തിരുവനന്തപുരം: കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും മാറ്റിനിർത്തിയപ്പോൾ പാർട്ടി അണികൾക്കിടയിൽ അടക്കം കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഇത് മന്ത്രിസഭയ്ക്ക് തുടക്കത്തിൽ തന്നെ ശോഭ കെടുത്തുന്നതുമായി മാറി. എല്ലാ പുതുമുഖങ്ങൾ എന്ന നിലയിലാണ് മാറ്റമെന്ന് തീരുമാനിക്കുമ്പോഴും മുഖ്യമന്ത്രി മാറാതെ തന്നെയാണ് മന്ത്രിസഭയിൽ ഇഷ്ടക്കാർക്ക് മന്ത്രിസ്ഥാനം നൽകിയത്. പാർട്ടിയിലെ പ്രവർത്തന പരിചയവും കഴിവും അവഗണിച്ചു കൊണ്ടുള്ള തീരുമാനത്തിൽ കടുത്ത എതിർപ്പ് ഉയരുമ്പോൾ തന്നെയാണ് വകുപ്പുകളുടെ കാര്യത്തിലും കൂടുതൽ കാര്യങ്ങൾ വ്യക്തമായത്.

പിണറായി വിജയനോട് അടുത്തു നിൽക്കുന്നവർക്ക് തന്നെയാണ് സുപ്രധാന വകുപ്പുകൾ ലഭിച്ചത് എന്നത് ഇന്നത്തെ വകുപ്പു വിഭജനത്തിൽ നിന്നും വ്യക്തമാകും. പാർട്ടിയിലെ സീനിയോരിറ്റി അനുവസരിച്ചു വലിയ വകുപ്പുകൾ നൽകുക എന്നതിന് അപ്പുറത്തേക്ക് ടീച്ചർക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള പൊതുജനരോഷം മറികടക്കാനുള്ള തന്ത്രപരമായ തീരുമാനങ്ങളും വകുപ്പു വിഭജനത്തിൽ നിന്നും വ്യക്തമാകും. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുമ്പോൾ ടീച്ചർ തുടക്കക്കാരിയായിരുന്നു എന്ന കാര്യമാണ് നേതാക്കൾ പൊതുവിൽ പറയുന്നത്.

അടുത്ത ആരോഗ്യ മന്ത്രി ആരാകണമെന്ന തീരുമാനം കൈക്കൊണ്ടതിലും പിണരായി വിജയന്റെ നയചാരുതി വ്യക്തമാണ്. വനിതകളുടെ രോഷം ശമിപ്പിക്കാൻ വീണ ജോർജ്ജിനെ ആരോഗ്യമന്ത്രിയായി നിശ്ചയിച്ചു. പാർട്ടിൽ പത്തനംതിട്ട ഏരിയാ കമ്മറ്റി അംഗം മാത്രമാണ് വീണ ജോർജ്ജ് എന്നതൊന്നും മികച്ച വകുപ്പു നൽകാൻ തടസ്സമായി നിന്നില്ല. മറിച്ച്, പാർട്ടിയിലെ സീനിരോരിറ്റി നോക്കാതെ തന്നെ വീണ ജോർജ്ജിനെ ആരോഗ്യമന്ത്രി സ്ഥാനത്തു നിയമിച്ചു.

മാധ്യമ പ്രവർത്തകയായിരുന്നു എന്നതു കൊണ്ടു കൂടിയാണ് ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് വീണയെ പരിഗണിക്കാൻ പ്രധാന കാരണം. വീണയുടെ സൗഹൃദ ബന്ധങ്ങളിലൂടെ നെഗറ്റീവ് വാർത്തകളെ മറികടക്കാമെന്ന കണക്കു കൂട്ടലും അവർക്ക് മന്ത്രിസ്ഥാനം നൽകുന്നതിന് പിന്നിലുണ്ട്. കോവിഡ് പോരാട്ടത്തെ നേരിടേണ്ടത് സർക്കാർ വകുപ്പുകൾ ഒരുമിച്ചു നിന്നു കൊണ്ടാണ്. അതിന് വേണ്ട അടിത്തറയെല്ലാമിട്ടു കൊണ്ടാണ് കെ കെ ശൈലജ സ്ഥാനമൊഴിഞ്ഞത്. ഈ സാഹചര്യത്തിൽ വീണയ്ക്ക് മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ സാധിക്കുമെന്നും പാർട്ടി കണക്കു കൂട്ടുന്നു.

അതേസമയം ഇന്നലെ നേതൃത്വത്തെ വിമർശിച്ച അണകളെ കൊണ്ട് കൈയടിപ്പിക്കുന്ന രണ്ടാമത്തെ തന്ത്രം പിണറായി പയറ്റിയത് കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പു നൽകി കൊണ്ടാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അടക്കം കഴിഞ്ഞ തവണ കടുത്ത വിമർശനം കേൾക്കേണ്ടി വന്നിരുന്നു എന്നതു കൊണ്ട് തന്നെ കെ രാധാകൃഷ്്ണനെ ദേവസ്വം വകുപ്പു ഏൽപ്പിച്ചപ്പോൽ സൈബർ ഇടത്തിൽ കഴിഞ്ഞം ദിവസം ഉണ്ടായ വിമർശനങ്ങൾ കൈയടികളായി മാറി. ദളിതനെ ദേവസ്വം മന്ത്രിയാക്കിയെന്ന പ്രചരണം ശക്തമാക്കിയപ്പോൾ കോൺഗ്രസ് അതിനെ നേരിട്ടത് വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് മന്ത്രി ദേവസ്വം വകുപ്പു കൈകാര്യം ചെയ്ത കാര്യം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു.

അതേസമയം മന്ത്രിസഭയിൽ രണ്ടാമനില്ലാത്ത വിധത്തിലുള്ള വീതം വെപ്പാണ് പാർട്ടിയിൽ നടന്നിരിക്കുന്നതെന്ന വിമർശനവും ശക്തമാണ്. കെ രാധാകൃഷ്ണൻ കേന്ദ്ര കമ്മറ്റി അംഗമായിട്ടും അദ്ദേഹത്തിന് ദേവസ്വം പോലെ അപ്രധാനമായ വകുപ്പാണ് നൽകിയിരിക്കുന്നത്. കൂടുതൽ വലിയ വകുപ്പുകൾ അദ്ദേഹത്തിന് നൽകേണ്ടതായിരുന്നു എന്ന വിമർശനവും ശക്തമാണ്. കേന്ദ്ര കമ്മറ്റി അംഗമായ എം വി ഗോവിന്ദൻ മാഷാണ് രണ്ടാമനെന്ന് പറയുമ്പോഴും അദ്ദേഹത്തിന് തദ്ദേശ സ്വയംഭരണവും എക്‌സൈസ് വകുപ്പും മാത്രമാണുള്ളത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സർക്കാറിനെ നയിക്കുകയും നിലപാടുകൾ വിശദീകരിക്കുകയും തീരുമാനങ്ങൾ അറിയിക്കുകയും ചെയ്യുകയെന്ന ചുമതലയും സാധാരണ ഈ രണ്ടാമനാണ് നിർവഹിക്കുക. എന്നാൽ, അത്തരത്തിൽ ഒരു രണ്ടാമൻ ഇക്കുറിയും ഉണ്ടാകില്ലെന്നാണ് സൂചനയുള്ളത്.

സിപിഎമ്മിലെ പാർട്ടി വദവികൾ പരിഗണിച്ചാൽ മന്ത്രിസഭയിലെ മുതിർന്ന അംഗം കെ രാധാകൃഷ്ണനാണ്. തൊട്ടുതാഴെ എം.വി ഗോവിന്ദനും. കേന്ദ്രകമ്മിറ്റിയിലെ സീനിയോറ്റിയാണ് ഇവരുടെ പാർട്ടിയിലെ സ്ഥാനം നിർണയിക്കുന്നത്. എന്നാൽ ഇരുവർക്കും നൽകിയത് താരതമ്യേന ചെറിയ വകുപ്പുകളാണ്. മന്ത്രിയും സ്പീക്കറുമായി മുൻ പരിചയമുള്ള കെ. രാധാകൃഷ്ണന് ദേവസ്വം, പിന്നാക്ക ക്ഷേമം എന്നീ താരതമ്യേന ചെറിയ വകുപ്പുകളാണ് ലഭിച്ചത്. എം.വി ഗോവിന്ദന് ലഭിച്ച വകുപ്പുകൾ പൊതു ഭരണ നിർവഹണത്തിൽ പ്രത്യേക പങ്ക് വഹിക്കാൻ അവസരം നൽകുന്നതുമല്ല.

ഭരണത്തിൽ കൂടുതൽ പങ്കാളിത്തവും അധികാരവും ലഭിക്കുക ധനമന്ത്രിക്കാണ്. എന്നാൽ ധന വകുപ്പ് നൽകിയത് താരതമ്യേന പാർട്ടിയിൽ ജൂനിയറായ സംസ്ഥാന കമ്മിറ്റി അംഗം മാത്രമായ ബാലഗോപാലിനാണ്. വ്യവസായവും മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗത്തിന് തന്നെ - പി രാജീവ്. ധനം, വ്യവസായം, വിദ്യഭ്യാസം, ആരോഗ്യം തുടങ്ങിയവയിൽ ഏതെങ്കിലും വകുപ്പ് കെ. രാധാകൃഷ്ണനോ എം.വി ഗോവിന്ദനോ ലഭിച്ചിരുന്നെങ്കിൽ മന്ത്രിസഭയിലെ രണ്ടാമനെന്ന പദവിയിലേക്ക് അവർ സ്വാഭാവികമായി എത്തിച്ചേരുമായിരുന്നു. എന്നാൽ അതിനൊന്നും സാധ്യത നൽകാതെ ക്യാപ്ടൻ ഈ മന്ത്രിസഭയിലെ ചീഫ് മാർഷലായി മാറിക്കഴിഞ്ഞു. പുതിയ മന്ത്രിസഭയിൽ രണ്ടാമത്തെയാളാകും എന്ന് പ്രതീക്ഷിച്ചിരുന്ന കെ.കെ ശൈലജയെ ഒഴവാക്കിയാണ് മന്ത്രിസഭ തന്നെ രൂപീകരിച്ചത്.