കൊൽക്കത്ത: ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമമുണ്ടായ സംഭവത്തിൽ പ്രതികാര നടപടിയുമായി കേന്ദ്രം. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേന്ദ്രത്തിന്റെ നടപടി.സുരക്ഷാ ചുമതലയിലുണ്ടാ
യിരുന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെയും കേന്ദ്രസർക്കാർ അടിയന്തരമായി തിരിച്ചുവിളിച്ചിരിക്കുകയാണ്. മൂന്ന് ഐപിഎസ് ഓഫീസർമാരെ ഉടനടി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് വിട്ടയയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് അയച്ചു. ഡയമണ്ട് ഹാർബർ എസ്‌പി ഭോലാനാഥ് പാണ്ഡെ, പ്രസിഡൻസി റേഞ്ച് ഡിഐജി പ്രവീൺ ത്രിപാഠി, സൗത്ത് ബംഗാൾ എഡിജിപി രാജീവ് മിശ്ര എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ഐപിഎസ് കേഡർ റൂൾ 6(1) പ്രകാരമാണ് കേന്ദ്രസർക്കാർ നടപടി.

ഈ മൂന്ന് ഉദ്യോഗസ്ഥർക്കും കേന്ദ്ര സർവീസിൽ പുതിയ നിയമനങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും എത്രയും വേഗം മടക്കി അയയ്ക്കണമെന്നും നോട്ടീസിൽ പറയുന്നു. ഭോലാനാഥ് പാണ്ഡെയെ പൊലീസ് റിസർച്ച് ആൻഡ് ഡെവല്പ്മെന്റ് ബ്യൂറോ എസ്‌പി ആയിട്ടാണ് നിയമിച്ചിരിക്കുന്നത്. ശശ്ത്ര സീമ ബാൽ ഡിഐജി ആയിട്ടാണ് പ്രവീൺ ത്രിപാഠിക്ക് നിയമനം. രാജീവ് മിശ്രയ്ക്ക് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് ഐജിയായാണ് നിയമനം.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാൽ മുഖ്യമന്ത്രി മംമത ബാനർജി രംഗത്തെത്തി.ട്വീറ്ററിലൂടെയായിരുന്നു മംമതയുടെ പ്രതികരണം.കേന്ദ്രസർക്കാർ നടപടി 1954ലെ ഐപിഎസ് വ്യവസ്ഥയുടെ ദുരുപയോഗവും അധികാര ദുർവിനിയോഗവു
മാണെന്ന് മമത പറഞ്ഞു.കേന്ദ്രസർക്കാരിന്റെ ഈ നടപടി സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറലും ഐപിഎസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്നതുമാണ്.തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഇത്തരത്തിലുള്ള നീക്കങ്ങൾ ഫെഡൽ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്.സംസ്ഥാന ഭരണസംവിധാനങ്ങളെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഈ നാണംകെട്ട നിഴൽ യുദ്ധത്തെ തങ്ങൾ അംഗീകരിച്ചു തരില്ലെന്നും മമത ട്വിറ്ററിൽ കുറിച്ചു.

2021 ൽ പശ്ചിമബംഗാളിൽ നടക്കുന്ന തെരഞ്ഞടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്താനായി എത്തിയപ്പോഴാണ് അദ്ധ്യക്ഷൻ ജെപി നദ്ദയുടെ വാഹനത്തിന് നേരെ അക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ്സ് ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചിരുന്നു.പാർട്ടി പതാകയും വടികളുമായ് തൃണമൂൽ പ്രവർത്തകർ വഴി നീളെ തങ്ങളുടെ വാഹനങ്ങളെ അക്രമിച്ചതായും കല്ലും ഇഷ്ടികയും അവർ വാഹനത്തിന് നേരെ എറിഞ്ഞുവെന്നുമായിരുന്നു പ്രതികരണം. അക്രമത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു.നദ്ദയ്ക്കു നേരെ ഉണ്ടായ അക്രമത്തിന് പുറമെ ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയുടെയും ബിജെപിയുടെ ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ വാഹനവും അക്രമിക്കപ്പെട്ടിരുന്നു.

സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് തുടർ ദിവസങ്ങളിൽ ഉണ്ടായത്.ആക്രമത്തിന് പിന്നാലെ, പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സുരക്ഷാ വീഴ്ചയുണ്ടായതായി കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാന ബിജെപി ഓഫീസ് നദ്ദ സന്ദർശിച്ചപ്പോൾ അക്രമികൾ നിർത്തിയിട്ട കാറിന് മുകളിൽ ചാടി കയറിയെന്നും, നദ്ദയുടെ പരിപാടിക്ക് പൊലീസിന്റെ സാന്നിധ്യം പോലുമുണ്ടായിരുന്നില്ല എന്നും കത്തിൽ പരാമർശമുണ്ടായിരുന്നു.മുദ്രാവാക്യം വിളികളുമായി ഇരുന്നൂറിലധികം വരുന്ന ആൾക്കൂട്ടം കയ്യിൽ വടികളുമായി പാർട്ടി ഓഫീസിന് മുന്നിൽ ഉണ്ടായിരുന്നതായും, അക്രമികളെ തടയാതെ നോക്കി നിൽക്കുകയായിരുന്നു പൊലീസെന്നും അദ്ദേഹം അമിത്ഷായ്ക്ക് അയച്ച കത്തിൽ ആരോപിച്ചു.ഇതിനുപിന്നാലെയാണ് അക്രമികൾക്കെതിരെ കനത്ത തിരിച്ചടി നൽകുമെന്ന പരസ്യ പ്രസ്താവനയുമായി ദീലീപ്‌ഘോഷ് രംഗത്ത് വന്നത്.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിലിപ് ഘോഷ് താക്കീത് നൽകിയത്. ആക്രമണത്തിന് തൃണമൂൽ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം കുറിച്ചു.

അതേസമയം ബിജെപിയുടെ ആരോപണങ്ങളെ നിഷേധിച്ച് തൃണമൂൽ എംപി സൗഗതാ റോയ് രംഗത്ത് വന്നിരുന്നു. ബിജെപി അദ്ധ്യക്ഷന് യാത്ര ചെയ്യാൻ ഓരോ ഇഞ്ചിലും പൊലീസിനെ വിന്യസിക്കാനാവില്ല. നിലവിലെ സാഹചര്യങ്ങളിൽ ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധം ഉണ്ടായിരിക്കാം. അതാണ് കാണാൻ സാധിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.