ഇസ്താംബുൾ: ആൾ ഉഷാറാണ്. ചിരിയോട് ചിരി. ആദ്യത്തെ വീഡിയോയിൽ നമ്മൾ കാണുമ്പോൾ, ദേഹത്താകെ അഴുക്കും പൊടിയും ആയിരുന്നു. ദുകമ്പാവശിഷ്ടങ്ങൾക്കിടയിൽ കഴിച്ചുകൂട്ടിയത് 128 മണിക്കൂറുകളാണ്. ഇപ്പോൾ ഈ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കുളിയൊക്കെ കഴിഞ്ഞ്, നല്ല രുചികരമായ ഭക്ഷണം ഒക്കെ കഴിച്ച് നല്ല ഉത്സാഹത്തിലാണ്. തുർക്കിയിലെ ഹതായെയിൽ നിന്നാണ് കുഞ്ഞിനെ കണ്ടുകിട്ടിയത്.

ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ 20 ലക്ഷത്തോളം പേരാണ് കണ്ടത്. ഹീറോ ഓഫ് ദ ഡേ എന്ന പേരിലാണ് വീഡിയോ. വീഡിയോ കണ്ട പലരും കുഞ്ഞിന് അനുഗ്രഹങ്ങൾ ചൊരിയുകയാണ്. ഒരാൾ കുറിച്ചു: ഇന്ന് ഒരു നല്ല പോസിറ്റീവ് കഥ വേണ്ടിയിരുന്നു, ദൈവത്തിന് നന്ദി. ഈ ദുരന്തത്തിനിടയിലും പ്രതീക്ഷയുടെ കിരണം. ഈ കുട്ടിക്ക് സന്തോഷത്തിന്റെ ഒരു പാത തെളിയട്ടെ, ഇങ്ങനെയൊക്കെയാണ് കമന്റുകൾ.

അതേസമയം, തുർക്കിയിലും, സിറിയയിലുമായി മരണസംഖ്യ 33,000 കവിഞ്ഞു. കഷ്ടപ്പാടിന്റെയും, ദുരിതത്തിന്റെയും വാർത്തകൾക്കിടയിലും അദ്ഭുതകരമായ രക്ഷപ്പെടലുകൾ രക്ഷാപ്രവർത്തകർക്കും ആവേശം നൽകുന്നു. രണ്ടുവയസുകാരിയായ പെൺകുട്ടി, ആറ് മാസം ഗർഭിണിയായ സ്ത്രീ, 70 കാരി എന്നിവരൊക്കെ അഞ്ചുദിവസത്തെ രക്ഷാദൗത്യത്തിനിടെ അദ്ഭുതകരമായി രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു.

തുർക്കിയിലെ ഒരാശുപത്രി കെട്ടിടം ഭൂചലനത്തിൽ കുലുങ്ങുന്നതിനിടെ, തങ്ങൾ പൊന്നുപോലെ നോക്കുന്ന നവജാത ശിശുക്കളെ രക്ഷിക്കാൻ ഓടിയെത്തുന്ന നഴ്‌സുമാരുടെ വീഡിയോ ഫുട്ടേജും വൈറലായിരുന്നു.