ന്യൂഡൽഹി: അഖാഡ പരിഷത്ത് അധ്യക്ഷൻ നരേന്ദ്രഗിരിയുടെ മരണത്തിൽ അന്വേഷണം സിബിഐ ഉടൻ ഏറ്റെടുക്കും. യുപി സർക്കാർ സിബിഐ അന്വേഷണത്തിന് കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം

നരേന്ദ്രഗിരിയുടെ മരണത്തിന് പിന്നാലെ അഖാഡ പരിഷത്ത് അടക്കം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കൂടാതെ അലഹബാദിൽ ഹൈക്കോടതിയിലും ഇതുസംബന്ധിച്ച് ഹർജി എത്തി. ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് കേസ് സിബിഐ അന്വേഷണത്തിന് യുപി സർക്കാർ ശുപാർശ. കേസിൽ പ്രാഥമിക വിവരങ്ങൾ യുപി പൊലീസിൽ നിന്നും സിബിഐ തേടിയിട്ടുണ്ട്. നാളെയോടെ കേസ് ഏറ്റെടുക്കുന്നതിനായി ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന വിവരം.

കേസിൽ ഇതുവരെ മൂന്ന് പേരാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്. നരേന്ദ്രഗിരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. കഴുത്തിൽ വി ആകൃതി പാടുകൾ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ബലപ്രയോഗം നടന്നതായുള്ള തെളിവുകൾ കണ്ടെത്തിയിട്ടില്ല. ആത്മഹത്യ എന്നത് ശരിവെക്കുന്നതാണ് പ്രാഥമിക റിപ്പോർട്ടെന്നാണ് സൂചന. ഇതിനിടെ അറസ്റ്റിലായ ആനന്ദ് ഗിരിയെ പിന്തുണച്ച് കുടുംബം രംഗത്തെത്തി. ആരോപണങ്ങൾ കളവാണെന്നും ആനന്ദ് ഗിരിക്ക് ആരെയും കൊല്ലാനാകില്ലെന്നുമാണ് കുടുംബം പറയുന്നത്.

നരേന്ദ്രഗിരിയുടെ മറ്റൊരു അനുയായിയായ അമിർഗിരി നൽകിയ പരാതിയിലാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തത്. കേസിൽ നിലവിൽ ആനന്ദ്ഗിരിയെയാണ് പ്രതി ചേർത്തിരിക്കുന്നത്. ആനന്ദ് ഗിരിയെ കോടതിയിൽ ഹാജരാക്കി. 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ആശ്രമവുമായി ബന്ധപ്പെട്ടുള്ള ചില തർക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇതിനിടെ അഖാഡ പരിഷത്തിന്റെ പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ പരിഷത്തിന്റെ യോഗം പതിനാറ് ദിവസത്തിന് ശേഷം ചേരും.

തിങ്കളാഴ്ച വൈകിട്ടാണ് നരേന്ദ്രഗിരിയെ പ്രയാഗ് രാജിലെ ബഘംബരി മഠത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉച്ചകഴിഞ്ഞിട്ടും അദ്ദേഹം മുറിയിൽനിന്ന് പുറത്തുവരാത്തതിനാൽ ശിഷ്യന്മാർ വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നതോടെയാണ് നരേന്ദ്രഗിരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.