കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ പ്രതി മോൻസൺ മാവുങ്കൽ പലരിൽ നിന്നായി കൈപ്പറ്റിയ പണത്തിന് തെളിവുകൾ തേടി ക്രൈംബ്രാഞ്ച്. അടുപ്പക്കാരുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കുകയാണ് അന്വേഷണസംഘം. പണം നൽകിയവരെല്ലാം നേരിട്ടും ബിനാമികളുടെ അക്കൗണ്ടുവഴിയുമാണ് കൈമാറിയതെന്ന് മൊഴി നൽകിയിരുന്നു. ഈ ബിനാമികൾ ആരൊക്കെയെന്ന് കണ്ടെത്തുകയാണ് നീക്കത്തിന് പിന്നിലുള്ള ലക്ഷ്യം.

10 കോടി കൈമാറിയെന്ന പരാതിക്ക് ആധാരമായ തെളിവുകൾ ഇയാളിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. എവിടെയെല്ലാം പണം നിക്ഷേപിച്ചു, ആർക്കെല്ലാം കൈമാറി എന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നതിനാൽ സുഹൃത്തുക്കളെയും ജീവനക്കാരെയും ചോദ്യം െചയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം.

മോൻസൺ മാവുങ്കലിന് വ്യാജരേഖകൾ ചമക്കാൻ സഹായം നൽകിയവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസയോഗ്യതകൾ മുതൽ ഇയാൾ പറഞ്ഞ കഥകളിലെല്ലാം നിരവധി വ്യാജരേഖകളാണുള്ളത്. കോടികൾ കൈമാറ്റം ചെയ്‌തെത്തിയെന്ന് പറയുന്ന ബാങ്ക് അക്കൗണ്ട് വ്യാജമാണെന്ന് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിട്ടുണ്ട്.

മോൻസണിന്റെ ഒരു ബന്ധുവഴിയാണ് വ്യാജരേഖകൾ നിർമ്മിച്ചതെന്ന് പരാതിയിലുണ്ട്. ഈ വഴിക്കും അന്വേഷിക്കുന്നുണ്ട്. പുരാവസ്തുക്കളുടെ കൈവശാവകാശ രേഖകൾ ഉൾപ്പെടെ വ്യാജമായി സൃഷ്്ടിച്ചെടുത്തതാണ്.

ഫെമ കേസുമായി ബന്ധപ്പെട്ട് മുംബൈ കോടതിയുടെ വിധി വരെ വ്യാജമായി സൃഷ്ടിച്ചെടുത്തിട്ടുണ്ടെന്ന് വ്യക്തമായി. ഇതിൽ ജഡ്ജിയുടെ പേരും ഒപ്പും കോടതി സീലുമെല്ലാം ഉണ്ട്. ഈ േരഖകളുടെ വിശ്വാസത്തിലാണ് മോൻസണിന് കോടികൾ കൈമാറിയതെന്നാണ് പരാതിക്കാരുടെ വാദം. ഇത് എങ്ങനെ സൃഷ്ടിച്ചെടുത്തു, സഹായികൾ ആരൊക്കെ എന്നത് സംബന്ധിച്ച തെളിവുകൾ നിർണായകമാണ്.

കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരുന്നു. ശിൽപങ്ങളുടെ പണം ലഭിക്കാനുണ്ടെന്ന് കാണിച്ച് തിരുവനന്തപുരം മുട്ടത്തറ സ്വദേശി സുരേഷ് നൽകിയ പരാതിയിൽ തിരുവനന്തപുരം യൂനിറ്റ് ക്രൈംബ്രാഞ്ച് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എട്ട് ശിൽപം നിർമ്മിച്ചുനൽകിയ വകയിൽ 70 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നാണ് പരാതി. ശിൽപങ്ങളിൽ ചിലത് മോൻസണിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

പുരാവസ്തു വകുപ്പിന്റെ പരിശോധനകളും തുടരുകയാണ്. പുരാവസ്തുക്കൾ വ്യാജമായി ഉണ്ടാക്കിയതാണോ, കാലപ്പഴക്കം, മൂല്യം എന്നിവ സംബന്ധിച്ചാണ് തെളിവെടുക്കുന്നത്. പലതും വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ചെമ്പോലകൾപോലുള്ള വസ്തുക്കളും കൂടുതൽ പരിശോധനക്ക് വിധേയമാക്കുകയാണ്.

അതേ സമയം പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന് കൂട്ടുനിന്നുവെന്ന ആരോപണം നേരിടുന്ന ചേർത്തല സിഐ പി. ശ്രീകുമാറിനെ സ്ഥലംമാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്.

മോൻസണുമായി ശ്രീകുമാറിന് അടുത്തബന്ധമുണ്ടെന്ന് ആരോപണം ആദ്യം മുതൽ ഉയർന്നിരുന്നു. സാധാരണ സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ശ്രീകുമാറിനെ മാറ്റിയത്. മണ്ണഞ്ചേരി സിഐ ബി. വിനോദ് കുമാറാണ് ചേർത്തലയിലേക്ക് വരുന്നത്. മോൻസൺ -ശ്രീകുമാർ കൂട്ടുകെട്ടിനെതിരെ സിപിഐ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയും രംഗത്തുവന്നിരുന്നു.

്അതേ സമയം മോൻസൺ മാവുങ്കലുമായി കോടികളുടെ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. മാന്യമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. കോൺഗ്രസ് നേതാക്കൾ ഖദറിട്ട് നടന്നാൽ പോരാ. യു.ഡി.എഫിന് വോട്ട് ചെയ്യണം.

പ്രവർത്തകർ ആത്മാർഥതയും സത്യസന്ധതയും പുലർത്തണം. സ്വന്തം മണ്ഡലത്തിലെ സ്ഥാനാർത്ഥി തോറ്റാലും സംസ്ഥാനത്ത് ഭരണം കിട്ടുമെന്ന് പലരും കരുതി. എല്ലാവരും അങ്ങനെ വിചാരിച്ചപ്പോൾ എല്ലായിടത്തും തോറ്റു. താൻ പാർട്ടിസ്ഥാനങ്ങൾ രാജിവെച്ചത് സംഘടനപ്രശ്‌നം കൊണ്ടല്ല. കെപിസിസി പ്രസിഡന്റ്സ്ഥാനം ഒഴിഞ്ഞപ്പോൾ രാജിവെക്കാൻ തീരുമാനിച്ചതാണ്.

മൂന്നുമാസം മുമ്പ് രാജി നൽകിയതാണ്. കെ. സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. മുസ്‌ലിം ലീഗിന്റെ വിമർശനം സദുദ്ദേശ്യപരമാണ്. യു.ഡി.എഫിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നതുകൊണ്ടാണ് വിമർശനം- ചെന്നിത്തല പറഞ്ഞു.