ചെന്നൈ: ചൊവ്വാഴ്ച രാത്രി ചെന്നൈയിലെ പുലിയന്തോപ്പിൽ ഒരു സംഘം 34 കാരനെ വെട്ടിക്കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് എട്ട് പേർ കീഴടങ്ങിയിട്ടുണ്ട്. ബുധനാഴ്ച റെഡ് ഹിൽസ് പൊലീസ് സ്റ്റേഷന് മുമ്പിലാണ് ഭീകരമായ സംഭവം നടന്നത്. വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകം അടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ രമേശ് ബാബുവാണ് കൊല്ലപ്പെട്ടത്. ചെന്നൈ ബാസിൻ ബ്രിഡ്ജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുലിയന്തോപ്പിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് എട്ടംഗ സംഘം രമേശ് ബാബുവിനെ ആക്രമിച്ചത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തി വെട്ടിക്കൊല്ലുകയായിരുന്നു. തെരുവിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ കണ്മുന്നിലായിരുന്നു അക്രമം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കേസിൽ പ്രതികളായ എട്ട് പേരും പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നും 2016-ൽ ശിവരാജ് എന്ന ഗുണ്ടയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് രമേശ് ബാബുവിനെ വെട്ടിക്കൊന്നതെന്നും പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പൊലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികൾക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

വിജയകുമാർ (31), വിഘ്‌നേഷ്കുമാർ (26), ശങ്കർ (40), അബിനേഷ് (24), സൂര്യ (26), രാകേഷ് കുമാർ (25), സത്യ (24), ശരത്കുമാർ (30) എന്നിവരയാണ്  പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികളെ തിരയുന്നതിനിടെ എട്ട് പേരും റെഡ് ഹിൽസ് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. റെഡ് ഹിൽസ് പൊലീസ് പ്രതികളെ ബേസിൻ ബ്രിഡ്ജ് പൊലീസിന് കൈമാറി, കൂടുതൽ അന്വേഷണം തുടരുകയാണ്.