തിരുവനന്തപുരം: രാഷ്ട്രപതി ഭവനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ. ബാലരാമപുരം ആമച്ചൽ ലേ പുത്തൻവീട്ടിൽ മനുവിനെയാണ് (29) കാട്ടാക്കട‌ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാളിൽ നിന്നും 30,000 രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയിലാണ് ഇയാൾ കുടുങ്ങിയത്. നിരവധി പേരിൽ നിന്നാണ് ഇയാൾ പണം തട്ടിയത്.

ഡെറാഡൂണിലെ ആർമി മെഡിക്കൽ കോളേജിൽ ലാബ് ടെക്നിഷ്യനായിരിക്കെ രാഷ്ട്രപതി ഭവനിൽ ക്ലാർക്ക്, ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവർ, ഗാർഡനർ തുടങ്ങി തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. എട്ടുപേരിൽ നിന്നായി 13.25 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. ഓരോരുത്തരിൽ നിന്നും 75,000 രൂപ മുതലാണ് ഈടാക്കിയിരുന്നത്. 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ മനുവിനെ പരിചയപ്പെടുത്തിയ ഗിരീഷ് പാസ്റ്റർ എന്നയാളെ പൊലീസ് പിടികൂടിയിരുന്നു.വിവിധ സ്ഥലങ്ങളിൽ ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പരാതിക്കാർ തന്നെ പിടികൂടി പൊലിസിന് കൈമാറുകയായിരുന്നു.

കാട്ടാക്കടയിൽ എട്ടുപേർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ മനു സ്ഥലത്തെത്തിയപ്പോൾ പരാതിക്കാർ തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു. ആളുകളെ വിശ്വസിപ്പിച്ച് തുക കൈക്കലാകുകയും വ്യാജ രേഖകളുണ്ടാക്കി ഡൽഹിയിൽ ഇവരെ എത്തിച്ചാണ് കാൾ ലെറ്റർ ഉൾപ്പെടെ നൽകുന്നത്. ഇന്റർവ്യൂ നടക്കാതെ വന്നതോടെ സംശയം തോന്നിയവർ പ്രസിഡന്റിന് ഉൾപ്പെടെ നൽകിയ പരാതി നൽകിയിരുന്നു. കേസിനെ തുടർന്ന് മനുവിനെ ആർമിയിൽ നിന്നും പുറത്താക്കിയതായും പൊലീസ് അറിയിച്ചു. സംഭവശേഷവും ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ പണം വരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഉറവിടവും കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.