തിരുവനന്തപുരം: കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലേക്ക് രമേശ് ചെന്നിത്തല ഉടൻ മടങ്ങി എത്തുമെന്ന സൂചനകൾക്കിടെ കെസി വേണുഗോപാലിന് പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനവും നഷ്ടമാകുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാന്യമായ രാജി തനിക്ക് നിഷേധിച്ചത് കെസി വേണുഗോപാലാണെന്ന പരാതി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ചെന്നിത്തല അറിയിച്ചിരുന്നു. ചെന്നിത്തലയ്ക്ക് ദേശീയ തലത്തിൽ മികച്ച പദവി സോണിയ നൽകാനും തയ്യാറായി. എന്നാൽ കെസി വേണുഗോപാൽ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ ശേഷം തനിക്ക് പുതിയ പദവി മതിയെന്ന നിർദ്ദേശം ചെന്നിത്തല മുമ്പോട്ടു വച്ചതായാണ് സൂചന.

ഐ ഗ്രൂപ്പിൽ ഒന്നാമൻ ചെന്നിത്തലയാണ്. എന്നാൽ എഐസിസിയുടെ സംഘടനാ ചുമതല കിട്ടിയതോടെ എല്ലാം കൈപ്പടിയിൽ ഒതുക്കാൻ കെ സി ശ്രമം തുടങ്ങി. ഇപ്പോൾ ദേശീയ തലത്തിൽ എന്തു പദവി ചെന്നിത്തലയ്ക്ക് കിട്ടിയാലും അതിൽ ഒപ്പു വയ്‌ക്കേണ്ടത് കെസി വേണുഗോപാലാണ്. കെസി ഒപ്പിട്ടൊരു പദവി തനിക്കു വേണ്ടെന്നതാണ് ചെന്നിത്തലയുടെ നിലപാട്. ഗുലാം നബി ആസാദിനെ പോലുള്ളവർ കെസിയെ സംഘടനാ ചുമതലയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ അതിവിശ്വസ്തനാണ് കെസി. അതിനാൽ കെസിക്ക് മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാത്തവരും കോൺഗ്രസിൽ ഉണ്ട്. എന്നാൽ കാര്യങ്ങൾ കെസിക്ക് അത്ര പന്തിയല്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.

കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി ചുമതലയിൽ നിന്ന് കെ.സി വോണുഗോപാലിനെ മാറ്റുമെന്നാണ് സൂചന. സംഘടനാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണുഗോപാൽ പരാജയപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വേണുഗോപാലിന്റെ ഇടപെടൽ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്നം രൂക്ഷമാക്കിയെന്ന പരാതിയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടി. രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിലേത്ത് വരുന്നത് തടയാൻ നടത്തിയ ശ്രമങ്ങളിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്. ഇതെല്ലാം ചെന്നിത്തലയും ഗൗരവത്തോടെ തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനം വേണുഗോപാൽ നഷ്ടമാക്കുക.

അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പുതിയ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി എത്തിയേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പാർട്ടി തർക്കങ്ങളിൽ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് പരിഹാരം കണ്ടതോടെ ഇത്തരം അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ നിലവിൽ കോൺഗ്രസ് താത്കാലിക അധ്യക്ഷ പദവിയിൽ സോണിയ ഗാന്ധി തന്നെ തുടരാനാണ് കോൺഗ്രസിലെ ഇപ്പോഴത്തെ പദ്ധതിയെന്നാണ് സൂചന. ഇതിനൊപ്പം മാറ്റങ്ങളും വരും. പല നിർണായക അഴിച്ച് പണികൾ കൂടി ഉണ്ടായേക്കും. അതിൽ ചില നേതാക്കൾക്ക് സുപ്രധാന പദവികൾ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഉന്നത പദവികളിൽ ഒന്ന് രമേശ് ചെന്നിത്തലയ്ക്കാണ് കരുതിവെച്ചിരിക്കുന്നതെന്നാണ് സൂചന.

അധ്യക്ഷ തെരഞ്ഞെടുപ്പ്, പുതിയ അധ്യക്ഷൻ എന്നീ അജണ്ടകളായിരുന്ന വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുൻപ് കോൺഗ്രസ് ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തിടുക്കപ്പെട്ട് നിയമനം നടത്തേണ്ടതില്ലെന്നാണ് പാർട്ടിയുടെ പുതിയ തിരുമാനം. രാഹുൽ ഗാന്ധിക്ക് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ കൂടുതൽ സ്വാതന്ത്ര്യം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. ഉത്തർപ്രദേശ് ഉൾപ്പെടെ അടുത്ത വർഷം 7 സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് ഈ തിരഞ്ഞെടുപ്പുകൾ എല്ലാം കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ മുന്നൊരുക്കം വേണമെന്നതാണ് കോൺഗ്രസ് തിരുമാനം. അതിന് രാഹുൽ മുഴുവൻ സംസ്ഥാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുമെങ്കിലും പുതുതായി നാല് വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കാനാണ് കോൺഗ്രസ് തിരുമാനം. പാർലമെന്റ് വർഷകാല സമ്മേളനം കഴിയുമ്പോഴേക്കും നിയമനം നടത്തി പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം.

ഗുലാം നബി ആസാദ്, കമൽനാഥ്, സച്ചിൻ പൈലറ്റ്, രമേശ് ചെന്നിത്തല എന്നി പേരുകളാണ് ഇതിനായി പരിഗണിക്കുന്നതാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞ് നിൽക്കുന്ന സച്ചിന് നേരത്തേ തന്നെ സുപ്രധാന പദവി ഹൈക്കമാന്റ് വാഗ്ദാനം ചെയ്തിരുന്നു. അതേസമയം രമേശ് ചെന്നിത്തലയെ ദേശീയ തലത്തിലേക്ക് ഉയർത്തിയാൽ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ കേന്ദ്രനേതൃത്വം പുനരാലോചന നടത്തിയേക്കുമോയെന്നതും ഉറ്റുനോക്കപ്പെടുന്നുണ്ട്.

നിലവിൽ ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് ഉമ്മൻ ചാണ്ടി. പദവിയിൽ തുടരാനാണ് ഉമ്മൻ ചാണ്ടിക്ക് താത്പര്യം. അങ്ങനെ വന്നാൽ കെസിക്ക് ദേശീയ നേതൃത്വത്തിലെ സ്ഥാനം നഷ്ടമായേക്കും.