മുംബൈ: നർകോടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ സോൺ മേധാവി സമീർ വാംഖഡെയുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആരോപണത്തിലും അന്വേഷണം. ദേശീയ പട്ടികജാതി കമ്മിഷൻ വൈസ് ചെയർമാൻ അരുൺ ഹാൽദർ സമീർ വാംഖഡെയുടെ വീട്ടിലെത്തി യഥാർത്ഥ രേഖകൾ പരിശോധിച്ചു. രേഖകളുമായി ബന്ധപ്പെട്ടുയരുന്നതിന്റെ പശ്ചാത്തലത്തിൽ യഥാർത്ഥ രേഖകൾ കാണുന്നതിന് വേണ്ടിയാണ് ഹൽദാർ വീട് സന്ദർശിച്ചത്.

അതിനിടെ ആരോപണം ഉന്നയിച്ചവർക്കെതിരെ അന്വേഷണം നടത്തുമെന്നും വാംഖഡെയുടെ ഭാര്യ ക്രാന്തി റെഡ്കാർ വാങ്കഡെ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ സമീർ വാംഖഡെയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. മുസ്ലിം ആയിരുന്നിട്ടും സമീർ വാംഖഡെ യു പി എസ് സി പരീക്ഷയിൽ സംവരണം ലഭിക്കാൻ പട്ടികജാതി എന്നാക്കി മാറ്റിയെന്നായിരുന്നു നവാബ് മാലിക്കിന്റെ ആരോപണം.

സമീർ വാംഖഡെയുടെ ആദ്യ ഭാര്യയായ ഷബാന ഖുറേഷിയുടെ ചിത്രവുമായി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. വിവാഹ സർട്ടിഫിക്കറ്റിൽ സമീർ ദാവൂദ് വാംഖഡെ എന്നായിരുന്നു പേര്. മഹർ നൽകിയ തുകയും രേഖപ്പെടുത്തിയിരുന്നു. ട്വിറ്ററിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ഇത് തള്ളിക്കൊണ്ട് സമീർ വാംഖഡെ രംഗത്തെത്തുകയും ചെയ്തിരുന്നു. തന്നെയും കുടുംബത്തെയും അപമാനിക്കുക എന്ന ഉദ്ദേശം മാത്രമാണ് അവർക്കുള്ളത് എന്നായിരുന്നു സമീർ വാംഖഡെ പറഞ്ഞിരുന്നത്.

നിലവിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്ത എൻസിബി ഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്ക് എതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ നേതാക്കൾ അടക്കം രംഗത്തുണ്ട്. അതിനിടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആരെങ്കിലും പരാതിപ്പെട്ടാൽ അന്വേഷണം നടത്താൻ തയ്യാറാണെന്നാണ് മഹാരാഷ്ട്ര സാമൂഹ്യനീതി മന്ത്രി ധനഞ്ജയ് മുണ്ടെ വ്യക്തമാക്കി.

ആഡംബര കപ്പലിലെ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് 25 കോടി കൈക്കൂലി ആവശ്യപ്പെട്ടു എന്ന കേസിൽ സമീർ വാംഖഡെ എൻ.സി.ബി. വിജിലൻസ് അന്വേഷണം നേരിട്ടു കൊണ്ടിരിക്കുകയാണ്. കേസിലെ സാക്ഷികളിലൊരാൾ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് സമീർ വാംഖഡെയ്ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്.

കേസിലെ സാക്ഷിയായ പ്രഭാകർ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് മുംബൈയിലെ എൻ.സി.ബി. ഉദ്യോഗസ്ഥർ ഡയറക്ടർ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീർ വാംഖഡെക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ലഹരിമരുന്ന് കേസിൽ പ്രതിയായ ആര്യൻ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും എൻ.സി.ബി. ഉദ്യോഗസ്ഥനായ സമീർ വാംഖഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകർ സെയിലിന്റെ ആരോപണം. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതിൽ എട്ട് കോടി സമീർ വാംഖഡെയ്ക്ക് നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ആകെ 25 കോടി രൂപയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും കേസിലെ സാക്ഷിയാക്കിയ തന്നിൽനിന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ വെള്ളപേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയെന്നും പ്രഭാകർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.

അതേ സമയം ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനൊപ്പം ജാമ്യം കിട്ടിയ സുഹൃത്തുക്കളായ അർബാസ് മർച്ചന്റും മുന്മുൻ ധമേച്ചയും ജയിൽ മോചിതരായി. നടപടി ക്രമങ്ങൾ തീരുന്നതിലെ കാലതാമസമാണ് ഇവരുടെ ജയിൽ മോചനവും വൈകിച്ചത്. അർബാസ് ആർതർ റോഡ് ജയിലിലും മുന്മുൻ ധമേച്ച ബൈക്കുള വനിതാ ജയിലിലും ആയിരുന്നു. മലയാളിയായ ശ്രേയസ് നായർ അടക്കം കേസിൽ അറസ്റ്റിലായ ഇരുപത് പേരിൽ പന്ത്രണ്ട് പേർക്കും ഇതിനോടകം ജാമ്യം കിട്ടിയിട്ടുണ്ട്.