തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിൽ കലാഭവൻ സോബിക്കെതിരെ സിബിഐ അന്വേഷണം നടത്തുന്നു. കേസിനെ വഴിതെറ്റിക്കുന്ന വിധത്തിൽ നിരന്തരം പ്രസ്താവനകളുമായി എത്തുകായണ് സോബിയെന്നാണ് സിബിഐക്കുള്ള പരാതി. നുണ പരിശോധനാ ഫലം പരാജയപ്പെട്ട ശേഷം സിബിഐയെ അവഹേളിക്കുന്ന വിധത്തിലാണ് ഇയാൾ തുടർ പ്രസ്താവനകളുമായി എത്തിയിരിക്കുന്നത്. സോബി പ്രശസ്തിക്കു വേണ്ടി മാറിമാറി ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നാണ് അന്വേഷണകർ കണ്ടെത്തിയിരിക്കുന്നത്.

കലാഭവനിൽ സൗണ്ട് റിക്കോർഡിസ്റ്റായിരുന്ന സോബി പിന്നീട് അവിടം വിട്ടു സ്വന്തം ട്രൂപ്പ് തുടങ്ങി. സാമ്പത്തിക തട്ടിപ്പിനു വിവിധ ജില്ലകളിൽ കേസുണ്ട്. സോബിയുടെ വിശദമായ ചരിത്രം അന്വേഷിക്കാനും സിബിഐ തീരുമാനിച്ചു. ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയെന്ന നിഗമനത്തിലാണ് സിബിഐയും എത്തുന്നത്. അപകടസ്ഥലത്തു സ്വർണക്കടത്തു സംഘത്തിലെ ചിലരെ കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴി സാധൂകരിക്കുന്ന ഒരു തെളിവും സിബിഐക്കു ലഭിച്ചില്ല.

നുണ പരിശോധനാ ഫലം വിശകലനം ചെയ്തപ്പോഴും സോബിയുടെ മൊഴി വിശ്വസനീയമല്ലെന്നാണു സിബിഐ വിലയിരുത്തൽ. മാത്രമല്ല, അപകടസ്ഥലത്തു സോബി കണ്ടെന്നു പറഞ്ഞയാൾ ആ സമയത്തു ബെംഗളൂരുവിലായിരുന്നെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. കേസ് അന്വേഷിച്ച ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അപകടത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലായിരുന്നു.

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബർ 25 ന് പുലർച്ചെയാണു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അദ്ദേഹവും മകളും മരിച്ചു. ഭാര്യയ്ക്കു ഗുരുതര പരുക്കേറ്റു. ഈ അപകടത്തിനു പിന്നാലെ അതുവഴി കാറിൽ പോയ താൻ ദുരൂഹ സാഹചര്യത്തിൽ ചിലരെ അവിടെ കണ്ടെന്നായിരുന്നു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. പിന്നീടു തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് അന്വേഷിച്ച ഡിആർഐ സംഘം കള്ളക്കടത്തുകാരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ അതിലൊരാൾ അന്ന് അപകടസ്ഥലത്തുണ്ടായിരുന്നെന്നും മൊഴി നൽകിയിരുന്നു.

താൻ സംഭവസ്ഥലത്ത് എത്തുന്നതിനു മുൻപു ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണു സോബി സിബിഐക്കു മൊഴി നൽകിയത്. സോബി അടിക്കടി പുതിയ വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാൻ തെളിവില്ലാത്ത അവസ്ഥയിലാണ് അന്വേഷകർ. അപകടസമയത്തു വാഹനമോടിച്ചതു ബാലഭാസ്‌കറായിരുന്നുവെന്ന ഡ്രൈവർ അർജുന്റെ മൊഴി കള്ളമാണെന്നും പരിശോധനയിൽ സിബിഐ കണ്ടെത്തി. താനാണു കാർ ഓടിച്ചിരുന്നതെന്ന കാര്യം കേസ് ഭയന്നാണ് അർജുൻ മറച്ചുവച്ചതെന്നാണു സൂചന. ഫലത്തിൽ, ബാലഭാസ്‌കറുമായി അടുപ്പമുള്ള പലരും സ്വർണക്കടത്തു നടത്തിയിട്ടുണ്ടെങ്കിലും അപകടവുമായി അതിനു ബന്ധമില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ സിബിഐ.

അതേസമയം എന്റെ മൊഴികൾ നുണയാണെന്നു പ്രചരിപ്പിക്കുന്നതു കേസ് അട്ടിമറിക്കാനാണെന്നാണ് സോബിയുടെ പതുയി വാദം. ബ്രെയിൻ മാപ്പിങ് വേണമെന്നാണു സിബിഐയോട് ആവശ്യപ്പെട്ടത്. അതു ചെയ്യാതെ നുണ പരിശോധന നടത്തിയതു കേസ് ഒതുക്കാനാണെന്നു സംശയമുണ്ടെന്നും ഇയാൾ പറയുന്നു. തന്നെ അപായപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്ന് വരുത്തിത്തീർക്കുമെന്ന് ഇസ്രയേലിലുള്ള കോതമംഗലം സ്വദേശിനി നാട്ടിൽ പലരോടും പറഞ്ഞതായാണ് സോബി ഇപ്പോൾ ആരോപിക്കുന്ന പുതിയ കാര്യം.

ഇസ്രയേലിൽ നഴ്‌സായി ജോലി ചെയ്യുന്ന ഈ യുവതിയാണ് കേസ് നിയന്ത്രിക്കുന്നതെന്നാണ് ഇപ്പോൾ സംശയിക്കുന്നതെന്നും ഇയാൾ പരുയുന്നു. 20 ദിവസം മുമ്പ് സിബിഐ ഇത്തരത്തിൽ റിപ്പോർട്ട് നൽകുമെന്ന് നാട്ടിൽ ചിലരെ വിളിച്ച് പറഞ്ഞപ്പോൾ ആ വിവരം താൻ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചതാണ്. അതുപോലെ തന്നെ വാർത്തകൾ വരുമ്പോൾ താൻ അന്വേഷണം അട്ടിമറിക്കപ്പെട്ടതായാണ് വിശ്വസിക്കുന്നത്. ഇപ്പോൾ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പി അനന്തകൃഷ്ണൻ സാറിനെ വിശ്വാസമാണ്. എന്നാൽ ചിലരെ സംശയമുണ്ട്.

ഇസ്രയേലിലുള്ള യുവതിയെക്കുറിച്ച് വിവരം നൽകിയിട്ട് അന്വേഷണ സംഘം ചെറുവിരൽ പോലും അനക്കിയിട്ടില്ല. ഓരോ തവണയും കാര്യങ്ങൾ മാറ്റിപ്പറയുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. താൻ ഒരു കാര്യവും മാറ്റിപ്പറഞ്ഞിട്ടില്ല. പലപ്പോഴും പറഞ്ഞതിൽ കൂടുതൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു വിഐപിയുടെ പേര് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നത്. ഗതികെട്ടിട്ടാണ് ആ പേര് വെളിപ്പെടുത്തിയത്. വൈകാതെ ഈ യുവതിയുടെയും വിഐപിയുടെയും പേരുകൾ പുറത്തു വിടും.

ഇനി അന്വേഷണ ഏജൻസി വിളിച്ചാൽ കോടതി വഴിയെ ബന്ധപ്പെടൂ. കേസിൽനിന്ന് പിന്മാറുന്നില്ല. തനിക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ല. ഒരിക്കലും ചെയ്യുകയുമില്ല. പക്ഷെ മരിച്ചാൽ ഈ കോതമംഗലം സ്വദേശിനിയും അന്വേഷണ സംഘവുമായിരിക്കും ഉത്തരവാദികൾ. ഈ കേസ് അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ എന്നെ ബലിയാടാക്കുകയാണ്. ബാലുവിന്റേത് അപകടമരണമല്ല, ഏറ്റവും വലിയ കൊലപാതകമായിരുന്നെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.