മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വിദേശരാജ്യങ്ങളിലേക്ക് ചരക്കുനീക്കം സുഗമമാക്കുന്നതിനുള്ള കാർഗോ സർവീസിന്റെ ഉദ്ഘാടനം ഈ മാസം 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാർഗോ സർവീസ് തുടങ്ങുന്നതിനുള്ള ട്രയൽ റണ്ണും മറ്റുകാര്യങ്ങളും ഉടൻ പൂർത്തിയാക്കുമെന്ന് കിയാൽ അധികൃതർ അറിയിച്ചു. ഇലക്ട്രിക്ക് ഡാറ്റ ഇന്റർചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്കു നീക്കം നിയന്ത്രിക്കുക. 1200 ചതുരശ്രമീറ്റർ വിസ്തീർണവും 12,000ടൺചരക്ക് കൈക്കാര്യം ചെയ്യാൻ പ്രാപ്തിയുള്ളകാർഗോ കോംപൽക്സാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്.

കേടായിപ്പോകാൻ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കളും കാർഷികോൽപ്പന്നങ്ങളും സൂക്ഷിക്കുന്നതിനായി കോൾറേജ് സംവിധാനവുമുണ്ട്.ഏഴായിരം ചതുരശ്രമീറ്റർ വിസ്തൃതിയുടെ കാർഗോ കോംപൽക്സിന്റെ പ്രവൃത്തി പൂർത്തിയായി വരികയാണ്. കാർഗോ കോംപൽക്സിന്റെ ഉദ്ഘാടനം ഈ വർഷാദ്യം മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതിനാൽ അന്താരാഷ്ട്ര ചരക്കുനീക്കം സാധ്യമായിരുന്നില്ല. കഴിഞ്ഞമാസമാണ് കാർഗോ വിഭാഗത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ചുമതലയേറ്റത്. ഇതോടെയാണ് അന്താരാഷ്ട്ര ചരക്കുനീക്കത്തിനുള്ള സാധ്യതകൾ യാഥാർത്ഥ്യമായത്.

വിദേശവിമാനസർവീസുകൾ ഇനിയും തുടങ്ങാൻ പറ്റാത്തതിനാൽ സാമ്പത്തിക ഞെരുക്കത്തിൽ വീർപ്പുമുട്ടുന്ന കിയാലിന് പിടിച്ചുനിൽക്കാനുള്ള തുണയായി അന്താരാഷ്ട്ര ചരക്കുനീക്കത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ, വയനാട്, കുടക് മേഖലകളിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര മാർക്കറ്റുകളിൽ എളുപ്പമെത്താനും കണ്ണൂരിന്റെ പരമ്പരാഗത മേഖലയായ കൈത്തറിക്കും കയറിനും വിപണി കണ്ടെത്താനും കഴിയുമെന്നാണ് വ്യാവസായിക ലോകത്തിന്റെ പ്രതീക്ഷ.