കാബൂൾ: ഇസ്ലാമിക തീവ്രവാദികൾ അഫ്ഗാൻ പ്രസിഡണ്ടിന്റെ കൊട്ടാരം പിടിച്ചെടുത്ത് അധികാരം ഉറപ്പിച്ചതോടെ ഭീകര ഭരണകൂടത്തിന് പരോക്ഷ പിന്തുണയുമായി എത്തുകയാണ് റഷ്യയും, ചൈനയും, തുർക്കിയും. അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ ശക്തികൾ ആരും തന്നെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാൻ തയ്യാറാകാത്തപ്പോഴാണ് തങ്ങളുടെ എംബസികൾ ഒഴിപ്പിക്കാതെ ഈ മൂന്ന് രാജ്യങ്ങൾ താലിബാൻ ഭരണത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത്. അഫ്ഗാനിസ്ഥാനെ വീണ്ടും തീവ്രവാദം മുളച്ചുപൊന്തുന്നതിനുള്ള മണ്ണാക്കി മാറ്റരുതെന്ന ശക്തമായ നിലപാടുമായാണ് ബോറിസ് ജോൺസൺ ഉൾപ്പടെയുള്ള യൂറോപ്യൻ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ, ബെയ്ജിംഗും ഇസ്ലാമാബാദും ഈ പൊതുവികാരത്തിനെതിരെ നീങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഇസ്ലാമിക ഭരണകൂടത്തെ അംഗീകരിക്കേണ്ടുന്ന ഒരു സാഹചര്യമെത്തിയാൽ അതിനെ കുറിച്ച് അണികളിൽ പ്രചാരണം നടത്താൻ ഒരുങ്ങുകയാണ് പാർട്ടി നേതൃത്വം. കഴിഞ്ഞ മാസം ചൈന സന്ദർശിച്ച താലിബാൻ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി ഇത്തരമൊരു പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

റഷ്യൻ പിന്മാറ്റത്തിനു ശേഷം രൂപീകൃതമായ സുന്നി ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പു നൽകുന്നതിനാൽ തത്ക്കാലം എംബസി ഒഴിപ്പിക്കാൻ പദ്ധതിയില്ലെന്ന് ക്രെംലിനും വ്യക്തമാക്കി. ഈ സംഘടനയ്ക്ക് റഷ്യയുമായി നല്ല ബന്ധമാണുള്ളതെന്നും റഷ്യൻ വക്താവ് കൂട്ടിച്ചേർത്തു. അതേസമയം സുന്നി ഇസ്ലാമിക പ്രസ്ഥാനത്തെ എന്നും ആശങ്കയോടെ മാത്രം കണ്ടിട്ടുള്ള ഇറാൻ തങ്ങളുടെ എംബസി ജീവനക്കാരുടെ സ്വുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ട്.

അതേസമയം അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടാണ് ബ്രിട്ടന്. അവരെ അംഗീകരിക്കരുതെന്ന് മറ്റ് പാശ്ചാത്യ രാജ്യങ്ങളോട് ബ്രിട്ടൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അഫ്ഗാൻ മണ്ണിൽ തീവ്രവാദത്തിന്റെ വിത്ത് ഒരിക്കൽ കൂടി മുളയ്ക്കാൻ അനുവദിക്കില്ലെന്ന് ബോറിസ് ജോൺസൺ ഉറപ്പിച്ചു പറയുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിൽ വീണ്ടും ബ്രിട്ടീഷ് സൈന്യത്തെ വിന്യസിക്കണമെന്ന് ചില ഭരണകക്ഷി എം പി മാരും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം പറഞ്ഞ വാക്കുകൾ വിഴുങ്ങേണ്ടി വന്ന സാഹചര്യമാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുള്ളത്. അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്നു പിൻവാങ്ങിയാലും നേരത്തേ വിയറ്റ്നാമിൽ ഉണ്ടായതുപോലെ കാബൂൾ തീവ്രവാദികളുടെ നിയന്ത്രണത്തിൽ വരികയില്ലെന്നുംഅമേരിക്കൻ എംബസി ഒഴിപ്പിക്കേണ്ടി വരില്ലെന്നും കഴിഞ്ഞമാസം ബൈഡൻ പ്രസ്താവിച്ചിരുന്നു. എന്നാൽ, ഇന്ന് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് എംബസിയിൽ നിന്നും ജീവനക്കാരെ സുരക്ഷിതമായി നീക്കിക്കൊണ്ടിരിക്കുന്നത്.

മൂന്ന് ലക്ഷത്തോളം വരുന്ന അഫ്ഗാൻ സൈന്യത്തിന്റെ ശക്തിയിൽ അമിത വിശ്വാസം അർപ്പിച്ചതാണ് അമേരിക്കയ്ക്ക് വന്ന തെറ്റെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ലക്ഷക്കണക്കിന് ഡോളർ നൽകി പാശ്ചാത്യ ശക്തികൾ വളർത്തിയെടുത്ത അഫ്ഗാൻ സൈന്യം പക്ഷെ മിക്കയിടങ്ങളിലും ഒരു ഏറ്റുമുട്ടലിനു പോലും മുതിരാതെ തീവ്രവാദികൾക്ക് മുന്നിൽ ആയുധം വെച്ചു കീഴടങ്ങുകയായിരുന്നു. ഇത്തരമൊരു അവസ്ഥ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ മുൻകൂട്ടി അറിയിച്ചിട്ടും അത് അമേരിക്കൻ സർക്കാർ വേണ്ടത്ര പ്രാധാന്യത്തോടെ പരിഗണിച്ചില്ലെന്ന ആരോപണവും ഉയരുന്നു.

അതേസമയം ബലപ്രയോഗത്തിലൂടെ അധികാരത്തിലെത്തുന്ന സർക്കാരുകളെ അംഗീകരിക്കില്ലെന്ന നയം വ്യക്തമാക്കിയ ഇന്ത്യ പക്ഷെ ഇപ്പോഴും താലിബാൻ സർക്കാരുമായുള്ള ഭാവി ബന്ധങ്ങളെ കുറിച്ച് നിശബ്ദത പാലിക്കുകയാണ്. നേരത്തേ അഫ്ഗാനിസ്ഥാനിലെ പല പദ്ധതികൾക്കും ഇന്ത്യ സാമ്പത്തികമായും സാങ്കേതികമായും സഹായം ഒരുക്കിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നു എന്ന് താലിബാൻ വക്താക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യ കൃത്യമായ ഒരു നിലപാട് ഇതുവരെ എടുത്തിട്ടില്ല. എന്നാൽ, അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാൻ നേരത്തേ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.