തിരുവനന്തപുരം: നാദിർഷായുടെ സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന സിനിമക്ക് ഈശോ എന്നു പേരിട്ടത് വിവാദത്തിലായത് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ്. ക്രൈസ്തവ സംഘടനകൾ ഈ സിനിമക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ മറ്റൊരു സിനിമയുടെ വിവാദത്തിന്റെ വഴിയേയാണോ എന്ന ആശങ്ക ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇതിന് കാരണം നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ചേര എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതാണ്.

മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശിൽപമായ പിയത്തയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. യേശുവിന്റെ പീഡനാനുഭവത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് പോസ്റ്റർ. ഇതിനെതിരെ സൈബർ ഇടത്തിൽ ചിലർ ഉറഞ്ഞു തുള്ളി രംഗത്തുവന്നിട്ടുണ്ട്. ഈശോ എന്ന പേരിട്ടതിന് സമാനമായ വിധത്തിലാണ് ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ സൈബറിടത്തിൽ ഉണ്ടായ കമന്റുകളും.

അതേസമയം മൈക്കലഞ്ജലോയുടെ വിഖ്യാദ സൃഷ്ടിയെയാണ് ഈ സിനിമാ പോസ്റ്റർ ഓർമ്മിപ്പിക്കുന്നതും. കുരിശിൽ നിന്നിറക്കിയ യേശുവിനെ വാൽസല്യപൂർവം മടിത്തട്ടിലേന്തി നിൽക്കുന്ന മാതാവ് മറിയത്തിന്റെ ഭാവമാണ് മൈക്കലഞ്ജലോ ആവിഷ്‌കരിച്ചത്. ഒറ്റ മാർബിൾ ശിലയിൽ രണ്ട് വർഷം കൊണ്ടാണ് വിഖ്യാതനായ മൈക്കലാഞ്ജലോ പിയത്ത തീർത്തത്. 1499 ൽ സൃഷ്ടിച്ച ശിൽപ്പം സെന്റ് പീറ്റേഴ്സ് ബസലിക്കയിലാണ് ഉള്ളത്.

ഇതിനെ മാതൃകയാക്കിയാണ് ചേരയുടെ പോസ്റ്ററും. ലിജിൻ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ അരുൺ എം.സിയാണ് ചിത്രം നിർമ്മിക്കുന്നത്. നജീം കോയയുടേതാണ് തിരക്കഥ. അൻവർ അലിയുടെ വരികൾക്ക് ഷഹബാസ് അമൻ സംഗീതം പകരുന്നു. അജോയ് ജോസ് ആണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്.

അലക്സ് ജെ പുളിക്കൽ ക്യാമറയും ഫ്രാൻസീസ് ലൂയിസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. സിനിമയിൽ നിമിഷ സജയനും റോഷൻ മാത്യുവും ആണ് കേന്ദ്രകഥാപാത്രങ്ങൾ. ലൈൻ ഓഫ് കളേഴ്സാണ് നിർമ്മാണം. നജീം കോയയുടേതാണ് തിരക്കഥ.