകുമാറിന്റെ നെഞ്ചത്തല്ല, കൃഷ്ണകുമാർ ഉണ്ടാക്കിയ റോഡിലാണ് കാൽ വയ്ക്കുന്നതെന്ന ചിന്ത ഉണ്ടാകണം. രണ്ടാമത് എനിക്ക് പറയാനുള്ളത് ഈ കമ്മ്യൂണിസ്റ്റുകാരൻ കൊണ്ടുവന്ന പൈപ്പ് ലൈനിലെ വെള്ളം കുടിക്കുമ്പോൾ അത് നന്ദിയോടെ തന്നെ കുടിക്കണം. ആ വെള്ളം തൊണ്ടയിൽ നിന്ന് ഇറങ്ങുമ്പോൾ ഹരേ റാം എന്നതിന് പകരം ഹരേ കൃഷ്ണകുമാർ എന്ന് ഉച്ചരിക്കാൻ പഠിക്കണം.

ഇന്നലെ കുരുത്ത ബിജെപി എന്ന പ്രസ്ഥാനത്തിനുവേണ്ടി രണ്ടു കുടുംബങ്ങൾ പാർട്ടിയെ തള്ളിപ്പറഞ്ഞു. പാർട്ടി അനുഭാവികളായ രണ്ടു കുടുംബങ്ങൾ ഉൾപ്പെടെ ബിജെപിക്ക് വോട്ടു ചെയ്തു. മൂന്നു കുടുംബങ്ങൾ തന്നെ ഒറ്റി. വോട്ട് എണ്ണിയപ്പോൾ ആരൊക്കെയാണ് തനിക്ക് വോട്ട് ചെയ്തത് എന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. കൂടെ നടക്കുന്നവർ വോട്ടു ചെയ്തു എന്ന ധാരണ തനിക്ക് ഇല്ല. തനിക്ക് വോട്ട് ചെയ്യാം എന്ന് പറഞ്ഞവർ വോട്ടിന് തലേദിവസം 4500 രൂപയ്ക്ക് വേണ്ടി തന്നെ ഒറ്റി. എന്നിട്ടും 14 വോട്ടുകൾ മാത്രമാണ് തനിക്ക് നഷ്ട്ടപ്പെട്ടത്. വരുന്ന അഞ്ച് വർഷം ഈ പ്രദേശത്തെ മുഴുവൻ പേരുടേയും കൗൺസിലർ ആയിരിക്കില്ല. അഞ്ചുവർഷം ഒരാവശ്യത്തിന് വേണ്ടിയും വോട്ട് ചെയ്യാത്ത ആരും തന്നെ സമീപിക്കരുത്.

കൃഷ്ണകുമാർ കൊണ്ടുവന്നതല്ലാതെ, ഒരു ഉടയതമ്പുരാനും ഒരു ചുക്കും ഇവിടെ കൊണ്ടുവന്നിട്ടില്ല എന്ന ഓർമ്മ ഓരോ നിമിഷവും ഉണ്ടായിരിക്കണം. 'ജയിച്ചു കഴിഞ്ഞപ്പോൾ അഹങ്കാരത്തിന്റെ മൂർത്തീഭാവം ആയ ഹരിപ്പാട്ടെ സിപിഎം നേതാവ് കൃഷ്ണകുമാർ' എന്ന തലക്കെട്ടിലൂടെയാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്. വീഡിയോയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഒൻപതാം വാർഡിൽ നിന്ന് വിജയിച്ച കൃഷ്ണകുമാർ സിപിഎം ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയാണ്. തനിക്ക് ലഭിച്ച സ്വീകരണ പരിപാടിയിലാണ് ഇയാൾ ഭീഷണി മുഴക്കിയത്.