തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഢീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎ രവീന്ദ്രൻ സാവകാശം തേടി. കോവിഡിന് ശേഷമുള്ള രോഗാവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്. കടുത്ത തലവേദനയും കഴുത്തുവേദനയുമുണ്ടെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ കത്തു സഹിതമാണ് ഇഡിയോട് അദ്ദേഹം സാഹവകാശം തേടിയത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് രണ്ടാഴ്‌ച്ചത്തെ സാവകാശം അനുവദിക്കണമെന്നാണ് രവീന്ദ്രന്റെ ആവശ്യം.

അതേസമയം ഇത്രയും സമയം ഇഡി അനുവദിക്കുമോ എന്നാണ് അറിയേണ്ടത്. ഇത്രയും സമയം അനുവദിക്കാൻ സാധിക്കില്ലെന്നാണ് ഇഡിയുടെ നിലപാട്. അതേസമയം തെരഞ്ഞെടുപ്പു കഴിയുന്നത് വരെ ചോദ്യം ചെയ്യൽ ഒഴിവാക്കുക എന്നതാണ് രവീന്ദ്രന്റെയും സർക്കാറിന്റയും പക്ഷം. അതുകൊണ്ടു കൂടിയാണ് കൂടുതൽ സാവകാശം തേടിയിരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇഡി ആശുപത്രിയിൽ എത്തി മൊഴിയെടുക്കാൻ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സിഎം രവീന്ദ്രൻ ചികിത്സയിൽ കഴിയുന്നത്. കടുത്ത ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാലാണ് ചോദ്യം ചെയ്യലിന് നാളെ ഹാജരാകാത്തതെന്നാണ് വിശദീകരണം. തലയ്ക്ക് എം.ആർ.ഐ. സ്‌കാൻ നടത്തിയ ശേഷമേ രവീന്ദ്രനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുകയുള്ളൂ എന്നാണ് വിവരം. തുടർച്ചയായി തലവേദന അനുഭവപ്പെടുന്നതിനാലാണ് രവീന്ദ്രന് എം.ആർ.ഐ. സ്‌കാൻ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. കോവിഡ് തലച്ചോറിനെ ബാധിച്ചോ എന്നറിയാനാണ് പരിശോധന. ഇതിനു ശേഷമേ ഡിസ്ചാർജ് ചെയ്യുകയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹം മെഡിക്കൽ കോളേജിൽ തന്നെ തുടരാനാണ് സാധ്യത.

തിങ്കളാഴ്ചയാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നാലെ ഇദ്ദേഹത്തെ അഡ്‌മിറ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻപ് രണ്ടുതവണ ഇ.ഡി. രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോവിഡ് ബാധയെ തുടർന്ന് ആദ്യത്തെ തവണയും കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് രണ്ടാമത്തെ തവണയും അദ്ദേഹം ഹാജരായിയിരുന്നില്ല.

ഇതിനു പിന്നാലെയാണ് ഡിസംബർ 10ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി. രവീന്ദ്രന് സമൻസ് അയച്ചത്. എന്നാൽ ഇത്തവണയും ആശുപത്രിയിൽ ആയതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. രവീന്ദ്രനുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന പല സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ റെയ്ഡ് നടന്നിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളുടെ അടക്കം സ്വത്തുക്കൾ നിരീക്ഷണത്തിലാണ്. അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ കത്തുമ്പോഴാണ് രവീന്ദ്രന്റെ ചോദ്യംചെയ്യൽ വീണ്ടും അനിശ്ചിതത്വത്തിലാകുന്നത്.

ശിവശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനെ ചോദ്യംചെയ്യാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്. സർക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് രവീന്ദ്രൻ ശിവശങ്കറുമായി ചേർന്ന് നടത്തിയ ഇടപാടുകളാണ് സംശയ നിഴലിൽ നിൽക്കുന്നത്.