ചെന്നൈ: അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയുടെ സ്വീകരണ റാലിക്കിടെ രണ്ട് കാറുകൾ കത്തിനശിച്ചു. സ്വീകരണത്തിന് പടക്കവുമായി എത്തിയ രണ്ടു കാറുകളാണ് കത്തി നശിച്ചത്. കൃഷ്ണഗിരി ടോൾ ഗേറ്റിന് സമീപമാണ് സംഭവം.

നാലുവർഷത്തെ ജയിൽ വാസത്തിനും ആഴ്ചകൾ നീണ്ട കോവിഡ് ചികിത്സയ്ക്കും ശേഷം ബംഗളൂരുവിൽ നിന്ന് ഇന്ന് രാവിലെയാണ് ശശികല ചെന്നൈയിലേക്ക് പുറപ്പെട്ടത്. വഴിനീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വീണ്ടും തമിഴക രാഷ്ട്രീയത്തെ ഇളക്കിമറിക്കാനാണ് ശശികല ശ്രമിക്കുന്നത്. അതിനിടെ കൃഷ്ണ ഗിരി ടോൾ ഗേറ്റിന് സമീപം സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ശശികലയുടെ വാഹന വ്യൂഹം മുന്നോട്ടുനീങ്ങവേ, പ്രവർത്തകരുടെ അമിതമായ ആഹ്ലാദപ്രകടനമാണ് അപകടത്തിന് കാരണം. കാറിലുണ്ടായിരുന്ന പടക്കം പൊട്ടിയാണ് അപകടം ഉണ്ടായത്. ആർക്കും ആളപായമില്ല എന്നാണ് റിപ്പോർട്ടുകൾ. ഈസമയത്ത് അഞ്ഞൂറോളം പ്രവർത്തകർ സ്ഥലത്ത് ഉണ്ടായിരുന്നു. മാലയിട്ടും മറ്റു ശശികലയെ സ്വീകരിക്കുന്നതിനിടെയാണ് പടക്കം പൊട്ടിച്ചുള്ള ആഹ്ലാദ പ്രകടനം. അതിനിടെ ശശികലയുടെ വാഹനവ്യൂഹം യാത്ര തുടർന്നു.

ബംഗളൂരുവിൽ നിന്ന് അണ്ണാ ഡിഎംകെയുടെ കൊടി വച്ച കാറിലാണ് ശശികലയുടെ നാട്ടിലേക്കുള്ള മടങ്ങിവരവ്. വഴിമധ്യേ കൊടി മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടത് നേരിയ സംഘർഷത്തിന് ഇടയാക്കി. അണ്ണാ ഡിഎംകെ പ്രവർത്തകരും കൊടി മാറ്റാൻ ആവശ്യപ്പെട്ടു. അതിനിടെ അഭിഭാഷകരും പൊലീസുകാരും തമ്മിൽ തർക്കം ഉടലെടുത്തതായും റിപ്പോർട്ടുകളുണ്ട്.