താക്കൂർനഗർ: കോവിഡ് വാക്‌സിനേഷൻ പൂർത്തിയാകുന്നതോടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ മാട്ടുവ സമുദായം അടക്കമുള്ള അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകും. ന്യൂനപക്ഷങ്ങളെ നിയമത്തിന്റെ പേരിൽ പ്രതിപക്ഷം വഴിതെറ്റിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ പൗരത്വ പദവിയെ ഇതൊരു തരത്തിലും ബാധിക്കില്ല.

ബംഗാളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറും വരെ ബിജെപിക്ക് വിശ്രമമില്ല. 2018 ൽ തന്നെ മോദി സർക്കാർ പുതിയ പൗരത്വ നിയമം നടപ്പാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു, 2019 ൽ വീണ്ടും അധികാരത്തിലേറിയപ്പോഴും ആ വാഗ്ദാനത്തിൽ ഉറച്ചുനിന്നു. കോവിഡ് വ്യാപനത്തോടെയാണ് പൗരത്വ നിയമം നടപ്പാക്കുന്നത് നീട്ടി വയ്‌ക്കേണ്ടി വന്നത്. തിരഞ്ഞെടുപ്പ് പൂർത്തിയാകും മുമ്പ് മമത ബാനർജി ജയ്ശ്രീം റാം വിളിക്കും. 'ജയ് ശ്രീ റാം ഇന്ത്യയിൽ മുഴക്കിയില്ലെങ്കിൽ പിന്നെ അത് പാക്കിസ്ഥാനിൽ മുഴക്കുമോ' എന്ന് അമിത് ഷാ പരിഹസിച്ചു കൊണ്ട് ചോദിച്ചു. ജയ് ശ്രീറാം വിളി കേട്ടാൽ മമത ബാനർജിക്ക് ദേഷ്യമാണെന്നും എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും അവർ അത് ചൊല്ലാൻ തുടങ്ങുമെന്നും മമതയെ പരിഹസിച്ച്് ഷാ പറഞ്ഞു.

മമത ദീദി പറഞ്ഞത് ബിജെപി പൊള്ളവാഗ്ദാനമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ്. പൗരത്വ ഭേദഗതി നിയമത്തെ തുടക്കത്തിലേ എതിർത്ത അവർ ഒരിക്കലും അത് ബംഗാളിൽ അനുവദിക്കില്ലെന്നും പറഞ്ഞു. ബിജെപി എല്ലായ്‌പോഴും വാഗ്ദാനങ്ങൾ പാലിക്കുന്ന പാർട്ടിയാണ്. ഞങ്ങൾ ഈ നിയമം കൊണ്ടുവന്നു. അഭയാർത്ഥികൾക്ക് പൗരത്വം കിട്ടും. മാട്ടുവ സമുദായത്തിന് ഭൂരിപക്ഷമുള്ള താക്കൂർ നഗറിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് വരുന്ന ഹിന്ദുസമുദായത്തിലെ ദുർബലവിഭാഗക്കാരായ മാട്ടുവകൾ വിഭജനകാലത്തും, ബംഗ്ലാദേശ് രൂപീകരണത്തിനും ശേഷവുമാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. ഇവരിൽ കുറെ കുടുംബങ്ങൾക്ക് ഇന്ത്യൻ പൗരത്വം കിട്ടിയെങ്കിലും, വലിയൊരു വിഭാഗത്തിന് അത്കിട്ടിയിട്ടില്ല.

മമത ബാനർജിക്ക് പൗരത്വ നിയമത്തെ എതിർക്കാൻ ഇനി കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. കാരണം ഏപ്രിൽ-മെയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ,. ദീദി മുഖ്യമന്ത്രി അല്ലാതാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിചേർത്തു.

കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ

ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ എത്തുമെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ കൂച്ച് ബെഹറിൽ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മമത ബാനർജിയുടെ സർക്കാർ പാവപ്പെട്ട കർഷകർക്ക് കേന്ദ്രം നൽകുന്ന സഹായം തടയുകയാണെന്നും അമിത് ഷാ ആരോപിച്ചു.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആറായിരം രൂപ കർഷകർക്ക് നൽകുന്നതിൽ മമത തടസം നിൽക്കുന്നെന്ന് അമിത് ഷാ ആരോപിച്ചു . മമത അർഹതപ്പെട്ടവരുടെ പേരോ ബാങ്ക് ഡീറ്റൈൽസോ ഇതുവരെ നൽകിയിട്ടില്ല. മോദിയുടെ പ്രശസ്തിയിൽ പേടി തോന്നിയ മമത ആനുകൂല്യങ്ങൾ തടയുകയാണ്. നിങ്ങൾ ഒന്നുകാെണ്ടും പേടിക്കേണ്ട. ബിജെപി സർക്കാർ ഇവിടെ അധികാരത്തിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 18,000 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തുമെന്ന് അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്തെ 294 സീറ്റുകളിൽ 200 സീറ്റുകളും നേടാനുള്ള തയ്യാറെടുപ്പാണ് അമിത് ഷായുടെ നേതൃത്വത്തിൽ ബംഗാളിൽ നടക്കുന്നത്. മാത്രവുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പു ഘട്ടങ്ങളിലെല്ലാം സംസ്ഥാനത്ത് ചർച്ചാ വിഷയമായ ജയ്ശ്രീറാം വിളിയും ഇത്തവണ വീണ്ടും അമിത് ഷാ ചർച്ചാ വിഷയമാക്കിയിട്ടുണ്ട്.