കൊൽക്കത്ത: ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചു എന്ന ആരോപണത്തിൽ ബിജെപി നേതാവ് സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തു. പശ്ചിമ ബംഗാളിലെ പൂർബ മേദിനിപൂർ ജില്ലയിലെ ഒരു മുൻസിപ്പാലിറ്റി ഓഫീസിൽ നിന്നും ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചുവെന്നാണ് പരാതി. കാന്തി മുൻസിപ്പൽ അഡ്‌മിനിസ്‌ട്രേറ്റീവ് അംഗം രത്‌നദീപ് മന്നയുടെ പരാതിയിൻ മേലാണ് കേസ് രജിസ്റ്റർ ചെയ്തത്.

2021 മെയ്‌ 29 ന് ഉച്ചയ്ക്ക് 12.30യോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുവേന്ദു അധികാരിയുടേയും അദ്ദേഹത്തിന്റെ സഹോദരനും കാന്തി മുൻസിപ്പാലിറ്റി മുൻ മുൻസിപ്പൽ ചീഫുമായ സൗമേന്ദു അധികാരിയുടെയും നിർദ്ദേശപ്രകാരം ലക്ഷക്കണക്കിന് രൂപ മൂല്യമുള്ള സാമഗ്രികൾ മുൻസിപ്പൽ ഗോഡൗണിനൽ നിന്നും നിയമവിരുദ്ധമായി പൂട്ട് പൊളിച്ച് ബലപ്രയോഗത്തിലൂടെ കൊണ്ടു പോയതായി ജൂൺ ഒന്നിന് കാന്തി പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.

അതേസസമയം ദുരിതാശ്വാസ സാമഗ്രികൾ തൃണമൂൽ കോൺഗ്രസ് മാറ്റിയതാണെന്ന് ബിജെപി ആരോപിച്ചു.എന്നാൽ സമാനമായ കുറ്റമാണ് സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ ചാർജ് ചെയ്തിട്ടുള്ളത്. മോഷണത്തിനാനയി തങ്ങളുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന സായുദ്ധ കേന്ദ്ര സേനയെ ബിജെപി നേതാക്കൾ ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ സംഭവവികാസങ്ങളോട് സുവേന്ദു അധികാരി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വഞ്ചന കേസിൽ സുവേന്ദു അധികാരിയുടെ അടുത്ത സഹായിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത ദിവസമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. 2019ൽ ജലപാത മന്ത്രാലയത്തിൽ ജോലി വാഗാദാനം ചെയ്ത് ഒരാളെ കബളിപ്പിച്ചു എന്നാലോപിച്ചാണ് രാഖൽ ബേരയെ അറസ്റ്റ് ചെയ്തത്. താൻ രണ്ടു ലക്ഷം രൂപ നൽകിയെങ്കിലും വാഗ്ദാനം ചെയ്ത ജോലി നൽകിയില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു.