അടിമാലി: ബാർ ഹോട്ടൽ സുഗമമായി നടത്തണമെങ്കിൽ പ്രതിമാസം 50,000 രൂപയും മദ്യവും ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിന്റെ പേരിൽ വ്യാജപരാതികൾ അയച്ച് എക്‌സൈസ് റെയ്ഡിന് വഴിയൊരുക്കുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും മറ്റും ചൂണ്ടിക്കാട്ടി ബാർ ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ ബിജെപി നേതാവിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. അടിമാലി വി റ്റി മിഡ് ടൗൺ ഹോട്ടൽ മാനേജിങ് ഡയറക്ടർ ശ്രീനി പരമേശ്വരൻ നൽകിയ ഹർജിയിൽ ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി എൻ സുരേഷിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ അടിമാലി ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് അടിമാലി പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്.

കോടതി നിർദ്ദേശപ്രകാരം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് മേൽനടപടികൾ സ്വീകരിക്കുമെന്നും അടിമാലി പൊലീസ് അറിയിച്ചു.പരാതിക്കാരുടെ ഭാഗത്തുനിന്നും ഉയർന്നിട്ടുള്ള ആരോപണങ്ങൾ സംബന്ധിച്ച് തെളിവ് ശേഖരണം ആവശ്യമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. സുരേഷ് പല തവണ പണവും മദ്യവും ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിനാൽ സിൽബന്ധികളെ പറഞ്ഞച്ച് ബാറിൽ മനപ്പൂർവ്വം വഴക്കുണ്ടാക്കി, പ്രവർത്തനം തടസ്സപ്പെടുത്തുകയും വ്യാജ പരാതികൾ അയച്ച് എക്‌സൈസിനേക്കൊണ്ട് റെയ്ഡുചെയ്യിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നും ഒത്തുപോയില്ലങ്കിൽ ജീവനക്കാരെ ആക്രമിക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റുമാണ് ഹർജിക്കാരിന്റെ വാദം.സാമൂഹ്യമാധ്യത്തിൽ ബാറിൽ വ്യാജമദ്യവിൽപ്പന വ്യാപകം എന്ന് സുരേഷ് പോസ്റ്റിട്ടതായും ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

എന്നാൽ തനിയ്‌ക്കെതിരെ പൊലീസ് എടുത്തിട്ടുള്ള കേസിൽ കഴമ്പില്ലന്ന് വി എൻ സുരേഷ് മറുനാടനോട് വ്യക്തമാക്കി.ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്.യാഥാർത്ഥ്യവുമായി പുലബന്ധമില്ല. ബാറിലെത്തി പണമോ മദ്യമോ കൈപ്പറ്റിയെങ്കിൽ ബാറുകാരുടെ കൈവശം തെളിവുകൾ ഉണ്ടാവേണ്ടതല്ലെ. അവർ അത് പുറത്തുവിടട്ടെ.ഹോട്ടലിന്റെ പ്രവർത്തനത്തിലെ അപകാതകൾ ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ചാണ് ബാർ പ്രവർത്തിക്കുന്നതെന്നും ലൈസൻസ് സമ്പാദിച്ചത് അനധികൃതമാർഗ്ഗങ്ങളിലാണെന്നും ഈ പരാതിയിൽ സൂചിപ്പിച്ചിരുന്നു.ഇതിന്റെ വൈരാഗ്യമാണ് ഇപ്പോൾ കേസിൽ കുടുക്കി അപമാനിക്കാൻ ശ്രമിക്കുന്നത്. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാർ-സുരേഷ് കൂട്ടിച്ചേർത്തു.