കൊച്ചി: മോഹൻലാലിന്റെ ആദ്യ സംവിധായക സംരഭത്തിന് ആശംസകളുമായി ഇന്ത്യൻ സിനിമാ ലോകം. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നവോദയ സ്റ്റുഡിയോയിൽ നടന്നതിന് പിന്നാലെയാണ് ചിത്രത്തിന് ആശംസകളുമായി അമിതാബച്ചൻ, സുരേഷ് ഗോപി, ടോവിനോ തോമസ് ഉൾപ്പടെ നിരവധി സിനിമാ താരങ്ങൾ ആശംസകൾ നേർന്ന് രംഗത്തെത്തിയത്.

ബിഗ്‌ബിയാണ് ബറോസിന് ആശംസകളുമായി ആദ്യമായി എത്തിയത്.'മോഹൻലാലിന്റെ ആദ്യ സംവിധാനസംരംഭമായ ബറോസിന് വലിയ വിജയവും ഉയർച്ചയും ഉണ്ടാകട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ട്വിറ്റർ വഴിയാണ് അദ്ദേഹം മോഹൻലാലിന് ആശംസകൾ അറിയിച്ചത്. വൈകാതെ മോഹൻലാലിന്റെ മറുപടിയും എത്തി: ' സർ, നിങ്ങളുടെ വൈകാരികത നിറഞ്ഞ വാക്കുകൾ നന്ദിയോടെ ഞാൻ ഉൾക്കൊള്ളുന്നു. ഹൃദയസ്പർശിയായ അങ്ങയുടെ വാക്കുകൾ ഞാൻ സ്വീകരിക്കുന്നു. അങ്ങയുടെ അനുഗ്രഹം ഞാൻ എല്ലായ്‌പ്പോഴും വിലമതിക്കുന്നു. നിങ്ങളോടുള്ള എന്റെ ബഹുമാനവും ആരാധനയും ഇനിയും തുടരും.''എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

എന്റെ പ്രിയപ്പെട്ട ലാലിന് എന്ന ആമുഖത്തോടെയാണ് സുരേഷ് ഗോപി ആശംസക്കുറിപ്പ് തുടങ്ങുന്നത്.''അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയും, പാടാൻ കഴിയും, ശരീരം നന്നായി ചലിപ്പിക്കാൻ സാധിക്കും, ഒപ്പം തന്റെ കഴിവിനെ സമ്പന്നമാക്കുന്നതിന് എന്ത് വേണമെങ്കിലും ചെയ്യാൻ കഴിയും! ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയിൽ, ഒരു പുതിയ യാത്ര ആരംഭിക്കുകയാണ്. ഈ അതിശയകരമായ തുടക്കത്തിൽ, എന്റെ പ്രിയപ്പെട്ട ലാലിന് ഏറ്റവും മികച്ച വിജയം നേരുന്നു! ബറോസിന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ സ്‌നേഹം,'' എന്നാണ് സുരേഷ് ഗോപി കുറിച്ചത്.

മോഹൻലാൽ എന്ന അതുല്യ നടന്റെ നടന വിസ്മയങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് ! മോഹൻലാൽ എന്ന സംവിധായകൻ വെള്ളിത്തിരയിൽ സൃഷ്ടിക്കാൻ പോകുന്ന വിസ്മയങ്ങൾക്കായുള്ള കാത്തിരിപ്പ് ഇന്ന് തുടങ്ങുന്നു.ഓൾ ദ ബെസ്റ്റ് ലാലേട്ട എന്നായിരുന്നു ടോവിനോയുടെ പ്രതികരണം.

പ്രിയപ്പെട്ട ലാലേട്ടന്റെ ആദ്യ സംവിധാനം.....മലയാളിക്കിത് അഭിമാന നിമിഷം.... രമേഷ് പിഷാരടി ഫേസ്‌ബുക്കിൽ കുറിച്ചു.

ചിത്രത്തെക്കുറിച്ചും മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ചും വികാരനിർഭരമായിട്ടായിരുന്നു പൂജ ചടങ്ങിൽ മമ്മൂട്ടി സംസാരിച്ചത്. 'നമ്മൾ എല്ലാവരും ഒരു വലിയ സംരഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. മലയാള സിനിമയിൽ ഒരുപാട് നടന്മാർ സംവിധായകർ ആയിട്ടുണ്ട്. പക്ഷേ മറ്റ് ഭാഷകളെ അപേക്ഷിച്ച് നോക്കുമ്പോൾ നമ്മളുടെ എണ്ണം കുറവാണ്. ഏറ്റവും അവസാനം വന്നത് പൃഥ്വിരാജാണ്. ഇപ്പോ അരയും തലയും മുറുക്കി മോഹൻലാലും ഇറങ്ങിയിരിക്കുകയാണ് സംവിധാനത്തിന്. എന്തായാലും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സിനിമ അനുഭവം ഈ സിനിമയ്ക്ക് വലിയൊരു മുതൽക്കൂട്ടായിരിക്കും എന്ന് തന്നെയാണ് നമ്മൾ കരുതുന്നത്. 40 വർഷത്തിലേറെയായി ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളർച്ചയും തതകർച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങൾ ഈ 40 വർഷം സഞ്ചരിച്ചത്.

ഞങ്ങൾ ഒപ്പം അല്ലെങ്കിൽ ഞങ്ങൾ സിനിമയോടൊപ്പമാണ് വളർന്നത്. മലയാള സിനിമ വളർന്ന് രാജ്യാന്തരങ്ങളും ലോകാന്തരങ്ങളുമൊക്കെ കടന്ന് ഇപ്പോൾ ബറോസിൽ എത്തി നിൽക്കുകയാണ്. ഈ നിമിഷം ഒരു പക്ഷെ മലയാളികൾക്ക് എന്നും അഭിമാനിക്കാനും ആഹ്ളാദിക്കാനും സാധിക്കുന്ന സുന്ദര നിമിഷമാണ്.ഇത് നമ്മുടെ എല്ലാം പ്രിയങ്കരനായ മോഹൻലാൽ സംവിധായകനായി എന്നതിന് അപ്പുറത്തേക്ക്, അദ്ദേഹം സംവിധാനം ചെയ്യാൻ പോകുന്നത് ഒരു രാജ്യാന്തര ശ്രദ്ധ നേടാൻ പോകുന്ന സിനിമയാണ്.ഇത് മലയാളി പ്രേക്ഷകർക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ള സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരിലേക്കും ഒരു പോലെ എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയായി ബറോസ് മാറും എന്ന് തന്നെയാണ് നമ്മൾ എല്ലാവരും പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സിനിമയുടെ തുടക്കത്തിന് ഭാഗമാകാൻ ഇവിടെ എത്തിച്ചേരാൻ സാധ്യമായത് തന്നെ ഭാഗ്യമായി ഞാൻ കാണുന്നു.

എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് വേറെ എന്തോ വൈകാരികമായി ഞങ്ങളെ അടിപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങൾ ഉണ്ട്. ഈ നിമിഷത്തിൽ ഞാൻ അദ്ദേഹത്തിന് എന്റെ സർവ്വ പിന്തുണയും, ആശംസയും നേരുന്നു.' എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ

 ഇന്നാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ എത്തി. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു. ബറോസിൽ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേൽ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്‌സ് ആൻഡ് ലൂസിയ, ഓൾ റോഡ്സ് ലീഡ്സ് ടു ഹെവൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.