ബർമർ: കാമുകിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പത്തൊമ്പതുകാരൻ നാണക്കേട് മൂലം പാക്കിസ്ഥാനിലേക്ക് ഒളിച്ചോടി. എന്നാൽ രക്ഷപ്പെട്ടോടിയെങ്കിലും എത്തിച്ചേർന്നത് പാക്കിസ്ഥാൻ പൊലീസിന്റെ കൈയിലും.രാജസ്ഥാനിലെ ബർമറിൽ നിന്ന് കാണാതായ യുവാവ് ഇപ്പോൾ പാക് പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.

പത്തൊമ്പതുകാരൻ ജോധ്പൂരിലാണ് ജോലി ചെയ്യുന്നത്.നവംബർ 16 മുതൽ യുവാവിനെ കാണാനില്ലെന്ന് കാണിച്ചാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.ഇയാൾ നാട്ടിലുള്ള കാമുകിയെ കാണാൻ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ഇത്തരത്തിൽ രഹസ്യ സമാഗമത്തിനെത്തിയപ്പോൾ കാമുകിയുടെ മാതാപിതാക്കൾ കയ്യോടെ പിടികൂടുകയായിരുന്നു. ഇതോടെ നാണക്കേട് ഭയന്ന് പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്നു. പാക്കിസ്ഥാൻ അതിർത്തി കടന്ന ഇയാളെ പാക് റേഞ്ചേർസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നവംബർ അഞ്ചിന് ഇയാൾ നാട്ടിലെത്തിയതായും, വീട്ടിൽ വരാതെ കാമുകിയുടെ വീട്ടിലേക്കാണ് പോയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പെൺകുട്ടിയുടെ വീട്ടുകാർ കണ്ടതോടെ പരിഭ്രാന്തനായ യുവാവ് അതിർത്തി കടക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.യുവാവ് പാക്കിസ്ഥാനിലേക്ക് പോയിരിക്കാമെന്ന സംശയത്തിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സുമായി പല തവണ ഫ്ളാഗ് മീറ്റിങ് നടത്തിയിരുന്നുവെന്ന് ബിഎസ്എഫ് ഡിഐജി എംഎൽ ഗാർഗ് അറിയിച്ചു. ചർച്ചകൾക്കൊടുവിൽ സിന്ദ് പൊലീസിന്റെ കസ്റ്റഡിയിൽ ഇയാളുണ്ടെന്ന വിവരം പാക് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുവാവിനെ വിട്ടു നൽകുമെന്ന് അധികൃതർ ഉറപ്പു നൽകിയതായി ബിഎസ്എഫ് അറിയിച്ചു.