ലക്‌നൗ: ലഖിംപൂരിൽ കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിലെ നടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ജാഥ നയിക്കുന്ന കർഷകരെ പിന്നിലൂടെ എത്തിയ കാർ മനപ്പൂർവ്വം ഇടിച്ചിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ പറന്നു നടക്കുന്നുണ്ട്. സംഭവം ഉള്ളുലക്കുന്നതാണെന്ന് ബിജെപി എംപി വരുൺ ഗാന്ധിയും ട്വീറ്റു ചെയ്തു.

'ഇത് ഉള്ളുലക്കുന്ന ദൃശ്യങ്ങളാണ്, സംഭവവുമായി ബന്ധപ്പെട്ടവരെ പെട്ടെന്ന് അറസ്റ്റ് ചെയ്യണം' എന്ന് വരുൺ ഗാന്ധി ആവശ്യപ്പെട്ടു. പൊലീസ് ഈ വീഡിയോ പരിശോധിച്ച് ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണം അദ്ദേഹം ട്വീറ്റ് ചെയ്തു. ലഖിംപൂരിൽ കർഷകർക്കടയിലേക്ക് മനഃപൂർവ്വം വാഹനം കയറ്റിയിറക്കുന്ന വീഡിയോ കോൺഗ്രസ് പങ്കുവെച്ചിരുന്നു. ഇത് ട്വീറ്റ് ചെയ്താണ് വരുൺ ഗാന്ധി രംഗത്തു വന്നത്.

ഈ സംഭവം മനഃപൂർവ്വമായ കൂട്ടക്കൊലക്ക് തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും ഭരണകക്ഷിയായ ബിജെപി പരാജയപ്പെട്ടെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും വിമർശിക്കുന്നുണ്ട്. കർഷകരെ കൊലപ്പെടുത്തിയതിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് പ്രധാന പ്രതി.

ബിജെപി നേതാക്കൾക്കിടയിൽ നിന്ന് വരുൺ ഗാന്ധി മാത്രമാണ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുവന്നത്. സംഭവത്തിൽ പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

കർഷകർക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയ്ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ല. അതിനിടെ സംഘർഷ സ്ഥലത്ത് തന്റെ മകന്റെ സാന്നിധ്യമുണ്ടായിരുന്നതായി തെളിഞ്ഞാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ചിരുന്ന കാറാണ് കർഷകർക്കിടയിലേക്ക് പാഞ്ഞുകയറിയത്. തുടർന്ന് യു.പി പൊലീസ് അജയ് മിശ്ര ഉൾപ്പെടെ 13 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും മകനെ ന്യായീകരിക്കുകാണ് കേന്ദ്രമന്ത്രി.

'ലഖിംപൂർ ഖേരിയിലെ പ്രക്ഷോഭസ്ഥലത്ത് എന്റെ മകന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന ഒരു തെളിവ് ലഭിച്ചാൽ ഞാൻ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കും'-അജയ് മിശ്ര പറഞ്ഞു. മകനെതിരായ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു. ഞായറാഴ്ച കർഷകരുടെ പ്രതിഷേധത്തിന് ഇടയിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ നാലുകർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു.