ഹത്രസ്: രാജ്യത്തെ ഞെട്ടിച്ച ഹത്രസ്സ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു.സംഭവത്തിൽ പ്രതികൾ ഇരുപതുകാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊല്ലുകയായിരുന്നുവെന്നു സിബിഐ വ്യക്തമാക്കി. ഇരുപതുകാരിയായ ദലിത് പെൺകുട്ടിയെ നാലു പ്രതികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഹത്രസ്സ് കോടതിയിൽ ഇന്ന് ഉച്ചയോടെയാണ് കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. സംഭവം നടന്ന് മൂന്നു മാസത്തിനുശേഷമാണ് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.പുറമേ പ്രതികൾക്കെതിരെ എസ്സി/എസ്ടി അതിക്രമ നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.

യു പി പൊലീസിന്റെ വാദഗതികളെ തള്ളുന്നതാണ് സിബിഐയുടെ കുറ്റപത്രം.ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു, മെഡിക്കൽ റിപ്പോർട്ടുകൾ ഉദ്ധരിച്ച് യുപി പൊലീസ് അവകാശപ്പെട്ടത്.ഉത്തർപ്രദേശിലെ ഹത്രസിൽ സെപ്റ്റംബർ 14നാണ് യുവതി കൊടുംക്രൂരതയ്ക്കിരയായി മരിച്ചത്.നാല് പേർ ചേർന്നാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.അവശനിലയിൽ വയലിൽ കണ്ടെത്തിയ പെൺകുട്ടിയെ ആദ്യം അലിഗഢിലെ ആശുപത്രിയിലും പിന്നീട് ഡൽഹി സഫ്ദർജങ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ മരിച്ചു. സെപ്റ്റംബർ 30ന് പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതി കൂടാതെ അർധരാത്രി പൊലീസ് സംസ്‌കരിച്ചതു വൻ വിവാദമായിരുന്നു. പ്രതിഷേധം ഭയന്നായിരുന്നു ഇതെന്നാണ് യുപി പൊലീസ് പറഞ്ഞത്. തുടർന്ന് കേസന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ നടത്തുമെന്ന് സുപ്രീം കോടതി ഒക്ടോബറിൽ നിർദ്ദേശിക്കുകയായിരുന്നു.

തങ്ങൾക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും യുവതിയുടെ അമ്മയും സഹോദരനും അവളെ പീഡിപ്പിച്ചിരുന്നുവെന്നും കാട്ടി പ്രതികൾ ജയിലിൽനിന്നു യുപി പൊലീസിനു കത്തെഴുതിയിരുന്നു.കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യം പരിഗണിച്ച അലഹാബാദ് ഹൈക്കോടതി കേസിൽ വാദം കേൾക്കുന്നത് ജനുവരി 27ലേക്കു മാറ്റിയിരിക്കുകയാണ്.