തിരുവനന്തപുരം: കള്ളപ്പണം വെളിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വ്യാഴാഴ്‌ച്ച ഇഡി ചോദ്യം ചെയ്യാനിരിക്കുകയാണ്. എന്നാൽ, രവീന്ദ്രനെ എളുപ്പം ചോദ്യം ചെയ്യാൻ ഇഡിക്ക് സാധിക്കുമെന്ന് തോന്നുന്ന ലക്ഷണമില്ല. കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള തുടർ ചികിത്സകൾക്കായി രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കിടത്തി ചികിത്സയ്ക്കായി രവീന്ദ്രനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കോവിഡ് മുക്തനായ ശേഷം തനിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് സി.എം.രവീന്ദ്രൻ പറയുന്നത്. തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്‌നങ്ങൾ ഉള്ളതിനാൽ രവീന്ദ്രനെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങൾ രവീന്ദ്രനുണ്ടെന്നാണ് സൂചനയും ഡോക്ടർമാർ നൽകുന്നുണ്ട്. അതേസമയം വ്യാഴാഴ്‌ച്ച അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്നാണ് അറിയേണ്ടത്.

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി സംഘം രവീന്ദ്രനോട് വ്യാഴാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. മൂന്നാം തവണയാണ് ഇഡി രവീന്ദ്രന് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത്. ഒക്ടോബറിൽ ആദ്യമായി നോട്ടീസ് നൽകിയതിന് പന്നാലെ രവീന്ദ്രൻ കോവിഡ് പൊസീറ്റീവായി ക്വാറന്റൈനിൽ പ്രവേശിച്ചു.

പിന്നീട് കോവിഡ് മുക്തനായി ആശുപത്രി വിട്ട അദ്ദേഹത്തിന് രണ്ടാമത്തും ഇഡി നോട്ടീസ് നൽകിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റായി. ഇതിനു പിന്നാലെ വടകരയിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളിലും ഇഡി സംഘമെത്തി റെയ്ഡ് നടത്തിയിരുന്നു. ഊരാളുങ്കൽ ലേബർ കോർപ്പറേഷനിനും രവീന്ദ്രനുമായുള്ള ബന്ധത്തെക്കുറിച്ചും ഇഡി അന്വേഷിച്ചു. ഏറ്റവും ഒടുവിൽ രവീന്ദ്രന്റേയും ഭാര്യയുടേയും പേരിലുള്ള സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന രജിസ്‌ട്രേഷൻ വകുപ്പിനേയും ഇഡി സമീപിച്ചിരുന്നു.

അതസേമയം എം ശിവശങ്കറുമായി ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് രവീന്ദ്രന്റെ ശ്രമമെന്ന ആരോപണം ശക്തമാണ്. ശിവശങ്കരന് ഇനിയും സ്വർണ്ണക്കടത്തു കേസിൽ ജാമ്യം ലഭിച്ചിട്ടില്ല. കസ്റ്റഡി കാലാവധി കോടതി നീട്ടി നൽകുകയും ചെയ്യുന്നു. ഡിസംബർ 22 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ശിവശങ്കറിനെതിരേ കൂടുതൽ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനെ തുർന്നാണ്ഇത്. ഈ സാഹചര്യത്തിലാണ് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇതോടെ കേസിൽ തെളിവുണ്ടെന്ന വാദം കോടതി അംഗീകരിക്കുകയാണെന്ന വിലയിരുത്തലും സജീവമായി.

ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ അസി പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രൻ വ്യാഴാഴ്‌ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധ്യത മങ്ങിയതും. ശിവശങ്കറിന് സ്വർണകടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന വിവരങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞെന്നാണ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് എക്‌സ്റ്റെൻഷൻ റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് ഈ കേസിൽ നടന്നിട്ടുള്ളതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കർ ഉന്നതപദവി അലങ്കരിക്കുന്ന കാലഘട്ടത്തിൽ പല വിവരങ്ങളും സ്വപ്നയുമായി പങ്കുവെച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. സർക്കാരിന്റെ ഭാവി പദ്ധതികൾ പുറത്തുവിട്ടത് രാജ്യത്തിന്റെ സുരക്ഷയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.

അന്വേഷണവുമായി ഇപ്പോഴും ശിവശങ്കർ സഹകരിക്കുന്നില്ല. പ്രധാനപ്പെട്ട പല ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഇപ്പോഴും ഒഴിഞ്ഞ് മാറുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണുള്ളത്. എങ്കിൽ മാത്രമേ ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ശിവശങ്കറിന്റെ കസ്റ്റഡി കാലം കൂട്ടുന്നത്. താമസിയാതെ കോഫപോസ നിയമ പ്രകാരം ശിവശങ്കറിനെ കരുതൽ തടങ്കലിലാക്കുമെന്നും സൂചനയുണ്ട്, സ്വാഭാവിക കാലത്തിനുള്ളിൽ ജാമ്യം കിട്ടാതിരിക്കാനാണ് ഇത്. എൻഐഎയും ശിവശങ്കറിനെ യുഎപിഎ നിയമ പ്രകാരം അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.