തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ വടകരയിലെ ബിസിനസ് ബന്ധങ്ങൾ തേടുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ ഊരാളുങ്കൽ ബന്ധവും അന്വേഷിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നേരിട്ടു സിഎം രവീന്ദ്രന് ബന്ധമില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ മുഖേന ബന്ധമുണ്ടെന്ന കണ്ടെത്തലാണ് ഇഡിയുടേത്.

എൺപത് ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തിയന്ത്രം 2018 ൽ സൊസൈറ്റിക്ക് നൽകിയ വാടകയിനത്തിൽ ലക്ഷങ്ങളാണ് കൈപ്പറ്റിയതെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നതായി മനോരമ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞദിവസം സൊസൈറ്റിയിൽ ഇഡി നടത്തിയ വിവരശേഖരണത്തിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ലഭിച്ചത്. നിക്ഷേപമുള്ളവരുടെ പട്ടിക പരിശോധിച്ചെങ്കിലും ഈ ഗണത്തിൽ രവീന്ദ്രന്റെ പേരില്ല. ബന്ധുക്കളുടെ പേരിൽ ഇടപാടുണ്ടോ എന്നതായിരുന്നു അടുത്ത അന്വേഷണം. 2018 ൽ സൊസൈറ്റിക്കായി രവീന്ദ്രന്റെ ഭാര്യയുടെ പേരിൽ പ്രൊക്ലൈനർ വാടകയ്ക്ക് കൈമാറിയതായി രേഖ ലഭിച്ചു.

എൺപത് ലക്ഷത്തിലധികം രൂപയാണ് ഉപകരണത്തിന്റെ വില. പ്രവർത്തിക്കുന്ന ഓരോ മണിക്കൂറിലും രണ്ടായിരത്തി അഞ്ഞൂറെന്ന നിരക്കിൽ വാടക കൈമാറണമെന്നാണ് കരാർ. രണ്ടര വർഷത്തിലധികമായി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയിൽ യന്ത്രം പ്രവർത്തിക്കുന്നു. പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ വാടകയായി ലക്ഷങ്ങൾ എത്തിയിരുന്നതായും ബാങ്ക് രേഖകൾ തെളിയിക്കുന്നു. ഇതിന്റെ മുഴുവൻ തെളിവുകളും ഇഡി ശേഖരിച്ചു.

സിഎം.രവീന്ദ്രന് സൊസൈറ്റിയുമായുള്ള പണമിടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ് ഇഡി കൊച്ചി യൂണിറ്റ് കോഴിക്കോട് സബ് സോണൽ അധികൃതരെ ചുമതലപ്പെടുത്തിയത്. നേരത്തെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളിൽ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കോ ഓഹരിയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു.

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബംഗളൂരു ഇഡി ചോദ്യം ചെയ്ത ബിനീഷ് കോടിയേരിയുടെ മൊഴികളിലും മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ പേര് പുറത്തുവന്നിരുന്നു. ഡിസംബർ നാലിന് രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആവശ്യപ്പെടുമെന്നാണ് സൂചനയുണ്ട്.

രവീന്ദ്രനെയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ. ഇതിന് ശിവശങ്കർ കസ്റ്റംസിന്റെ കസ്റ്റഡിയിൽ തുടരുകയോ എൻഐഎ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങുകയോ ആണ് വഴികൾ. സ്വർണ്ണ കടത്ത് കേസിൽ ശിവശങ്കറിനെ എൻഐഎ പ്രതിയാക്കും. ഇതിനൊപ്പം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ വൈകാനാകില്ലെന്ന നിലപാടും കേന്ദ്ര ഏജൻസികൾ എടുത്തു കഴിഞ്ഞു.

രവീന്ദ്രന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപക നിക്ഷേപം ഉണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ജില്ലകളിലെ 12 സ്ഥാപനങ്ങളിൽ രവീന്ദ്രൻ ഓഹരി നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ട്. വസ്ത്രവ്യാപാരശാലകൾ, മൊബൈൽ ഷോപ്പുകൾ, സൂപ്പർമാർക്കറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. 24 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങളിലെ ഓഹരി നിക്ഷേപം സംബന്ധിച്ച രേഖകൾ ലഭിച്ചത്.

സർക്കാരിന്റെ ഐ.ടി. പദ്ധതി കരാറുകളിൽ ശിവശങ്കറിനു പുറമേ രവീന്ദ്രനും പങ്കുണ്ടായിരുന്നെന്ന് അന്വേഷണ ഏജൻസിക്കു വിവരം ലഭിച്ചു. തിരുവനന്തപുരത്ത് ഫ്ളാറ്റ് സമുച്ചയം, കോഴിക്കോട്ടെ ഫ്ളാറ്റ്, വടകരയിലെ ബിനാമി സ്ഥാപനങ്ങൾ എന്നിവയിലെല്ലാം രവീന്ദ്രനും ബന്ധുവായ കസ്റ്റംസ് ഉദ്യോഗസ്ഥനും പങ്കുണ്ടെന്നാണു കണ്ടെത്തൽ. വടകരയിൽ രവീന്ദ്രന്റെ മറ്റൊരു ബന്ധുവിന്റെ പേരിലാണു തുണിക്കട, മൊബൈൽ ഷോറൂം, ഹാർഡ്വേർ സ്ഥാപനം എന്നിവയുള്ളത്. ഓർക്കാട്ടുശേരി, ഒഞ്ചിയം, ഇടയ്ക്കാട്, നിരവിൽപുഴ എന്നിവിടങ്ങളിലും ഇവർക്കു സ്ഥാപനങ്ങളുണ്ട്.

വടകരയിൽനിന്നു രവീന്ദ്രന്റെ കുടുംബം അടുത്തിടെ കോഴിക്കോട്ടെ പുതിയ ഫ്ളാറ്റിലേക്കു മാറിയിരുന്നു. ഈ ഫ്ളാറ്റിന്റെ അറ്റകുറ്റപ്പണികൾക്കു മാത്രം ഒന്നരക്കോടി രൂപ ചെലവഴിച്ചെന്നാണു സൂചന. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഇ.ഡി വിളിപ്പിച്ചതിനു പിന്നാലെ രവീന്ദ്രൻ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. രോഗമുക്തനായ രവീന്ദ്രന് ഇ.ഡി വീണ്ടും നോട്ടീസ് നൽകിയതോടെ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ ഉന്നയിച്ച് വീണ്ടും ചികിത്സ തേടി. ഇതിനു പിന്നാലെയാണ് ഇഡി ചില റെയ്ഡുകൾ നടത്തിയത്.