കണ്ണൂർ: അലങ്കാരങ്ങളോ വിശേഷണങ്ങളോ ഇല്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഇറങ്ങുമെന്ന് കരുതുന്ന സി.രഘുനാഥിനെ ഇങ്ങനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. എന്നാൽ മണ്ഡലത്തിന്റെ മുക്കും മൂലയും ഓരോ കുഞ്ഞിനെപ്പോലും രഘുനാഥിനറിയാം. സാധാരണ കോൺഗ്രസ് പ്രവർത്തകനായി താഴെക്കിടെയിൽ പ്രവർത്തിച്ചു കൊണ്ടാണ് തുടക്കം ഇപ്പോഴും ധർമ്മടം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല സി.രഘുനാഥിനാണ്.

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ധർമ്മടം മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ നയിച്ചതും സി.രഘുനാഥായിരുന്നു. ഇത്തവണയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചിരുന്ന രഘുനാഥിന് മത്സര രംഗത്തിറക്കുന്നത് ഡി.സി.സി നിർബന്ധിച്ചാണ്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എൻ. രാമകൃഷ്ണ ന്റെ ജന്മനാടായ അഞ്ചരക്കണ്ടി ഓടത്തിൽ പീടിക സ്വദേശിയാണ് സി.രഘുനാഥ്.

ആരു എതിർ സ്ഥാനാർത്ഥിയായാലും പാട്ടും പാടി ജയിക്കാമെന്ന ആത്മവിശ്വാസം പാർട്ടി ഗ്രാമങ്ങളടങ്ങിയ ധർമ്മടം മണ്ഡലത്തിൽ സിപിഎമ്മിനുണ്ട്. മുപ്പതിനായിരത്തിന് മുകളിലാണ് കഴിഞ്ഞ തവണ പിണറായി വിജയന്റെ ഭൂരിപക്ഷം. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ അതു നാൽപതിനായിരമായി ഉയർത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2021 ലെ തെരഞ്ഞെടുപ്പിനെ സിപിഎം നേരിടുന്നത്. ധർമ്മടത്തിൽ എൽ.ഡി.എഫിന് തിരിച്ചടിയേൽക്കണമെങ്കിൽ കാക്ക മലർന്ന് പറക്കണമെന്നു പറയുമ്പോഴും സി.രഘുനാഥിന്റെ കടന്നുവരവ് ഇക്കുറി വോട്ടു കുറച്ചേക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. നേരത്തെ ധർമ്മടത്ത് കോൺഗ്രസിന്റെ സ്ഥിരം സ്ഥാനാർത്ഥി കെ പി.സി.സി നിർവാഹക സമിതിയംഗം കൂടിയായ മമ്പറം ദിവാകരനായിരുന്നു.

ധർമ്മടം മണ്ഡലത്തിലെ മമ്പറം പടിഞ്ഞിറ്റാം മുറിയിൽ താമസിക്കുന്ന മമ്പറം ദിവാകരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നാടിന് തൊട്ടടുത്തു താമസിക്കുന്നയാളും രാഷ്ട്രീയ എതിരാളിയും കൂടിയാണ്. പന്തക്ക പാറ ദിനേശ് കമ്പിനിക്കു നേരെയുണ്ടായ ബോംബേറിൽ പ്രതിയായ മമ്പറം ദിവാകരൻ കൊളങ്ങരേത്ത് രാഘവൻ കൊല കേസിൽ പ്രതിയായി ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. എസ്.എഫ്.ഐ രക്തസാക്ഷിയെന്നു വിശേഷിപ്പിക്കുന്ന ബ്രണ്ണനിലെ അഷ്‌റഫിന്റെ കൊലപാതക കേസിൽ കോടതി വെറുതെ വിട്ടുവെങ്കിലും മമ്പറം ദിവാകരൻ സിപിഎമ്മിന്റെ കണ്ണിൽ ഇപ്പോഴും കൊലയാളി തന്നെയാണ്.

അതുകൊണ്ടു തന്നെ എല്ലാ തെരഞ്ഞെടുപ്പിലും കൊലയാളി രാഷ്ട്രീയത്തിന്റെ പ്രതീകമായി ചിത്രീകരിച്ചാണ് സിപിഎം മമ്പറം ദിവാകരനെ നേരിട്ടിരുന്നത്. സംസ്ഥാനവ്യാപകമായി തന്നെ മമ്പറം ദിവാകരനെ ബോംബേറു കേസിലെ പ്രതിയെന്നു ഉയർത്തി ചാനൽ ചർച്ചയിൽ ഉയർത്തി കാട്ടി എ സ്വരാജും എ എ റഹീമുമൊക്കെ നിറഞ്ഞാടിയിരുന്നു. എന്നാൽ ഇക്കുറി ഇതു നേരത്തെ മനസിലാക്കി കൊണ്ടാണ് താൻ മത്സരിക്കുന്നില്ലെന്നു മമ്പറം പറഞ്ഞിരുന്നു. ഇതോടെയാണ് ഡി.സി.സി മറ്റു പേരുകൾ തിരയാൻ തുടങ്ങിയത്

ധർമ്മടത്ത് എ.ഐ.സി.സിയുടെ തീപ്പൊരി വക്താവ് ഷമ മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് രാഹുൽ ഗാന്ധിക്കും ദേശീയ നേതൃത്വത്തിനും താൽപര്യമുണ്ടായിരുന്നുവെങ്കിലും മണ്ഡലത്തിൽ നിന്നും കടുത്ത എതിർപ്പുയർന്നതിനെ തുടർന്ന് ആനീക്കം ഉപേക്ഷിക്കുകയായിരുന്നു. വി.ഐ.പി മണ്ഡലമായ ധർമ്മത്ത് മത്സരിക്കാൻ താൻ സന്നദ്ധയാണെന്ന് ഷമ നേരത്തെ എ.ഐ.സി.സി യെ അറിയിച്ചിരുന്നു. മാഹി ചെറുകല്ലായി സ്വദേശിനി മായ ഷമ ഏറെ കാലം കണ്ണൂർ താണയിൽ താമസിച്ചിരുന്നു. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ തീപ്പൊരി വക്താവെന്ന നിലയിൽ തിളങ്ങി നിൽക്കുന്ന ഷമയെ കൂടി ഉൾപ്പെടുത്തിയാണ് ഡി.സി സി സ്ഥാനാർത്ഥി പട്ടിക നൽകിയിരിക്കുന്നത്. എന്നാൽ തലശേരിയിൽ എ.എൻ ഷംസീറിനെതിരെ ഷമ മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. നേരത്തെ ഫോർവേഡ് ബ്‌ളോക്ക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി.ദേവരാജനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ധർമ്മടത്ത് പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു അഖിലേന്ത്യാടിസ്ഥാനത്തിൽ സിപിഎമ്മുമായുള്ള മുന്നണി ധാരണയുടെ അടിസ്ഥാത്തിലാണ് ദേവരാജൻ പിൻവലിഞ്ഞത്.

ഇന്ദിരാ ഗാന്ധി ചിക്മംഗളുരിലും വി എസ്.അച്യുതാനന്ദൻ ധർമടത്തും തോറ്റ സാഹചര്യത്തിൽ ധർമ്മടം മണ്ഡലം കോൺഗ്രസിന് ബാലികേറാമലയല്ലെന്ന് സി.രഘുനാഥ് പറയുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി കോട്ടകളായ പിണറായിയിൽ നിന്നും പെരളശേരിയിൽ നിന്നു പോലും കൈപ്പത്തി ചിഹ്നത്തിൽ വോട്ടു വീണെന്നും അദ്ദേഹം ചൂണ്ടികാട്ടി. പതിനായിരം ഇരട്ട വോട്ടുകളാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പോലും സിപിഎം ചേർത്തത്. ഇതിൽ മരിച്ചവരും സ്ഥലത്തില്ലാത്തവരും വീട്ടിൽ നിന്നു വിവാഹം കഴിച്ച് മറ്റൊരിടത്തേക്ക് പോയവരുമുണ്ട് ഈ സാഹചര്യത്തിൽ യു.ഡി.എഫ് ഇത്തരം വോട്ടുകൾ തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ബി.എൽ. ഒമാരിൽ തൊണ്ണൂറ് ശതമാനവും സിപിഎമ്മുകാരാണ് ഇവർ മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം കൂട്ടാനാവി എൽ.ഡി.എഫ് ബൂത്ത് ഏജന്റുമാരെ പോലെ പ്രവർത്തിക്കുകയാണെന്നും രഘുനാഥ് ആരോപിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. ഇരട്ട വോട്ടുകളുടെ ലിസ്റ്റ് കോടതിയിൽ സമർപ്പിക്കുമെന്നും രഘുനാഥ് പറഞ്ഞു.