കോഴിക്കോട്: തെരുവുനായകളുടെ കടിയേറ്റ് മരണാസന്നനായ നായക്കുട്ടിക്ക് പുതുജീവൻ നൽകി കരുണയുടെ പാഠം പകർന്ന് നാലുകുട്ടികൾ. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിലാ ണ് ഒരേസമയം മാതൃകാപരവും അഭിമാനകരവുമായ സംഭവം.ഇവർക്കു സഹായമായതാകട്ടെ, മുഖ്യമന്ത്രിയുടെ ഓഫിസിലേക്കുള്ള ഒരു ഫോൺകോളും.

സംഭവം ഇങ്ങനെ; സുഹൃത്തുക്കളായ അനന്ദുദേവ്, ദീജു ദിനേശ്, അക്ഷയ്, ആദർശ് എന്നിവർ സംസാരിച്ചു നിൽക്കവെയാണ് രണ്ടുമാസത്തോളം പ്രായമുള്ള നായക്കുട്ടിയെ തെരുവുനായകൾ കടിച്ചു കുടയുന്നത് കണ്ടത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ ഇവർ ഓടിച്ചെന്ന് നായക്കുട്ടിയെ തെരുവുനായകളിൽനിന്നും രക്ഷിക്കുകയായിരുന്നു.ശരീരമാസകലം ആഴത്തിൽ മുറിവേറ്റ് മരണാസന്നയായിരുന്നു നായക്കുട്ടി. നായക്കുട്ടിയെ രക്ഷിച്ചെങ്കിലും ജീവൻ നിലനിർത്താൻ എന്തുചെയ്യണം എന്നറിയാതെ നാലുപേരും കുഴങ്ങി.

അപ്പോഴാണ് കൂട്ടത്തിൽ ഒരാളായ അനന്ദു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഫോൺ നമ്പർ തപ്പി യെടുത്തു വിളിച്ചു കാര്യം പറഞ്ഞത്.പരാതി ശ്രദ്ധയോടെ കേട്ട മുഖ്യമന്ത്രിയുടെ ഓഫി സിലെ ഉദ്യോഗസ്ഥൻ വിവരങ്ങളെല്ലാം കുറിച്ചെടുത്തു. ഉടനെ പരിഹാരമുണ്ടാകുമെന്നും കാത്തിരിക്കാ നും കുട്ടികളോടു പറഞ്ഞു.അപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു വിവരം ജില്ലാ മൃഗ സംരക്ഷണ ഓഫിസിലേക്ക് എത്തി.അവിടെനിന്നു പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചു വിവരം നൽകി. പഞ്ചായത്ത് സെക്രട്ടറി പ്രസിഡന്റ് സി.അജിതയെ വിളിച്ചു കാര്യം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഉടനെ സംഭവം നടന്ന വാർഡ് നാലിലെ മെമ്പറും വൈസ് പ്രസിഡ ന്റുമായ എൻ.എം.ബാലരാമൻ മാസ്റ്ററെ വിവരം അറിയിച്ചു. ബാലരാമൻ മാസ്റ്റർ പ്രദേശത്തെ പൊതു പ്രവർത്തകരെയും കൂട്ടി സ്ഥലത്തെത്തുമ്പോൾ നായക്കുട്ടി മരണാസന്നനായിരുന്നു.

എങ്കിലും പ്രതീക്ഷ കൈവിടാതെ ഉടനെ കാറിൽ കൊയിലാണ്ടിയിലെ താലൂക്ക് മൃഗാശു പത്രി യിൽ എത്തിച്ചു. അവിടത്തെ എമർജൻസി വെറ്ററിനറി സർജൻ ഡോ.സജാസ് ഉടനെ മുറിവുകളി ൽ തുന്നലിടുകയും അടിയന്തര ശുശ്രൂഷകൾ നൽകുകയും ചെയ്തതോടെ നായക്കുട്ടിക്കു പുതുജീ വൻ കിട്ടി. നായക്കുട്ടിയെ കുട്ടികൾ തന്നെയാണു പരിചരിക്കുന്നത്.

പാലോറ ഹയർ സെക്കൻഡറി സ്‌കൂളിലും നാറാത്ത് എയുപി സ്‌കൂളിലുമായാണ് ഈ നാലു സുഹൃത്തുക്കളും പഠിക്കുന്നത്.