ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉണ്ടാകുന്ന ഘട്ടത്തിൽ കേരളത്തിൽ തെരഞ്ഞെടുപ്പ് മാമാങ്കം. ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ നടത്താനാണ് ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പ് വേണ്ടെന്ന് വെക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മനം മാറ്റം ഉണ്ടായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുന്നത്.

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാണ് കേരളത്തിലും ഉപതിരഞ്ഞെടുപ്പുകൾ നടത്തുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് രാജ്യത്തെ ഉപതിരഞ്ഞെടുപ്പുകൾ സംബന്ധിച്ച് തീരുമാനമുണ്ടായത്.

നവംബറിൽ നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. തീയതികൾ പിന്നീട് അറിയിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും വരുംദിവസങ്ങളിൽ ഉണ്ടാകും.

തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നാണ് കുട്ടനാട് സീറ്റിൽ ഒഴിവുവന്നത്. വിജയൻപിള്ളയുടെ മരണത്തോടെ ചവറയിലും ഉപതിരഞ്ഞടുപ്പ് ആവശ്യമായി വന്നു. സ്ഥാനാർത്ഥി നിർണയം അടക്കം ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ച സാഹചര്യത്തിലാണ് കോവിഡ് വ്യാപനം രൂക്ഷമായത്. ഈ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കില്ലെന്ന സൂചനയാണ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്.