മുംബൈ: കേസിൽ പ്രതിയായ മകനെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസിനെ അമ്മ നേരിട്ടത് അടുക്കളയിലെ മുളകു പൊടി കൊണ്ട്. പൊലീസിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ അമ്മയെയും ഓടി രക്ഷപ്പെട്ട മകനെയും പിന്നീട് അറസ്റ്റ് ചെയ്തു.

മുംബൈ മൽവാനിയിലാണ് സംഭവം. മകനെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ അമ്മ അടുക്കളയിൽനിന്നു മുളകുപൊടി കൊണ്ടുവന്ന് ഉദ്യോഗസ്ഥരുടെ മുഖത്തേക്ക് എറിയുകയായിരുന്നു. മകനോട് ഓടിരക്ഷപ്പെടാനും ആവശ്യപ്പെട്ടു. കണ്ണിൽ മുളകുപൊടി വീണ ഉദ്യോഗസ്ഥർ തപ്പിത്തടയുന്നതിനിടെ മകൻ സ്ഥലം വിട്ടു.

ഓടി രക്ഷപ്പെട്ട മകനെ പിന്നീട് മലാഡിൽനിന്നു പൊലീസ് പിടികൂടി. പൊലീസിനെ ആക്രമിച്ചതിന് അമ്മയും പിടിയിലായി. ഇരുവർക്കുമെതിരെ ഐപിസി 353, 332, 504, 506, 509 വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.