ന്യൂഡൽഹി: ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ സംഘർഷ സ്ഥലത്ത് തന്റെ മകന്റെ സാന്നിധ്യമുണ്ടായിരുന്നതായി തെളിഞ്ഞാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ചിരുന്ന കാറാണ് കർഷകർക്കിടയിലേക്ക് പാഞ്ഞുകയറിയത്. തുടർന്ന് യു.പി പൊലീസ് അജയ് മിശ്ര ഉൾപ്പെടെ 13 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

'ലഖിംപൂർ ഖേരിയിലെ പ്രക്ഷോഭസ്ഥലത്ത് എന്റെ മകന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന ഒരു തെളിവ് ലഭിച്ചാൽ ഞാൻ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കും'-അജയ് മിശ്ര പറഞ്ഞു. മകനെതിരായ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു.

ഞായറാഴ്ച കർഷകരുടെ പ്രതിഷേധത്തിന് ഇടയിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ നാലുകർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു. തിക്കുനിയയിൽ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രക്ഷോഭവുമായി പോയതായിരുന്നു കർഷകർ. ഇതിനിടെയാണ് അക്രമസംഭവങ്ങൾ അരങ്ങേറുന്നത്. അക്രമസംഭവങ്ങളിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം കർഷകർ മന്ത്രിയുടെ വാഹനവ്യൂഹം ആക്രമിച്ചുവെന്നും നാലുപേരെ കൊലപ്പെടുത്തിയെന്നും ഇതിൽ ബിജെപി പ്രവർത്തകരും ഉൾപ്പെടുമെന്നും അജയ് മിശ്ര ആരോപിച്ചിരുന്നു.