കണ്ണൂർ: തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തതോടെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പുകൾ അവരുടെ ശക്തി പ്രകടിപ്പിക്കാൻ അവസരം കാത്തിരിക്കാൻ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിൽ ഗ്രൂപ്പുകളിൽ പ്രബലമായിരിക്കുന്നത് ഉമ്മൻ ചാണ്ടി നേതൃത്വം കൊടുക്കുന്ന എ ഗ്രൂപ്പു തന്നെയാണ്. എന്നാൽ, ഏകീകൃത ഐ ഗ്രൂപ്പു ശക്തമാണെങ്കിൽ തന്നെയും അടുത്തകാലത്തായി ഗ്രൂപ്പിനുള്ളിൽ ചില ഭിന്നതകൾ ഉടലെടുത്തിരുന്നു. കെ സുധാകരൻ ചെന്നിത്തലയും കെ സി വേണുഗോപാലുമായി അത്രനല്ല സുഖത്തിലായിരുന്നില്ല മുന്നോട്ടു പോയത്. എന്നാൽ, ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോൾ കൂടുതൽ സജീവമായി.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൽ ഐ ഗ്രൂപ്പിന്റെ ഐക്യമുറപ്പിക്കാൻ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളുടെ കൂടിക്കാഴ്‌ച്ചയു നടന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപി എന്നിവരാണു കൂടിക്കാഴ്ച നടത്തിയത്. രമേശ് ചെന്നിത്തല മുൻകയ്യെടുത്തു നടത്തിയ കൂടിക്കാഴ്. കേരളത്തിലെ ഐ ഐ ഗ്രൂപ്പിന്റെ നായകൻ ചെന്നിത്തല തന്നെയാണ്. ഇദ്ദേഹത്തിനൊപ്പം കെ.സുധാകരനും വേണുഗോപാലും വി ഡി സതീശനും അടങ്ങുന്നവരുമുണ്ട്. നേതാക്കളുടെ പട്ടിക എടുത്താൽ ഐ ഗ്രൂപ്പിൽ മികച്ച നേതാക്കളാണ് ഉള്ളത്.

കെ മുരളീധരൻ മറുകണ്ടം ചാടി എ ഗ്രൂപ്പിനൊപ്പം പോയതോടെ ഗ്രൂപ്പിനുള്ളിൽ കാര്യമായ ഏകീകരണം നടന്നിരുന്നില്ല. ഇപ്പോൾ തെരഞ്ഞെടുപ്പു അടുക്കുമ്പോൾ യുഡിഎഫ് ഭരണത്തിൽ മുഖ്യമന്ത്രി സാധ്യത ഏറ്റവും കൂടുതൽ ചെന്നിത്തലക്കാണ്. ആ സ്ഥാനത്തേക്ക് ഗ്രൂപ്പിനുള്ളിൽ നിന്നും വിമത ശബ്ദങ്ങൾ ഉണ്ടാകാതിരിക്കുക എന്നതാണ് ചെന്നിത്തല ലക്ഷ്യമിടുന്നത്. അത് ഈ കൂടിക്കാഴ്‌ച്ചയിൽ തന്നെ അദ്ദേഹം ഉറപ്പിച്ചുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തിൽ ഐ ഗ്രൂപ്പിൽ വിള്ളലുണ്ടാകരുതെന്ന സന്ദേശം നേതാക്കൾ പരസ്പരം കൈമാറിയെന്നാണു വിവരം. കെ.സി.വേണുഗോപാലിന്റെ ഇടപെടൽ മൂലമാണു കെപിസിസി പുനഃസംഘടനയിൽ തന്റെ കൂടെയുള്ളവർക്കു പരിഗണന ലഭിക്കാത്തതെന്ന വികാരം കെ.സുധാകരനുണ്ടായിരുന്നു. തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ഇത്തരം കാര്യങ്ങളുടെ പേരിൽ ഭിന്നത പാടില്ലെന്നും ഒറ്റക്കെട്ടായി പോകണമെന്നുമുള്ള നിർദ്ദേശം ചെന്നിത്തല മുന്നോട്ടു വച്ചതായാണു വിവരം.

ഐ ഗ്രൂപ്പ് നേതാക്കളിൽ ചിലരുമായി മാത്രം വിവരം കൈമാറിയാണു രമേശ് ഇന്നലെ പുലർച്ചെ കണ്ണൂർ ഗെസ്റ്റ് ഹൗസിലെത്തിയത്. ഇവിടെനിന്നു സുധാകരനൊപ്പം വേണുഗോപാലിന്റെ വീട്ടിലെത്തുകയായിരുന്നു. ഒരു മണിക്കൂറോളം മൂന്നു പേരും മാത്രമായി ചർച്ച നടത്തി. മാതാവ് അസുഖം ബാധിച്ച് ആശുപത്രിയിലായതിനാൽ ഒരാഴ്ചയായി വേണുഗോപാൽ കണ്ണൂരിലെ വീട്ടിലുണ്ട്. അതുകൊണ്ട് കൂടിയാണ് ഇപ്പോഴത്തെ കൂടിക്കാഴ്‌ച്ച നടന്നത്.

മറുവശത്ത് എ ഗ്രൂപ്പിനെ നയിക്കുന്നത് ഉമ്മൻ ചാണ്ടി നേരിട്ടാണ്. ഗ്രൂപ്പിന്റെ ചുക്കാൻ പിടിച്ച ബെന്നി ബെഹനാൻ അടുത്തകാലത്തായി ഉമ്മൻ ചാണ്ടിയുമായി നല്ല നിലയിൽഅല്ല. യുഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും ബെന്നിയെ നീക്കം ചെയ്തത് അടുത്തിടെയാണ്. ഇതിനെതിരെ കെപിസിസി തന്നെ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെന്നിയുടെ രാജി. ഉമ്മൻ ചാണ്ടിയിൽ നിന്ന് അകന്നതോടെ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വന്നതാണ് ബെന്നി ബെഹ്നാന് തിരിച്ചടിയായത്. പാർലമെന്ററി പാർട്ടി സ്ഥാനമായ പ്രതിപക്ഷനേതൃത്വം ഐ ഗ്രൂപ്പിനും യുഡിഎഫ് നേതൃസ്ഥാനം എ ഗ്രൂപ്പിനും എന്ന ധാരണയാണ് കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉണ്ടായിരുന്നത്. യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ബെന്നി ബെഹ്നാനെ മാറ്റണമെന്നും പകരം കെപിസിസി മുൻ അദ്ധ്യക്ഷൻ എംഎം ഹസനെ യുഡിഎഫ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു.

പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ പ്രകടനം ഇപ്പോൾ മികച്ചു തന്നെയാണുള്ളത്. എങ്കിലും പാർട്ടിയെ വിജയത്തിൽ എത്തിക്കാൻ ഉമ്മൻ ചാണ്ടിയും കളത്തിൽ ഇറങ്ങേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഗ്രൂപ്പു കളിക്കിടയിലും ഒരുമിച്ചു നിന്നു പോരാടാനാണ് നേതാക്കൾക്കിടയിലെ ധാരണ.