കോഴിക്കോട്: സോളാർ കേസിലെ സി ബി ഐ അന്വേഷണത്തിൽ സത്യ തെളിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി ബി ഐ അന്വേഷണത്തിൽ രാഷ്ട്രീയമുണ്ടാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലുമടക്കം പ്രതികളായ സോളാർ കേസിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയത് സി പി എം ആണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ അബ്ദുള്ളക്കുട്ടി നിരപരാധിയാണോ എന്ന ചോദ്യത്തിന് കെ സുരേന്ദ്രൻ വ്യക്തമായി പ്രതളകരിച്ചില്ല

കേസിൽ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, അബ്ദുള്ള കുട്ടി എന്നിവർക്കെതിരെ എഫ്‌ഐആർ നൽകി. സ്ത്രീപീഡനം, സാമ്പത്തിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്.

സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കേസ് കൈമാറി അഞ്ചരമാസത്തിന് ശേഷമാണ് അന്വേഷണം ആരംഭിക്കുന്നത്. സ്ത്രീപീഡനം, സാമ്പത്തിക ചൂഷണം എന്നീ പരാതിയിലൂന്നിയാണ് അന്വേഷണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടാഴ്ച മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്.

വരും ദിവസങ്ങളിൽ പരാതിക്കാരിയുടെ മൊഴി എടുക്കും. ക്രൈംബ്രാഞ്ച് രേഖകൾ പരിശോധിച്ചായിരിക്കും അന്വേഷണം മുന്നോട്ടുപോകുക. എട്ട് വർഷം മുമ്പുള്ള ആരോപണങ്ങൾക്ക് കഴമ്പുണ്ടോ എന്ന് തെളിയിക്കുക സിബിഐക്ക് ശ്രമകരമാകും.