ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരേ ഉണ്ടായ ആക്രമണത്തോടെ മമത ബാനർജിക്ക് കടിഞ്ഞാണിടാൻ ഉറച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ബിജെപി ദേശീയ അദ്ധ്യക്ഷന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്നു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരികെ വിളിച്ചു. രാജീവ് മിശ്ര. പ്രവീൺ കുമാർ, ബോലാനാഥ് പാണ്ഡെ എന്നിവരെയാണ് കേന്ദ്ര ഡപ്യൂട്ടേഷനിലേക്ക് വിളിപ്പിച്ചത്. 1996 ബാച്ച് ഐപിഎസ് ഓഫീസറായ രാജീവ് മിശ്ര ദക്ഷിണ ബംഗാൾ ഐജി ആയിരുന്നു. പ്രവീൺ കുമാർ ത്രിപാഠി പ്രസിഡൻസി റേഞ്ച് ഡിഐജിയും, ബോലാ നാഥ് പാണ്ഡെ ഡയമണ്ട്ഹാർബർ എസ്‌പിയുമായിരുന്നു.

നഡ്ഡയുടെ വാഹനവ്യൂഹത്തിലെ നിരവധി വാഹനങ്ങൾക്ക് അക്രമികളുടെ കല്ലേറിൽ കേടുപറ്റുകയും നിരവധി പ്രവർത്തകർക്ക് പരുക്ക് പറ്റുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് നഡ്ഡ ഡയമൺഡ് ഹാർബറിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ പോകവേയായിരുന്നു തൃണമൂൽ കൊടികൾ ഏന്തിയവരുടെ ആക്രമണം.കല്ലുകളും ഇഷ്ടികകളും കൊണ്ടുള്ള ആക്രമണത്തിൽ ബിജെപി നേതാക്കളായ മുകുൾ റോയിക്കും കൈലാഷ് വിജയ്‌വർഗിയക്കും പരിക്കേറ്റിരുന്നു ഇതേതുടർന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധങ്കർ സംസ്ഥാനത്തെ മോശം സാഹചര്യങ്ങളെ കുറിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് അയച്ചു. ജെ പി നദ്ദയ്ക്ക് മതിയായ സുരക്ഷ നൽകിയിരുന്നില്ലെന്നും ബംഗാൾ പൊലീസ് മേധാവിയോട് നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രി ഭരണഘടനാനുസൃതമായി പ്രവർത്തിക്കണമെന്ന് ഗവർണർ പ്രതികരിച്ചു. തീകൊണ്ട് കളിക്കരുതെന്നും ഗവർണർ മമതയ്ക്ക് മുന്നറിയിപ്പ് നൽകി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിയെയും ഡി ജി പി യേയും കഴിഞ്ഞദിവസം ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. തിങ്കളാഴ്ച എത്താനായിരുന്നു ഇരുവരോടും ആവശ്യപ്പെട്ടത്. എന്നാൽ അസാധാരണമായ ഈ നടപടിക്കെതിരെ രംഗത്തെതിയ മമതാ ബാനർജി ഇരുവരും ഡൽഹിയിലേക്ക് പോകില്ല എന്ന് അറിയിച്ചു. കേന്ദ്രസർക്കാർ ഇരുവരെയും വിളിപ്പിച്ചതിനെതിരെ തൃണമൂൽ എംപി കല്യാൺ ബാനർജി പ്രതിഷേധസൂചകമായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയ്ക്ക് കത്തയച്ചുയ ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ ചുമതലയാണെന്നും കേന്ദ്രത്തിന് ഇത്തരത്തിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ആവില്ലെന്നും ആയിരുന്നു കത്തിന്റെ കാതൽ.


അതേസമയം, നഡ്ഡയുടെ സന്ദർശനം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനർജയുടെ ന്യായം. ആക്രമണം നാടകമാണ്. ബിജെപിക്കാർക്ക് വേറെ പണിയൊന്നുമില്ലെന്നും മമത പരിഹസിച്ചു. യോഗസ്ഥലത്ത് തനിക്ക് എത്താനായത് ദുർഗാ ദേവിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണെന്ന് നഡ്ഡ പറഞ്ഞു. ഗൂണ്ടാരാജ് തുടരാൻ അനുവദിക്കാനാകില്ല. ഇതു ജംഗിൾ രാജാണ്. ഭരണകൂടം തകർന്നു' റാലിയെ അഭിസംബോധന ചെയ്ത് നഡ്ഡ പറഞ്ഞു. ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബംഗാളിൽ ബിജെപിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് രണ്ടു ദിവസത്തെ കൊൽക്കത്ത സന്ദർശനത്തിന് നഡ്ഡ എത്തിയത്. അതേസമയം, നഡ്ഡയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ബുധനാഴ്ച ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കു കത്തയച്ചിരുന്നു.

അതേസമയം, ബംഗാളിൽ ക്രമസാമാധാനനില തകരാറിലാണെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി സമ്മർദ്ദം കൂട്ടുന്നുണ്ട്.