ന്യൂഡൽഹി: രാജ്യത്തിന് തന്നെ അഭിമാനമായ ചെസ്സ് താരങ്ങളോടുള്ള കസ്റ്റംസ് നടപടി വിവാദത്തിൽ.ചെസ്സ് ഒളിമ്പ്യാഡ് ജേതാക്കളുടെ സ്വർണ മെഡലുകൾക്ക് കസ്റ്റംസ് തീരുവ ആവശ്യപ്പെട്ടതാണ് വിവാദത്തിൽ ആയിരിക്കുന്നത്.

ഡി.എച്ച്.എൽ ഇന്ത്യ കൊറിയർ വഴി ചെന്നൈയിൽ എത്തിച്ച മെഡലിന് 6,300 രൂപയാണ് കസ്റ്റംസ് തീരുവയായി ഈടാക്കിയത്.ടൂർണമെന്റ് ജയിച്ച ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രീനാഥ് നാരായണന്റെ ഒരു ട്വീറ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്.2017 ജൂൺ 30-ലെ കേന്ദ്രസർക്കാരിന്റെ വിജ്ഞാപന പ്രകാരം, അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പങ്കെടുത്തതിന് ഇന്ത്യൻ ടീം അംഗങ്ങൾ നേടുന്ന മെഡലുകളും ട്രോഫികളും കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരത്തിലൊരു വിജ്ഞാപനം നിലനിൽക്കുമ്പോഴാണ് കസ്റ്റംസിന്റെ ഈ നടപടി.

നവംബർ 20-നുള്ളിൽ ചെസ്സ് ഒളിമ്പ്യാഡ് ജേതാക്കളുടെ സ്വർണ മെഡലുകൾ ഇന്ത്യയിലെത്തിയിരുന്നു. പക്ഷെ അത് താരങ്ങളുടെ കൈകളിലേക്കെത്താൻ ആഴ്‌ച്ചകൾ എടുത്തു. ഇത് സംബന്ധിച്ചാണ് ശ്രീനാഥിന്റെ ട്വീറ്റ്.'ഒടുവിൽ മെഡലുകൾ ഇതാ ഇവിടെ. ഫിഡെയ്ക്ക് നന്ദി. ടീമിലെ മറ്റുള്ളവർക്കും മെഡലുകൾ എത്തിക്കൊണ്ടിരിക്കുന്നു. ഇവ ലഭിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇവ റഷ്യയിൽ നിന്ന് ഇന്ത്യയിലെത്തി, പക്ഷേ ബാംഗ്ലൂരിലേക്കെത്താൻ ഒരാഴ്ചയിലേറെയെടുത്തു. മാത്രമല്ല കസ്റ്റംസ് തീരുവ അടയ്ക്കേണ്ടിയും വന്നു', മെഡലിനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു ശ്രീനാഥിന്റെ ഈ ട്വീറ്റ്.

ടീമിനായി നേടിയ തന്റെ മെഡലുകൾ കസ്റ്റംസിൽ നിന്ന് വിട്ടുകിട്ടാൻ വിവിധ രേഖകളും തനിക്ക് കസ്റ്റംസ് അധികൃതർക്കു മുന്നിൽ ഹാജരാക്കേണ്ടി വന്നുവെന്നും ശ്രീനാഥ് പറഞ്ഞു. മെഡൽ വന്ന പാക്കേജ് തുറന്ന കസ്റ്റംസ് അതികൃതർ അതിനുള്ളിൽ എന്താണെന്ന് ചോദിച്ചുവെന്നും ഈ മെഡൽ ഉണ്ടാക്കാൻ ഉപയോഗിച്ച രാസപദാർഥങ്ങൾ ഏതൊക്കെയെന്ന് കാണിക്കാൻ വേണ്ടിവരെ തനിക്ക് ഒരു ഔദ്യോഗിക രേഖ ഹാജരാക്കേണ്ടി വന്നുവെന്നും ശ്രീനാഥ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് 12 പേരടങ്ങിയ ഇന്ത്യൻ ടീം ചെസ് ഒളിമ്പ്യാഡ് ജേതാക്കളാകുന്നത്.ഇന്റർനെറ്റ് തകരാർ മൂലം താറുമാറായ ഫൈനലിനൊടുവിൽ ഇന്ത്യയെയും റഷ്യയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. മലയാളി താരം നിഹാൽ സരിൻ അടക്കം പങ്കെടുത്ത ടൂർണമെന്റായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഈ വിജയത്തിൽ താരങ്ങളെ അഭിനന്ദിച്ചിരുന്നു.