പാലക്കാട്: പാലക്കാട്ടെ കോൺഗ്രസിന് ചങ്കിടിപ്പേറ്റി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപങ്ങൾക്ക് താൽക്കാലിക ശാന്തി. സംസ്ഥാന നേത്യത്വത്തിന്റെ അനുനയശ്രമങ്ങൾക്ക് വഴങ്ങി രണ്ട് മുൻ ഡിസിസി പ്രസിഡന്റുമാരും മത്സരരംഗത്തുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു. മുൻ ഡിസിസി പ്രസിഡന്റും എം എൽ എയുമായിരുന്ന എ വി ഗോപിനാഥ് പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിന് എതിരേയും, മുൻ ഡിസിസി പ്രസിഡന്റായ സി വി ബാലചന്ദ്രൻ ത്യത്താലയിൽ വി ടി ബൽറാമിനെതിരെ സ്വതന്ത്രനായും മത്സരിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ജില്ലയിൽ കോൺഗ്രസിന് വിജയപ്രതീക്ഷയുള്ള രണ്ട് സിറ്റിങ് സീറ്റുകളിലും പാർട്ടിയിലെ പ്രമുഖർ തന്നെ കലാപകൊടി ഉയർത്തിയത് സംസ്ഥാനനേത്യത്വത്തെ ഞെട്ടിച്ചിരുന്നു. തുടർന്ന് ദിവസങ്ങൾ നീണ്ട അനുനയശ്രമങ്ങൾക്കൊടുവിലാണ് പ്രശ്നപരിഹാരമായത്.

സി വി ബാലചന്ദ്രൻ ത്യത്താലയിലോ, എ വി ഗോപിനാഥ് പാലക്കാടോ മത്സരിക്കില്ല. പകരം രണ്ടുപേരും മുന്നോട്ട് വെച്ച ആവശ്യങ്ങൾ സംസ്ഥാനനേത്യത്വം പരിഗണിക്കും,. പാലക്കാട്ടെ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനെ മാറ്റണമെന്നതാണ് രണ്ടുകൂട്ടരുടേയും പ്രധാന ആവശ്യം. എ വി ഗോപിനാഥ് ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടപ്പോൾ സിവി ബാലചന്ദ്രൻ തന്നെ വന്നുകണ്ട നേതാക്കളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പാലക്കാട്ടെ ഡിസിസി പ്രസിഡന്റിനെ എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് സംസ്ഥാന നേത്യത്വത്തോട് ഗോപിനാഥ് മുന്നോട്ടുവെച്ച പ്രധാന ആവശ്യം. ' നിലവിലെ ഡിസിസി പ്രസിന്റിനെ മാറ്റി പാർട്ടിക്ക് താൽപര്യമുള്ള ആരേയും നിയോഗിക്കാം, ഏത് ഗ്രൂപ്പുകാരനായാലും സ്വീകാര്യം, വിശ്വാസപൂർവ്വം ഏൽപിച്ചാൽ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കാനും തയ്യാറാണെന്ന് നേത്യത്വത്തെ അറിയിച്ചതായി ഗോപിനാഥ് പറഞ്ഞു. നിയമസഭ സീറ്റിന് വേണ്ടിയാണ് ഇപ്പോൾ വിഷയം ഉന്നയിച്ചതെന്ന ആരോപണം ശരിയല്ല. മത്സരിക്കാനില്ലെന്ന് ഒരുമാസം മുമ്പെ പാർട്ടിയെ അറിയിച്ചിരുന്നതായും ഗോപിനാഥ് പറഞ്ഞു.

നിലവിലെ നേത്യത്വത്തിൽ പ്രവർത്തകർ അസ്വസ്ഥരാണെന്നും തിരഞ്ഞെടുപ്പിനെ നേരിടാൻ നേത്യമാറ്റം വേണമെന്നാണ് ആവശ്യമെന്നും നിലവിൽ പുറത്തിറക്കിയ കോൺഗ്രസ് സ്ഥാനാർത്ഥിപട്ടികയിൽ പ്രവർത്തകർക്കിടയിൽ എതിർപ്പുണ്ടെന്നും ഗോപിനാഥ് പറഞ്ഞു കഴിഞ്ഞ ദിവസം ഗോപിനാഥിന്റെ വീട്ടിലെത്തി അനുനയശ്രമങ്ങൾ നടത്തിയ കെ സുധാകരനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിസിസി പ്രസിഡന്റിനെ മാറ്റുന്ന കാര്യത്തിൽ പത്താംതീയതിക്കുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും അതുവരേയെ കാത്തിരിക്കു എന്നും ഗോപിനാഥ് പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനിൽക്കെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകമോ എന്ന് വ്യക്തമല്ല. വി കെ ശ്രീകണ്ഠനെ മാറ്റുകയാണങ്കിൽ പകരം എ വി ഗോപിനാഥിനെയാവും് തൽസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ത്യത്താലയിൽ വി ടി ബൽറാമിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പറഞ്ഞ മുൻ ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രനെ കെപിസിസി വക്താവായി നിയോഗിച്ചു. കഴിഞ്ഞ ദിവസം സിവിയുടെ വീട്ടിലെത്തിയ കെപിസിസി വർക്കിങ് പ്രസിഡന്റ് ഉചിതമായ സ്ഥാനം നൽകാമെന്ന് അറിയിച്ചിരുന്നു.സിവി ബാലചന്ദ്രനെ കെപിസിസിയുടെ ഔദോഗിക വക്താവായി മുല്ലപ്പള്ളി രാമചന്ദ്രൻ നിർദ്ദേശിച്ചതായി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ പറഞ്ഞു. തുടർന്നാണ് പുതിയ സ്ഥാനത്തേക്ക് നിയോഗിച്ചത്. പാർട്ടി തനിക്ക് നൽകിയ പരിഗണനയിൽ സന്തോഷമുണ്ടെന്നും കോൺഗ്രസിൽ സജീവമായ പ്രവർത്തനം തുടരുമെന്നും സി വി ബാലചന്ദ്രൻ പറഞ്ഞു.