തിരുവനന്തപുരം: കേരളത്തിലെ കർഷകർക്കും കേന്ദ്രസർക്കാറിന്റെ കൈത്താങ്ങ്. കാർഷിക ഉത്പന്നങ്ങളുടെ സംഭരണ, വിപണന, സംസ്‌ക്കരണ മേഖലയിൽ മോദി സർക്കാരിന്റെ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കിൽ രണ്ടു കോടി രൂപ വരെ ലോൺ അനുവദിക്കുന്നു. 7 വർഷ കാലാവധിയിൽ തിരിച്ചടവ് വരുന്ന ലോൺ തുക ആദ്യ മൂന്നു വർഷ ഗഡുക്കളായിട്ടാണ് അനുവദിക്കുന്നത്. പ്രൈമറി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, കർഷക കൂട്ടായ്മകൾ, കാർഷിക സംരഭകർ, സ്റ്റാർട്ട് അപ്പുകൾ, മാർക്കറ്റിങ് സൊസൈറ്റികൾ, പബ്ലിക് പ്രൈവറ്റ് പാർട്ട്ണർഷിപ്പ് എന്നിവർക്ക് ലോൺ അനുവദിക്കും.

കാർഷിക ഉത്പന്നങ്ങളുടെ വിപണന ശൃംഖല തുടങ്ങുക, ഇ-വിപണിക്കായുള്ള സൗകര്യം ഒരുക്കുക, കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിന് (സംഭരണികൾ) നിർമ്മിക്കുക, പാക്ക് ഹൗസുകൾ ഉത്പന്നങ്ങൾ തരംതിരിച്ച് ഗ്രേഡ് ചെയ്യുന്നതിനുള്ള സോർട്ടിങ് ഗ്രേഡിങ് പാക്കറ്റ് യൂണിറ്റുകൾ ഒരുക്കുക, ശീതീകണ ശൃംഖല സൃഷ്ടിക്കുക, കാർഷിക വിവര സാങ്കേതിക വിദ്യ കൈമാറുന്നതിനുള്ള സ്ഥാപനം, പ്രൈമറി സംസ്‌കരണ ശാലകൾ നിർമ്മിക്കുക, റൈപ്പനിങ് ചേമ്പർ നിർമ്മിക്കുക, ജൈവ ജീവാണു വളങ്ങൾ ഉത്പാദിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ, സൂക്ഷ്മ കൃഷി രീതി സമ്പ്രാദായങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുക, ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള വിതരണ ശൃംഖല സൃഷ്ടിക്കുക, ജൈവ വളക്കൂട്ടുകൾ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾ സ്ഥാപിക്കുക മുതലായ പ്രോജക്ടുകൾക്കാണ് എഐഎഫ് ലോൺ ലഭ്യമാക്കുന്നത്. ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ, ഷെഡ്യൂൾഡ് കൊ- ഓപ്പറേറ്റീവ് ബാങ്കുകൾ പോലുള്ള നബാർഡുമായി ധാരണപത്രത്തിൽ ഏർപ്പെട്ട ധനകാര്യ സ്ഥാപനങ്ങൾ വഴി ലോൺ ലഭിക്കും.

ലോൺ ആവശ്യമുള്ള അപേക്ഷകർ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷാഫോം പൂരിപ്പിച്ച് ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് അപ്ലോഡ് ചെയ്യണം. പ്രോജക്ട് തുകയുടെ 10% ഗുണഭോക്തോക്കൾ വഹിക്കണം.