ലക്‌നൗ: ഉത്തർപ്രദേശിൽ രാമക്ഷേത്ര നിമ്മാണ ട്രസ്റ്റ് അംഗവും വി എച്ച് പി നേതാവുമായ ചമ്പത് രാജ് സ്ഥലം കൈയേറിയെന്ന ആരോപണം നടത്തിയ മാധ്യമപ്രവർത്തകൻ വിനീത് നരൈനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചമ്പത് രാജിന്റെ സഹോദരൻ സഞ്ജയ് ബൻസാൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. വിനീത് നരൈനെ കൂടാതെ അൽക്കാ ലഹോട്ടി, രജ്‌നീഷ് എന്നീ രണ്ടു പേരെയും എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്.

സ്ഥലം കൈയേറിയെന്ന ആരോപണത്തിൽ ചമ്പത് രാജ് നിരപരാധിയാണെന്ന് സ്ഥലം എസ് ഐ നേരത്തെ തന്നെ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് വന്നതിനു ശേഷമാണ്അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് അപമാനിച്ചുവെന്ന് കാണിച്ച് മാധ്യമപ്രവർത്തകനെതിരെ പരാതി നൽകിയത്. മാധ്യമപ്രവർത്തകന്റെ നടപടി കോടിക്കണക്കിനു വരുന്ന ഹിന്ദുക്കളുടെ വികാരങ്ങളെ അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു.

വിനീത് നരൈനൊപ്പം പ്രതി ചേർക്കപ്പെട്ടിട്ടുള്ള അൽക്കാ ലഹോട്ടിയുടെ 20,000 സ്‌ക്വയർ ഫീറ്റ് വരുന്ന സ്ഥലം അനധികൃതമായി കൈയേറി തന്റെ സഹോദരങ്ങൾക്ക് കൈവശപ്പെടുത്താനുള്ള സഹായങ്ങൾ ചമ്പത് രാജ് ചെയ്തുകൊടുത്തുവെന്ന് കഴിഞ്ഞ ദിവസം വിനീത് നരൈൻ ഫേസ്‌ബുക്കിലൂടെ ആരോപിച്ചിരുന്നു. ആരോപണത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് താൻ വിനീതിനെ വിളിച്ചിരുന്നുവെന്നും എന്നാൽ ഫോൺ എടുത്ത രജ്‌നീഷ് എന്ന വ്യക്തി തന്നോട് അപമര്യാദയായി പെരുമാറിയെന്ന് സഞ്ജയ് ബൻസാൽ പരാതിയിൽ പറയുന്നു.

മൂന്നുദിവസം മുൻപാണ് ചമ്പത് റായിയും സഹോദരനും ബിജ്നോർ ജില്ലയിൽ ഭൂമി കൈക്കലാക്കിയെന്ന് വിനീത് നരേൻ ഫേസ്‌ബുക്കിലൂടെ ആരോപിച്ചത്. അൽക ലഹോതിയുടെ ഉടമസ്ഥതയിലുള്ള ഗോസംരക്ഷണ കേന്ദ്രത്തിന്റെ ഇരുപതിനായിരം ചതുരശ്ര മീറ്റർ ഭൂമി തട്ടിയെടുക്കാൻ ചമ്പത് റായി സഹോദരന്മാരെ സഹായിച്ചുവെന്നായിരുന്നു വിനീത് ഫേസ്‌ബുക്ക് കുറിപ്പിൽ ആരോപിച്ചത്. കയ്യേറ്റക്കാരെ പുറത്താക്കാൻ 2018 മുതൽ അൽക ശ്രമിച്ചുവരികയാണെന്നും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചിരുന്നതായും വിനീത് പറഞ്ഞിരുന്നു.

അതേസമയം, പ്രാഥമിക അന്വേഷണത്തിൽ റായിയും ബൻസലും നിരപരാധിയാണെന്നു കണ്ടെത്തിയതായി ബിജ്നോർ പൊലീസ് അറിയിച്ചിട്ടുണ്ട്.