കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ മരപ്പണിശാലയിലേക്ക് യന്ത്രങ്ങൾ വാങ്ങിയതിന്റെ ബിൽ കുടിശ്ശിക ഈടാക്കാൻ ഹൈദരാബാദിൽ കേസ്. ഏഴുവർഷം മുൻപാണ് സെൻട്രൽ ജയിലിലേക്ക് ഫർണിച്ചർ നിർമ്മാണത്തിനുള്ള യന്ത്രങ്ങൾ ഹൈദരാബാദിലെ എസ്.വി. ബാലാജി എൻജിനീയറിങ് കമ്പനിയിൽനിന്ന് വാങ്ങിയത്. 14 ലക്ഷത്തോളം രൂപയുടെ യന്ത്രങ്ങളാണ് കമ്പനി ജയിലിലെ മരപ്പണിശാലയിൽ സ്ഥാപിച്ചത്. ഒന്നാം ഗഡുവായ നാലുലക്ഷം രൂപയോളം മാത്രമേ അപ്പോൾ നൽകിയിരുന്നുള്ളു.

പിന്നീടാണ് യന്ത്രം പ്രവർത്തനക്ഷമമല്ലെന്ന് മനസ്സിലായത്. ഇതേ തുടർന്ന് 10 ലക്ഷത്തോളം വരുന്ന ബാക്കി തുക നൽകേണ്ടതില്ലെന്ന് ജയിൽവകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ യന്ത്രം സ്ഥാപിക്കുന്ന സമയത്ത് ഒരു പിഴവും ഉണ്ടായിരുന്നില്ലെന്നും വളരെ വൈകിയാണ് പരാതി ഉന്നയിച്ചതെന്നും അത് ജയിലിലെ ഉപയോഗത്തിലുണ്ടായ പ്രശ്‌നമാവുമെന്നുമാണ് കമ്പനിയുടെ വാദം.

പലതവണ ആവശ്യപ്പെട്ടിട്ടും യന്ത്രത്തിന്റെ വില നൽകാതെ വിശ്വാസവഞ്ചന കാട്ടിയെന്നാരോപിച്ചാണ് സംസ്ഥാന ജയിൽവകുപ്പിനെതിരേ ബാലാജി എൻജിനീയറിങ് കമ്പനി ഹൈദരാബാദ് സിറ്റി സിവിൽ കോടതിയിൽ കേസ് കൊടുത്തത്.യന്ത്രങ്ങൾ വാങ്ങുന്നതിന് മുൻപും വാങ്ങിയശേഷവും ആവശ്യമായ പരിശോധന നടത്തിയില്ലെന്ന് ആരോപണമുയർന്നിരുന്നു. യന്ത്രങ്ങൾ ഒരുദിവസംപോലും പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിദഗ്ധ പരിശോധനയ്ക്ക് ജയിൽ ഡി.ജി.പി. നിർദേശിച്ചിരുന്നു.

കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അദ്ധ്യാപകനടക്കമുള്ള വിദഗ്ധസംഘം പരിശോധിച്ച് യന്ത്രങ്ങൾ ഉപയോഗക്ഷമമല്ലെന്ന് റിപ്പോർട്ട് നൽകി. ഇതേ തുടർന്നാണ് കരാറനുസരിച്ചുള്ള ബാക്കി തുക നൽകാതിരുന്നത്.ഇതിനിടെ യന്ത്രങ്ങൾ വാങ്ങിയതും സ്ഥാപിച്ചതും മാനദണ്ഡങ്ങൾ പാലിച്ചാണോയെന്ന് അന്വേഷിക്കാൻ ആഭ്യന്തരവകുപ്പിലെ അണ്ടർ സെക്രട്ടറി കെ. സ്‌നേഹലതയെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായി. ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.